Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് ദീപം തെളിച്ചു; വൈറ്റ്ഹൗസിൽ ദീപാവലി

Trump deepavali celebration വൈറ്റ്ഹൗസിലെ ദീപാവലി ആഘോഷത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദീപം തെളിക്കുന്നു.

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷം. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം, സ്വാതന്ത്ര്യം, സമാധാനം, അഭിവൃദ്ധി എന്നിവയിലേക്കുള്ള പാലമായി വർത്തിക്കുമെന്ന് ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിലെ ചരിത്രമുറങ്ങുന്ന റൂസ്‍വെൽറ്റ് മുറിയിൽ നടന്ന ചടങ്ങിൽ ട്രംപ് ദീപം തെളിയിച്ചു. യുഎസിന്റെ വളർച്ചയിൽ ഇന്ത്യൻ വംശജർക്കുള്ള പങ്ക് എടുത്തുപറഞ്ഞ ട്രംപ്, തന്റെ സർക്കാരിൽ അവർ ചെയ്യുന്ന സേവനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു.

‘ഇന്ത്യയുമായി യുഎസിന് ഉറ്റ ബന്ധമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ സുഹൃത്താണ്. ഇപ്പോൾ (മകൾ) ഇവാൻകയുടെയും സുഹൃത്താണ്. ഇന്ത്യയോട് ഞങ്ങൾക്കു വലിയ ബഹുമാനമാണ്’– ട്രംപ് പറഞ്ഞു. ഇവാൻകയും ഒപ്പമുണ്ടായിരുന്നു. ഇന്ത്യ– യുഎസ് വ്യാപാര കരാർ ചർച്ചകളെക്കുറിച്ച്, ‘അതു നടക്കുന്നുണ്ട്, ബുദ്ധിമുട്ടേറിയതാണ്’ എന്നു പ്രസിഡന്റ് സൂചിപ്പിച്ചു. ഇന്ത്യൻ അംബാസഡർ നവ്തേജ് സിങ് സർനയും കുടുംബവും അടക്കം ഒട്ടേറെ മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരും മറ്റു ക്ഷണിതാക്കളും പങ്കെടുത്തു. നവ്തേജ് സിങ്ങിനെ ട്രംപ് വേദിയിലേക്കു ക്ഷണിച്ചതും ശ്രദ്ധേയമായി. 

ട്വീറ്റ് ആദ്യം തെറ്റി; തിരുത്തിയപ്പോഴും തെറ്റി; മൂന്നാം തവണ ശരിയായി

വൈറ്റ്ഹൗസിലെ ദീപാവലി ആഘോഷത്തെക്കുറിച്ചുള്ള ട്വീറ്റിൽ ഡോണൾഡ് ട്രംപ് ആദ്യം ദീപാവലി ആശംസ നേർന്നപ്പോൾ, ബുദ്ധ, സിഖ്, ജയിൻ മതവിശ്വാസികളെ ആശംസിച്ചെങ്കിലും ‘ഹിന്ദു’ എന്ന വാക്ക് വിട്ടുപോയി. ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയപ്പോൾ ആദ്യത്തെ ട്വീറ്റ് മായ്ച്ച് രണ്ടാമതും ട്വീറ്റ് ചെയ്തു, അപ്പോഴും ‘ഹിന്ദു’ ഇല്ല. ഒടുവിൽ അതും മായ്ച്ച് മൂന്നാമത്തെ ട്വീറ്റിലാണ് സംഗതി ശരിയായത്. 

മൂന്നു ട്വീറ്റുകൾ ഇങ്ങനെ:

"Today, we gathered for Diwali, a holiday observed by Buddhists, Sikhs, and Jains throughout the United States & around the world. Hundreds of millions of people have gathered with family & friends to light the Diya and to mark the beginning of a New Year," 

"Today, we gathered for Diwali, a holiday observed by Buddhists, Sikhs, and Jains throughout the United States & around the world. Hundreds of millions of people have gathered with family & friends to light the Diya and to mark the beginning of a New Year," 

"It was my great honour to host a celebration of Diwali, the Hindu Festival of Lights, in the Roosevelt Room at the @WhiteHouse this afternoon. Very, very special people!