ന്യൂഡൽഹി∙ വെള്ളക്കാർക്കു മാത്രം പ്രവേശനം അനുവദിച്ചിരുന്ന ഒന്നാം ക്ലാസ് തീവണ്ടിമുറിയിൽ നിന്ന് മഹാത്മാഗാന്ധിയെ ചവിട്ടിപ്പുറത്താക്കിയതിന്റെ 125–ാം വാർഷിക ദിനത്തിൽ പീറ്റർമാരിസ്‌ബർഗിലെ റെയിൽവേ സ്‌റ്റേഷൻ ഖാദി അണിയും. 1893 ജൂൺ ഏഴിനാണ് ട്രെയിനിൽ നിന്നു ഗാന്ധിജിയെ പുറത്താക്കിയത്. ലോകചരിത്രം മാറ്റിയെഴുതിയ വർണവിവേചന വിരുദ്ധ സമരത്തിന്റെ വിത്തു മുളച്ചതും അന്നായിരുന്നു.
ജൂൺ ഏഴിന് പീറ്റർമാരിസ്ബർഗ് റെയിൽവേ സ്റ്റേഷനും ഇതു വഴിയുള്ള ട്രെയിനുകളുടെ ഏതാനും കംപാർട്ടുമെന്റുകളും ഖാദി തുണിത്തരങ്ങൾകൊണ്ട് അലങ്കരിക്കും. ഇതിനായി 400 മീറ്റർ ഖാദിത്തുണിക്ക് ഇന്ത്യൻ ഹൈക്കമ്മിഷൻ ഓർഡൽ നൽകി. ഇതോടനുബന്ധിച്ചുള്ള ചടങ്ങിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സംബന്ധിക്കും.