സുശീല ജയപാൽ മൾറ്റ്നോമ ഭരണസമിതിയിൽ

പ്രമീള ജയപാൽ, സുശീല ജയപാൽ

വാഷിങ്ടൻ∙ യുഎസ് കോൺഗ്രസ് അംഗവും മലയാളിയുമായ പ്രമീള ജയപാലിന്റെ സഹോദരി സുശീല ജയപാൽ ഓറിഗനിലെ മൾറ്റ്നോമ കൗണ്ടി ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ തെക്കേഷ്യൻ വംശജയാണു സുശീല. ഷാരൺ മാക്സ്‌വെ, ബ്രൂസ് ബ്രോസാഡ്, മരിയ ഗാർസ്യ എന്നിവരെ പരാജയപ്പെടുത്തിയാണു സുശീല (55) മൾറ്റ്നോമ കൗണ്ടി കമ്മിഷണർ ലൊറേറ്റ സ്മിത്തിന്റെ പിൻഗാമിയാകുന്നത്. ലഭിച്ചത് 57% വോട്ട്.

എതിരാളിയായി മൽസരരംഗത്തുണ്ടായിരുന്ന ചാൾസ് മക്ഗി ലൈംഗികാരോപണങ്ങളെ തുടർന്നു പിൻമാറിയതോടെ സുശീലയുടെ വിജയം ഉറപ്പായതായിരുന്നു. പാലക്കാട് ഈശ്വരമംഗലം മുടവൻകാട് പുത്തൻവീട്ടിൽ എം.പി.ജയപാലിന്റെയും എഴുത്തുകാരി മായ ജയപാലിന്റെയും മക്കളാണു പ്രമീളയും സുശീലയും. സുശീല പതിനാറാം വയസ്സിലാണു യുഎസിലെത്തിയത്.

1983ൽ സ്വാർത്‌മോർ കോളജിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു. തുടർന്നു ഷിക്കാഗോ സർവകലാശാലയിൽ നിന്നു നിയമബിരുദം. ആഡിഡാസ് അമേരിക്ക ഉൾപ്പെടെ കമ്പനികളുടെ അഭിഭാഷകയായിരുന്നു. ‘സാംസ്കാരിക വൈവിധ്യവും പ്രധാനപ്പെട്ടതാണെന്നു’ സഹോദരിയുടെ ചരിത്രനേട്ടത്തിനു പിന്നാലെ പ്രമീള ട്വീറ്റ് ചെയ്തു. ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടം കൈവരിച്ച പ്രമീള സിയറ്റിലിനെയാണു പ്രതിനിധീകരിക്കുന്നത്.