കാലാവസ്ഥാ വ്യതിയാനം: ലോകസമ്മേളനം തുടങ്ങി

കാറ്റോവീസ് (പോളണ്ട്) ∙ ഭൂമിയുടെ ഭാവിക്കു വേണ്ടിയുള്ള രാജ്യാന്തര കൂട്ടായ്മയുടെ സമ്മേളനം പോളണ്ടിലെ കാറ്റോവീസിൽ തുടങ്ങി. 200 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണു കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള നടപടികൾ സംബന്ധിച്ച ആലോചനകളിൽ പങ്കാളികളാകുന്നത്. അർജന്റീനയിൽ ജി 20 സമ്മേളനത്തിൽ പങ്കെടുക്കുന്ന യുഎസ് ഒഴികെയുള്ള 19 രാജ്യങ്ങളുടെ ഉറച്ച പിന്തുണയുടെ ബലം കൂടിയുണ്ട് സമ്മേളനത്തിന്. 2 വർഷം മുൻപ് ലോകം അംഗീകരിച്ച പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയ യുഎസ് ഇപ്പോഴും മുഖംതിരിച്ചു നിൽക്കുന്നു. ഭൂമിയിലെ താപനില 2 ഡിഗ്രി താഴ്ത്താനുള്ള രൂപരേഖയാണ് പാരിസ് ഉടമ്പടിയിലുള്ളത്. 

ഇന്ന് ഏതാനും രാഷ്ട്രത്തലവന്മാരും മന്ത്രിമാരും സമ്മേളനത്തിലെത്തും. ഗ്രീൻഹൗസ് വാതകങ്ങൾ പുറന്തള്ളുന്നതു കുറയ്ക്കുന്നതിന്റെ ഭാഗമായി അടച്ചുപൂട്ടേണ്ടി വരുന്ന കൽക്കരി ഉൽപാദകരടക്കമുള്ള ഫോസിൽ ഇന്ധന വ്യവസായങ്ങൾക്കു പരിവർത്തനത്തിനുള്ള സമയം നൽകണമെന്ന ആവശ്യമാണ് ആതിഥേയരായ പോളണ്ട് ഉന്നയിക്കുന്നത്. 

പോളണ്ടിൽ കൽക്കരി ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ പ്രകടനം നടത്തി. പോളണ്ടിലെ കൽക്കരി ഖനി മേഖലയായ സിലേഷ്യയുടെ ഹൃദയഭാഗമാണ് സമ്മേളനം നടക്കുന്ന കാറ്റോവീസ്. 

പാരിസ് ഉടമ്പടിയോടും തുടർനീക്കങ്ങളോടുമുള്ള യുഎസിന്റെ പ്രതികൂല സമീപനം വ്യാപകമായ വിമർശനത്തിനു കാരണമായിട്ടുണ്ട്.