ധാക്ക ∙ ബംഗ്ലദേശ് പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്. നാലാമതും ബംഗ്ലാദേശിനെ ഹസീന നയിക്കുമെന്നാണു ലഭ്യമായ തിരഞ്ഞെടുപ്പു ഫലങ്ങൾ നൽകുന്ന സൂചന. ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് പ്രതിപക്ഷ സഖ്യത്തെ ബഹുദൂരം പിന്നിലാക്കിയാണു മുന്നേറുന്നത്. ഇതോടെ 4 തവണ അധികാരത്തിൽ എന്ന റെക്കോർഡ് നേട്ടത്തിനു ഹസീന ഉടമയായി.
രാഷ്ട്രീയത്തിലെ കുടിപ്പകയുള്ള രണ്ടു വനിതാപ്രതിയോഗികൾ തമ്മിലുള്ള തീപാറുന്ന പോരാട്ടമായിരുന്നു രാജ്യത്തു നടന്നത്. ഭരണം തുടരാൻ ഷെയ്ഖ് ഹസീനയും പിടിച്ചെടുക്കാൻ മുൻ പ്രധാനമന്ത്രി ഖാലിദ സിയയും തമ്മിലായിരുന്നു മത്സരം. ജയിലിൽനിന്നാണു ഖാലിദ് സിയ മത്സരം നയിച്ചത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 10 വർഷത്തെ തടവുശിക്ഷയനുഭവിക്കുകയാണു ഖാലിദ സിയ.
6 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലായിരുന്നു തിരഞ്ഞെടുപ്പ്. എന്നിട്ടും തിരഞ്ഞെടുപ്പുദിവസമായ ഞായറാഴ്ച 12 പേർ കൊല്ലപ്പെട്ടു. പ്രചാരണ സമയത്ത് അവാമി ലീഗ് പാർട്ടിയുടെയും സിയയുടെ ബംഗ്ലദേശ് നാഷനൽ പാർട്ടിയുടെയും (ബിഎൻപി) പ്രവർത്തകർ തമ്മിൽ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.
2014ലെ പൊതുതിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നെങ്കിലും ഇത്തവണ പ്രശസ്ത അഭിഭാഷകൻ കമാൽ ഹുസൈൻ മുൻകയ്യെടുത്തുള്ള ദേശീയ ഐക്യമുന്നണി സഖ്യത്തിന്റെ ഭാഗമായാണു ബിഎൻപി രംഗത്തുള്ളത്. ഖാലിദയുടെ മകൻ താരീഖ് റഹ്മാൻ, ഹസീനയ്ക്കെതിരെ 2004ലെ ഗ്രനേഡ് ആക്രമണക്കേസിൽ പിടികിട്ടാപ്പുള്ളിയായി ലണ്ടനിലാണെങ്കിലും ബിഎൻപി ആക്ടിങ് മേധാവിയാണ്.
പ്രധാന നേതാക്കൾ രംഗത്തില്ലാതെയായിരുന്നു ബിഎൻപിയുടെ പോരാട്ടം. പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കാൻ വേണ്ടത് 151 സീറ്റ്. 1971ൽ, പാക്കിസ്ഥാനിൽനിന്നു സ്വാതന്ത്ര്യം നേടിയശേഷം നടന്ന 11–ാമത്തെ തിരഞ്ഞെടുപ്പാണിത്. അധികാര ദുർവിനിയോഗം നടത്തിയാണു തിരഞ്ഞെടുപ്പ് ഹസീന തനിക്കനുകൂലമാക്കിയതെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.