ലഹരിവിൽപനക്കാരെ റോഡിലൂടെ നടത്തിച്ച മേയറെ വെടിവച്ചു കൊന്നു

ആന്റോണിയോ ഹലീലി

മനില∙ ലഹരിമാഫിയയ്ക്കെതിരായ നടപടികളിലൂടെ ശ്രദ്ധേയനായ ഫിലിപ്പീൻസിലെ ടനൗൻ സിറ്റി മേയർ അന്റോണിയോ ഹലീലി വെടിയേറ്റു മരിച്ചു. പ്രതിവാര പതാക ഉയർത്തൽ ചടങ്ങിനിടെയാണു സംഭവം.

രണ്ടുവർഷം മുൻപ് നഗരത്തിലെ ലഹരിമരുന്ന് വിൽപനക്കാരെ പിടികൂടി നഗരവീഥിയിലൂടെ നടത്തിച്ച ഹലീലിയുടെ നടപടി വിവാദമായിരുന്നു. ലഹരിമാഫിയയുമായി ഹലീലിക്കും ബന്ധമുണ്ടെന്ന് ആരോപണമുയർന്നെങ്കിലും അദ്ദേഹം നിഷേധിച്ചിരുന്നു.

ഹലീലിയും മറ്റ് ഉദ്യോഗസ്ഥരും ദേശീയഗാനം ആലപിക്കുന്നതിനിടെ വെടിയൊച്ച കേൾക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, അക്രമിയെ കണ്ടെത്താനായിട്ടില്ല. ഹലീലിയുടെ പോക്കറ്റിലെ മൊബൈൽ ഫോൺ തുളച്ചാണു വെടിയുണ്ട തുളച്ചുകയറിയത്.