ധാക്ക∙ ബംഗ്ലദേശ് രാഷ്ട്രീയത്തിലെ കുടിപ്പകയുള്ള രണ്ടു വനിതാപ്രതിയോഗികൾ തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിലെ ജനവിധി ഇന്ന്. ഭരണം തുടരാൻ നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും, മൽസരിക്കാനാകില്ലെങ്കിലും ജയിലിൽനിന്നു പോരാട്ടം തുടർന്നു മുൻ പ്രധാനമന്ത്രി ഖാലിദ സിയയും. 6 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണു തിരഞ്ഞെടുപ്പ്.
ഹസീനയുടെ അവാമി ലീഗ് അനുയായികളും സിയയുടെ ബംഗ്ലദേശ് നാഷനൽ പാർട്ടി (ബിഎൻപി)യും പ്രവർത്തകരും തമ്മിൽ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ 13 പേർ കൊല്ലപ്പെട്ടു കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിലും ഹസീന വിജയിച്ചാൽ 4 തവണ അധികാരത്തിലെന്ന റെക്കോർഡ് നേട്ടത്തിനുടമയാകും. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 10 വർഷത്തെ തടവുശിക്ഷയനുഭവിക്കുകയാണു ഖാലിദ സിയ.
2014ലെ പൊതുതിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നെങ്കിലും ഇത്തവണ പ്രശസ്ത അഭിഭാഷകൻ കമാൽ ഹുസൈൻ മുൻകയ്യെടുത്തുള്ള ദേശീയ ഐക്യമുന്നണി സഖ്യത്തിന്റെ ഭാഗമായാണു പാർട്ടി രംഗത്തുള്ളത്. ഖാലിദയുടെ മകൻ താരീഖ് റഹ്മാൻ, ഹസീനയ്ക്കെതിരെ 2004ലെ ഗ്രനേഡ് ആക്രമണക്കേസിൽ പിടികിട്ടാപ്പുള്ളിയായി ലണ്ടനിലാണെങ്കിലും ബിഎൻപി ആക്ടിങ് മേധാവിയാണ്. പ്രധാന നേതാക്കൾ രംഗത്തില്ലാതെയാണു ബിഎൻപിയുടെ പോരാട്ടം. പാർലമെന്റിലെ ആകെയുള്ള 350 സീറ്റുകളിൽ 50 വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ബാക്കി 300 സീറ്റിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് 1848 സ്ഥാനാർഥികൾ. ഭൂരിപക്ഷം ലഭിക്കാൻ വേണ്ടത് 151 സീറ്റുകൾ. മൊബൈൽഫോൺ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും അക്രമത്തിനു വഴിതെളിച്ചേക്കാവുന്ന കുപ്രചാരണങ്ങൾ തടയാൻ 3ജി, 4ജി സേവനങ്ങൾ നിർത്തി വച്ചു.
1971ൽ,പാക്കിസ്ഥാനിൽനിന്നു സ്വാതന്ത്ര്യം നേടിയശേഷം നടക്കുന്ന 11–ാമത്തെ തിരഞ്ഞെടുപ്പാണിത്. ഇതിനിടെ, വ്യാജനോട്ടുകളുമായി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനു ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ ഭാര്യയും മകനും ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. ഖാലിദയുടെ ബിഎൻപിയുടെ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമിക്കു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവാദം നൽകിയത് കഴിഞ്ഞയാഴ്ചയാണ്. ബിഎൻപിയുടെ നെൽക്കതിർ ചിഹ്നത്തിൽ 25 സീറ്റുകളിലാണു ജമാഅത്തെ സ്ഥാനാർഥികൾ മൽസരിക്കുന്നത്.