ശ്രീലങ്കൻ പാർലമെന്റിൽ ഇന്നലത്തെ പ്രധാന ഇനം മുളകുപൊടിയേറ്. രണ്ടാംദിനവും തുടർന്ന സംഘർഷത്തിൽ ഏറും ചീത്തവിളിയും തുടരുകയും ചെയ്തു. നിവൃത്തിയില്ലാതെ സ്പീക്കർ കരു ജയസൂര്യ സഭയ്ക്കുള്ളിലേക്കു പൊലീസിനെ വിളിച്ചുവരുത്തി. സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. അവിശ്വാസപ്രമേയം പാസായതോടെ മഹിന്ദ രാജപക്ഷെ പുറത്തായെന്നും നിലവിൽ രാജ്യത്തു പ്രധാനമന്ത്രിയും സർക്കാരും ഇല്ലെന്നും സ്പീക്കർ സഭയിൽ പ്രഖ്യാപിച്ചതോടെയാണ് ഇന്നലെ സംഘർഷം തുടങ്ങിയത്.
രാജപക്ഷെ അനുകൂല എംപിമാർ സ്പീക്കറുടെ കസേരയിൽ കയറിയിരുന്നു സഭാനടപടികൾ തടസപ്പെടുത്തി. സ്പീക്കർക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു. ഇരിപ്പിടങ്ങളും മറ്റും തകർത്തു. ചിലർ പ്രതിപക്ഷ എംപിമാർക്കു നേരെയും പൊലീസ് എത്തിയപ്പോൾ അവർക്കു നേരെയും മുളകുപൊടിയെറിഞ്ഞു. പൊലിസിനു നേരെ കയ്യിൽകിട്ടിയ പുസ്തകങ്ങളും മറ്റും എടുത്തെറിയുന്നതും കാണാമായിരുന്നു. ഇതിനെല്ലാമിടെ രാജപക്ഷെയ്ക്കെതിരായ രണ്ടാമത്തെ അവിശ്വാസപ്രമേയം ഇന്നലെ പാസായി. കസേര ‘നഷ്ടപ്പെട്ട’ സ്പീക്കർ സഭയിൽ നിന്നുകൊണ്ടാണ് ശബ്ദവോട്ടെടുപ്പു നടത്തിയത്. ഇതിനിടെയും ഏറുണ്ടായി. പൊലീസാണ് സ്പീക്കറെ രക്ഷിച്ചത്. സംഘർഷത്തിൽ മുതിർന്ന അംഗം ഗാമിനി ജയവിക്രമയ്ക്കു പരുക്കേറ്റു.
വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിനിടെ പ്രതിപക്ഷ പാർട്ടിയായ യുഎൻപിയിലെ 2 എംപിമാർ കത്തിയുമായാണ് സഭയിലെത്തിയതെന്ന് ഭരണപക്ഷ എംപിമാർ ആരോപിച്ചു. യുഎൻപിയിലെ പലിത തേവരപ്പെരുമ, രഞ്ജൻ രാമനായകെ എന്നിവർക്കെതിരെയാണ് ആരോപണം. പാർലമെന്റ് ഒരു കാരണവശാലും നിർത്തിവയ്ക്കില്ലെന്നും എല്ലാ അംഗങ്ങളും മാന്യത കാട്ടണമെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. സിരിസേനയും സ്പീക്കർ കരു ജയസൂര്യയും തമ്മിലുള്ള പോരാട്ടമാണ് ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ഇപ്പോൾ കാണുന്നത്. രാജപക്ഷെയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജയസൂര്യ. എന്നാൽ, ശബ്ദവോട്ടോടെ പാസായ അവിശ്വാസപ്രമേയങ്ങൾ അംഗീകരിക്കില്ലെന്ന് സിരിസേനയും രാജപക്ഷെയും പറയുന്നു.