കരീമിന്റെ ഓർമകളുറങ്ങുന്ന വീട് ഇനി ഹാരിയുടെയും മേഗന്റെയും കൊട്ടാരം

ഫ്രോഗ്‍മോർ കോട്ടേജ്

ലണ്ടൻ ∙ ഇന്ത്യക്കാരൻ അബ്ദുൽ കരീമിന്റെ ഓർമകൾ പേറുന്ന വിൻഡ്സറിലെ ഫ്രോഗ്‍മോർ കോട്ടേജ് ഇനി ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും വസതിയാകും. 19–ാം നൂറ്റാണ്ടിന്റെ ഒടുവിൽ ബ്രിട്ടനിലെത്തി, വിക്ടോറിയ രാജ്ഞിയുടെ വിശ്വസ്ത തോഴനായ അബ്ദുൽ കരീമീന് രാജ്ഞിയുടെ സ്നേഹസമ്മാനമായിരുന്നു 35 ഏക്കർ പച്ചപ്പിനു നടുവിൽ സ്ഥിതി ചെയ്യുന്ന 10 കിടക്കറകളുള്ള ഫ്രോഗ്‍മോർ കോട്ടേജ്. ഇതിനു സമീപമാണ് വിക്ടോറിയയുടെയും ഭർത്താവ് ആൽബർട്ട് രാജകുമാരന്റെയും ശവകുടീരം.

അടുത്ത വർഷം മേഗന്റെ പ്രസവത്തിനു ശേഷം രാജകുടുംബം ഇവിടേക്കു മാറും. അതിനു മുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ വിൻസർ കൊട്ടാരത്തിനു സമീപത്തു തന്നെയാണ് ഫ്രോഗ്‍മോർ കോട്ടേജ്. കഴിഞ്ഞ വർഷം ഓസ്കർ ലഭിച്ച ‘വിക്ടോറിയ ആൻഡ് അബ്ദുൽ’ എന്ന ചിത്രം രാജ്ഞിയും മുൻഷി എന്ന് അവർ വിളിച്ചിരുന്ന അബ്ദുൽ കരീമും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. ശ്രാബനി ബസു എഴുതിയ ‘വിക്ടോറിയ ആൻഡ് അബ്ദുൽ: ദി എക്സ്ട്രാ ഓർഡിനറി ട്രൂ സ്റ്റോറി ഓഫ് ദ് ക്വീൻസ് ക്ലോസസ്റ്റ് കോൺഫിഡന്റ്’ എന്ന കൃതിയാണ് സിനിമയ്ക്ക് ആധാരം.

അബ്ദുൽ കരീം

രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്റെ 50 ാം വാർഷികത്തിൽ അവരെ പരിചരിക്കുന്നതിനായി ഇംഗ്ലണ്ടിലെത്തിയ അബ്ദുൽ കരീം പിന്നീട് രാജ്ഞിയുടെ വിശ്വസ്തനായി മാറുകയായിരുന്നു. ഇതിൽ അതൃപ്തിയുണ്ടായിരുന്ന രാജകുടുംബം രാജ്ഞിയുടെ മരണത്തിനു ശേഷം കരീമിനെ ചരിത്രത്തിൽനിന്നു തുടച്ചുനീക്കാൻ ശ്രമിക്കുകയും ഇന്ത്യയിലേക്കു തിരിച്ചയയ്ക്കുകയും ചെയ്തു.