വാഷിങ്ടൻ∙ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ നിർമാണ കേന്ദ്രത്തിന്റെ പ്രവർത്തനം ഉത്തര കൊറിയ പുനരാരംഭിച്ചതായി യുഎസ്. ചാര ഉപ്രഗഹങ്ങളിൽനിന്നുള്ള ചിത്രങ്ങൾ ഇതു സംബന്ധിച്ചു വ്യക്തമായ സൂചന നൽകുന്നതായി യുഎസ് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സിംഗപ്പൂരിൽ നടന്ന കിം– ട്രംപ് ഉച്ചകോടിയിലെ ധാരണപ്രകാരം ഉത്തര കൊറിയ ആണവ നിരായുധീകരണ നടപടികൾ തുടങ്ങിയിരുന്നു.
എന്നാൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ തുടർചർച്ചകളിൽ സൗഹൃദം ഉലഞ്ഞെന്ന സൂചനയും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് ഉൾപ്പെടെ ആക്രമണ പരിധിയിൽ വരുന്ന ബാലിസ്റ്റിക് മിസൈൽ നിർമാണ നടപടികൾ ഉത്തര കൊറിയ പുനരാരംഭിച്ചെന്ന വിവരം യുഎസ് പുറത്തുവിട്ടത്. മുൻപ് മിസൈൽ നിർമിച്ചിരുന്ന സനംഡോങ്ങിലെ നിർമാണ കേന്ദ്രത്തിലേക്കു ട്രക്കുകൾ വരുന്നതും പുറത്തു പോകുന്നതുമാണ് ഉപഗ്രഹ ചിത്രങ്ങളിലുള്ളത്.
മിസൈൽ കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്നതിനു സമാനമായ വാഹനങ്ങളാണിത്. എന്നാൽ വാഹനത്തിനുള്ളിൽ എന്തെന്നു സ്ഥിരീകരിക്കാനായിട്ടില്ല. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ഭൂഖണ്ഡാന്തര മിസൈലുകളുടെ നിർമാണം ഉത്തര കൊറിയ തുടങ്ങിയതായി കഴിഞ്ഞദിവസം വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തര കൊറിയൻ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസും ദക്ഷിണ കൊറിയയും വ്യക്തമാക്കി.