കൊളംബോ ∙ പുറത്തായ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്ക് ആശ്വാസമേകിക്കൊണ്ട് അദ്ദേഹത്തിന്റെ മുന്നണിക്ക് ശ്രീലങ്ക പാർലമെന്റിലെ ശക്തമായ ഒരു സമിതിയുടെ നിയന്ത്രണം ലഭിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കും അദ്ദേഹം നിയമിച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെയ്ക്കും ഇതു തിരിച്ചടിയായി. സ്പീക്കർ കരു ജയസൂര്യയുടെ നിലപാടാണ് ഇത്തവണയും വിക്രമസിംഗെയ്ക്ക് തുണയായത്.
സിരിസേനയുടെ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് (യുപിഎഫ്എ) പാർലമെന്റ് ബഹിഷ്കരിച്ചു പുറത്തുപോയപ്പോൾ നിർദിഷ്ട സമിതിയിലേക്കു സ്പീക്കർ സഭയിലുണ്ടായിരുന്ന 7 പേരെ നാമനിർദേശം ചെയ്യുകയായിരുന്നു.
5 പേരെ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ ഫ്രണ്ടിൽ (യുഎൻഎഫ്) നിന്നും ഓരോരുത്തരെ തമിഴ് നാഷനൽ അലയൻസ്, ജെവിപി എന്നീ പാർട്ടികളിൽനിന്നുമാണു നാമനിർദേശം ചെയ്തത്.
ഫലത്തിൽ യുപിഎഫ്എയ്ക്കു സമിതിയിൽ അംഗങ്ങളില്ലാതായി.