വാഷിങ്ടൻ∙ സൂര്യനെ തൊട്ടുപഠിക്കാൻ നാസയുടെ പുതിയ ദൗത്യം; ഒപ്പം പോകാൻ പതിനൊന്നുലക്ഷം ‘പേർ’. പാർക്കർ സോളർ പ്രോബ് എന്ന പുതിയ ദൗത്യമാണു ബഹിരാകാശ പഠനങ്ങൾ ഇഷ്ടമുള്ള 11 ലക്ഷം ആളുകളുടെ പേരുകളെഴുതിയ മെമറി കാർഡുമായി ജൂലൈ 31നു കുതിച്ചുയരുക. ഇതിനായി നാസ പൊതുജനങ്ങളിൽനിന്നു പേരുകൾ ക്ഷണിച്ചിരുന്നു.
സൗരക്കാറ്റുകളുടെ സാന്നിധ്യത്തെപ്പറ്റി ആദ്യമായി സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ച ഷിക്കാഗോ സർവകലാശാല പ്രഫസർ യുജീൻ പാർക്കറുടെ പേരിലുള്ളതാണ് ഈ ദൗത്യം. നാസ പദ്ധതിക്കു ജീവിച്ചിരിക്കുന്ന വ്യക്തിയുടെ പേരിടുന്നതും ഇതാദ്യം.
ഏഴുവർഷം സൂര്യന്റെ അന്തരീക്ഷത്തിൽ കറങ്ങിനടക്കാനാണു പാർക്കർ ദൗത്യം പദ്ധതിയിടുന്നത്.