മരാവി സിറ്റി (ഫിലിപ്പീൻസ്)∙ സംഘടനയിലേക്കു കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ പണം കണ്ടെത്താനായി ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ വൻ കവർച്ച നടത്തിയതായി റിപ്പോർട്ട്. പണവും സ്വർണവുമുൾപ്പെടെ 250 കോടിയോളം രൂപയുടെ വസ്തുക്കളാണു ദക്ഷിണ ഫിലിപ്പീൻസിൽ പല ദിവസങ്ങളിലായി ഭീകരർ മോഷ്ടിച്ചത്. പുതിയ ആക്രമണങ്ങൾ നടത്താൻ 250 ഭീകരരെ റിക്രൂട്ട് ചെയ്തതായും സൂചനയുണ്ട്.
ഐഎസിന്റെ പ്രധാനികളിൽ ഒരാളായ ഹുമം അബ്ദുൽ നജീബെന്ന അബു ദറിൽനിന്നാണു ഫിലിപ്പീൻസ് സേനയ്ക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്. മരാവിയിൽനിന്നു രക്ഷപ്പെട്ട ഇയാളെ കഴിഞ്ഞ ഒക്ടോബറിൽ ഫിലിപ്പീൻസ് സേന കസ്റ്റഡിയിലെടുത്തിരുന്നു. ബാങ്കുകൾ, വ്യവസായ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ കവർച്ച നടത്തിയതും ജനങ്ങളെ ബന്ദികളാക്കി വാങ്ങിയതുമാണു പണമെന്ന് ഇയാൾ വെളിപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. മോഷ്ടിക്കപ്പെട്ടതിൽ കുറച്ചുഭാഗം അബു ദറിൽനിന്നു പിടിച്ചെടുത്തു. ബാങ്ക് ലോക്കറുകൾ തുറക്കാൻ ചിലപ്പോൾ ബോംബുകൾ ഉപയോഗിക്കാറുണ്ടെന്നും അബു ദർ പറഞ്ഞു.
ഐഎസിന്റെ യുദ്ധമുന്നണിയിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യാനാണു പണം ഉപയോഗിച്ചിരുന്നതെന്ന് അബു ദർ വ്യക്തമാക്കി. ഫിലിപ്പീൻസ് സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നൂറോളം പേര്‍ക്കു പകരം ആളെ കണ്ടെത്താൻ ഇയാൾക്കു കഴിഞ്ഞിരുന്നു.
തെക്കുകിഴക്കൻ ഏഷ്യയിൽ ഖിലാഫത്ത് സ്ഥാപിക്കാനുള്ള പദ്ധതിയിൽനിന്ന് ഐഎസ് പിന്മാറിയിട്ടില്ലെന്നു മരാവി ടാസ്ക് ഫോഴ്സ് കേണൽ റോമിയോ ബ്രോണർ മുന്നറിയിപ്പു നൽകി. ആയുധവും പോരാളികളെയും സ്വന്തമാക്കാൻ അവരിപ്പോഴും ശ്രമിക്കുകയാണ്. മറ്റൊരു ഭീകരാക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.