Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജപക്ഷെയ്ക്ക് കോടതി വിലക്ക്; സിരിസേനയ്ക്ക് വൻ തിരിച്ചടി

Mahinda-Rajapaksa-Maithripala-Sirisena-Ranil-Wickramasinghe മഹിന്ദ രാജപക്ഷെ, മൈത്രിപാല സിരിസേന, റനിൽ വിക്രമസിംഗെ

കൊളംബോ∙ ശ്രീലങ്കയുടെ ഭരണച്ചുമതല വഹിക്കുന്നതിൽ നിന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയേയും കോടതി താൽക്കാലികമായി വിലക്കി. രാജപക്ഷെയെ പ്രധാനമന്ത്രിയാക്കിയതിനെതിരെ 122 എംപിമാർ നൽകിയ പരാതിയിലാണ് അപ്പീൽ കോടതിയുടെ വിലക്ക്.

പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്തയാൾ രാജ്യത്തിന്റെ ഭരണച്ചുമതല വഹിക്കുന്നത് ‘അപരിഹാര്യമായ ദോഷം’ ഉണ്ടാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് 12, 13 തീയതികളിൽ വാദം കേൾക്കാനായി മാറ്റി. രാജപക്ഷെയോടും മന്ത്രിസഭാംഗങ്ങളോടും അന്ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

225 അംഗ പാർലമെന്റിൽ രാജപക്ഷെയ്ക്ക് ഭൂരിപക്ഷമില്ലെന്നറിഞ്ഞിട്ടും അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് കനത്ത തിരിച്ചടിയാണിത്. കഴിഞ്ഞ ഒക്ടോബർ 26ന് റനിൽ വിക്രമസിംഗെയെ പുറത്താക്കി രാജപക്ഷെയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ശ്രീലങ്ക സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ രാജപക്ഷെയ്ക്ക് കഴിയില്ലെന്നു കണ്ട് പ്രസിഡന്റ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ടതു സ്റ്റേ ചെയ്ത സുപ്രീം കോടതി, നടപടി ഭരണഘടനാ വിരുദ്ധമാണോയെന്ന് വെള്ളിയാഴ്ച വിധി പറയും. രാജപക്ഷെയും മന്ത്രിസഭാംഗങ്ങളും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നത് പാർലമെന്റ് കഴിഞ്ഞയാഴ്ച തടഞ്ഞിരുന്നു.