ഫിലിപ്പീൻസിൽ ഒരു മേയർ കൂടി വെടിയേറ്റു മരിച്ചു

മനില∙ ഫിലിപ്പീൻസിൽ അക്രമികളുടെ വെടിയേറ്റ് ഒരു മേയർ‌ കൂടി കൊല്ലപ്പെട്ടു. നോർത്തേൺ ജനറൽ ടിനിയോ ടൗൺ മേയർ ഫെർഡിനാന്റ് ബോട്ടെ (57) ന്യൂവ എസിജ് പ്രവിശ്യയിലെ സർക്കാർ ഓഫിസിലെത്തി മടങ്ങുമ്പോൾ, മോട്ടോർ ബൈക്കിലെത്തിയ അക്രമി വാഹനം തടഞ്ഞുനിർത്തി വെടിവച്ചു കൊല്ലുകയായിരുന്നു. അക്രമി രക്ഷപ്പെട്ടു.

കഴിഞ്ഞ തിങ്കളാഴ്ച ടനൗൻ നഗരത്തിൽ പതാക ഉയർത്തൽ ചടങ്ങിനിടെ മേയർ അന്റോണിയോ ഹലീലിയെ സമീപത്തുള്ള കുന്നിൻമുകളിൽ മറഞ്ഞിരുന്ന അക്രമി വെടിവച്ചു കൊന്നിരുന്നു. പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടെർട് രണ്ടു വർഷം മുൻപ് അധികാരമേറ്റശേഷം ലഹരി മാഫിയയ്ക്കെതിരെ കടുത്ത നടപടി എടുത്തതിനെ തുടർന്ന് കൊല്ലപ്പെടുന്ന പന്ത്രണ്ടാമത്തെ പ്രാദേശിക ഭരണാധികാരിയാണ് ബോട്ടെ. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി പൊലീസ് 4500 പേരെ വധിച്ചു. രണ്ടായിരത്തി അഞ്ഞൂറിലേറെ പേർ ‌അജ്ഞാതരുടെ തോക്കിന് ഇരയായി.