മംഗൂട്ട് ആഞ്ഞടിച്ചു; ഫിലിപ്പീൻസിൽ 12 മരണം

കിഴക്കൻ തയ്‌വാനിലെ ടൈറ്റുങ്ങിലുള്ള ബീച്ചിലേക്കു കൂറ്റൻ തിരമാലകൾ അടിച്ചുകയറുന്നു.ത‌യ്‌വാനു സമീപമുള്ള കടലിൽ മംഗൂട്ട് ചുഴലിക്കാറ്റ് എത്തിയതാണ് ഇതിനു വഴിയൊരുക്കിയത്.

മനില∙ ഫിലിപ്പീൻസിന്റെ വടക്കൻ ഭാഗങ്ങളിൽ ആഞ്ഞടിച്ച മംഗൂട്ട് ചുഴലിക്കാറ്റിൽ 12 പേർ കൊല്ലപ്പെട്ടു. ആറുപേരെ കാണാനില്ല. കനത്ത മഴയും മണ്ണിടിച്ചിലും വൻനാശം വിതച്ചു. ലുസോൺ ദ്വീപിലെ കഗായൻ പ്രവിശ്യയിലാണ് ഏറെ നാശമുണ്ടായത്. ഫിലിപ്പീൻസിന്റെ ഭക്ഷ്യകേന്ദ്രമായ ഇവിടെ വ്യാപകമായി കൃഷി നശിച്ചു. മണിക്കൂറിൽ 170 മുതൽ 260 കിലോമീറ്റർ വേഗത്തിൽ ചീറിയടിച്ച ചുഴലിക്കാറ്റ് ലുസോണിൽ നാശം വിതച്ചശേഷം ദക്ഷിണ ചൈനയും ഹോങ്കോങ്ങും ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്. പത്തു വടക്കൻ പ്രവിശ്യകളിൽ സുരക്ഷാ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഹോങ്കോങ്ങിലേക്ക് ഇന്നു രാവിലെ വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. 

ഈ വർഷം ഫിലിപ്പീൻസിൽ നാശം വിതയ്ക്കുന്ന പതിനഞ്ചാമത്തെ ചുഴലിക്കൊടുങ്കാറ്റാണ് മംഗൂട്ട്. 2013ൽ ഹായിയാൻ ചുഴലിക്കൊടുങ്കിറ്റിൽ ഇവിടെ 7300 പേർ കൊല്ലപ്പെട്ടിരുന്നു.