ബമാകോ (മാലി)∙ അഞ്ച് ആഫ്രിക്കൻ രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച ഭീകരവിരുദ്ധ സേനാ ആസ്ഥാനത്തുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ഇവരിൽ രണ്ടു സൈനികരും ഒരു നാട്ടുകാരനും രണ്ടു ഭീകരരും ഉൾപ്പെടുന്നു.
വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞയുടനെയായിരുന്നു ആക്രമണം. ഉത്തരവാദിത്തം അൽഖായിദ ഏറ്റെടുത്തു.
യുഎൻ നിറങ്ങളിൽ പെയിന്റ് ചെയ്ത വാഹനത്തിലെത്തിയ ചാവേർ, സിവാറിലെ ജി5 താവളത്തിന്റെ കവാടത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. വൻ സ്ഫോടനവും തുടർന്ന് ഒരു മണിക്കൂറിലധികം വെടിവയ്പും നടന്നതായി പ്രദേശത്തെ വ്യാപാരി പറഞ്ഞു. കവാടത്തിലുള്ള കെട്ടിടങ്ങൾ തകർന്നു.