അഴിമതിക്കേസ്: ഖാലിദയുടെ ശിക്ഷ ഇരട്ടിയാക്കി; തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല

ഖാലിദ സിയ

ധാക്ക∙ അഴിമതിക്കേസിൽ 5 വർഷം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ ശിക്ഷ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ ഹർജിയിൽ ഹൈക്കോടതി 10 വർഷമായി വർധിപ്പിച്ചു. ഇതോടെ അവർക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല.

ഭർത്താവും ബംഗ്ലദേശിന്റെ മുൻ പ്രസിഡന്റുമായിരുന്ന സിയാവുർ റഹ്മാന്റെ പേരിലുള്ള അനാഥാലയ ട്രസ്റ്റിലേക്കു വിദേശത്തുനിന്നു ലഭിച്ച തുക തിരിമറി നടത്തിയെന്ന കേസിൽ കഴിഞ്ഞ ഫെബ്രുവരിയിലാണു ഖാലിദയെ കോടതി 5 വർഷം തടവിനു ശിക്ഷിച്ചത്. മറ്റൊരു അഴിമതിക്കേസിൽ കഴിഞ്ഞ ദിവസം ഖാലിദയ്ക്ക് 7 വർഷം തടവു ശിക്ഷ ലഭിച്ചിരുന്നു. 12 ൽ അധികം അഴിമതി, അക്രമ കേസുകൾ അവർക്കെതിരെ വേറെയുമുണ്ട്. ശിക്ഷ വർധിപ്പിച്ചതിനെതിരെ അപ്പീൽ നൽകുമെന്നു ഖാലിദയുടെ അഭിഭാഷകർ അറിയിച്ചു.

ജയിലിൽ കഴിയവേ ഇടതുകൈ തളർന്ന ഖാലിദ ഈ മാസം 6 മുതൽ ചികിൽസയിലാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കുനേരെ 2004ൽ ഗ്രനേഡ് ആക്രമണം നടത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഖാലിദയുടെ മകൻ താരിഖ് റഹ്മാൻ ബ്രിട്ടനിൽ ഒളിവിലാണ്.

പ്രതിപക്ഷവുമായി ചർച്ചയ്ക്ക്

അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിൽ, പ്രതിപക്ഷ സഖ്യമായ നാഷനൽ യൂണിറ്റി ഫ്രണ്ടുമായി (എൻയുഎഫ്) ഉപാധിയില്ലാതെ ചർച്ചയ്ക്കു തയാറാണെന്ന് ഭരണപക്ഷമായ അവാമി ലീഗ്. ഭരണ സുതാര്യതയും അധികാര വികേന്ദ്രീകരണവും ഉൾപ്പെടെ 11 ആവശ്യങ്ങൾ അടുത്തിടെ എൻയുഎഫ് മുന്നോട്ടു വച്ചിരുന്നു. ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ഉൾപ്പെടെ ചേർന്ന് ഈ മാസം ആദ്യമാണ് എൻയുഎഫ് രൂപീകരിച്ചത്.