സാന്റിയാഗോ (ചിലെ) ∙ ഗോൾഡൻ ഗ്ലോബ് രാജ്യാന്തര പായ്‌വഞ്ചി മൽസരത്തിനിടെ, മലയാളി സമുദ്ര സഞ്ചാരി കമാൻഡർ അഭിലാഷ് ടോമിക്കു നേരിട്ടതിനു സമാനമായ അപകടത്തെ തുടർന്ന് പസഫിക് സമുദ്രത്തിൽ അകപ്പെട്ട ബ്രിട്ടിഷ് വനിത സുസീ ഗുഡാളിനെ (29) ചൈനീസ് കപ്പൽ രക്ഷപ്പെടുത്തി. ഗോൾഡൻ ഗ്ലോബ് മൽസരത്തിലെ ഏക വനിതയും പ്രായം കുറഞ്ഞ മൽസരാർഥിയുമാണിവർ.
ചിലെയ്ക്കു സമീപം കേപ് ഹോൺ മുനമ്പിൽ നിന്ന് 2000 നോട്ടിക്കൽ മൈൽ (1 നോട്ടിക്കൽ മൈൽ– 1.852 കിലോമീറ്റർ) അകലെ വ്യാഴാഴ്ച പുലർച്ചെയാണ് കാറ്റിലും വൻതിരകളിലുംപെട്ട് സുസീ ഗുഡാളിന്റെ വഞ്ചി അപകടത്തിൽപ്പെട്ടത്. പായ്മരങ്ങൾ ഒടിഞ്ഞ് വഞ്ചിയുടെ പ്രവർത്തനം താറുമാറായി. ദക്ഷിണാർഥ ഗോളത്തിൽ അപകടകരമായ കടൽക്ഷോഭത്തിനു പേരുകേട്ട ‘റോറിങ് ഫോർട്ടീസ്’ എന്നു നാവികർ വിശേഷിപ്പിക്കുന്ന ഭാഗത്തുവച്ചാണ് അപകടം.
അപകടത്തെ തുടർന്ന് ഏതാനും സമയം ബോധരഹിതയായ സുസീ പിന്നീട് ഉണർന്ന് മനഃസാന്നിധ്യം വീണ്ടെടുത്തു. അടിയന്തര സംവിധാനമായ ഡീസൽ എൻജിൻ പ്രവർത്തിപ്പിച്ച് തീരത്തെത്താൻ ശ്രമിച്ചെങ്കിലും 20 മിനിറ്റിനു ശേഷം എൻജിൻ നിലച്ചു. ഇതിനിടെ, സംഘാടകർ സൂസിയുമായി സാറ്റലൈറ്റ് ഫോണിൽ ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിനു നീക്കം ആരംഭിച്ചിരുന്നു. ചിലെ മാരിടൈം റസ്ക്യു സർവീസസിന്റെ നിർദേശ പ്രകാരം സമീപമേഖലയിലുണ്ടായിരുന്ന തിയാൻ ഫു കപ്പലിന്റെ വഴി തിരിച്ചുവിട്ടു.
വഞ്ചി നങ്കൂരമിടാൻ കഴിഞ്ഞത് തിരമാലയിൽ ഒഴുകിപ്പോവാതിരിക്കാനും രക്ഷാപ്രവർത്തകർക്ക് എളുപ്പം കണ്ടെത്താനും സഹായകമായി. ഒരു ദിവസത്തിനു ശേഷമാണു കപ്പൽ ഇവരുടെ സമീപമെത്തിയത്. കടൽക്ഷോഭത്തിന്റെ സൂചന നൽകുന്ന വിവിധ സന്ദേശങ്ങൾ സുസീ സംഘാടകർക്കു നൽകിയിരുന്നു. സുസീയുമായി ചിലെയിലെ പുണ്ടാ അരീനാസിലേക്കു നീങ്ങുന്ന കപ്പൽ 12ന് തീരമണയുമെന്നാണു കരുതുന്നത്.
ഓർമകളിൽ ‘തുരീയ’
ആധുനിക സൗകര്യങ്ങളില്ലാതെ, പായ്‌വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റുന്ന അതിസാഹസിക കടൽദൗത്യമാണു ഗോൾഡൻ ഗ്ലോബ് റേസ്. കഴിഞ്ഞ ജൂലൈ ഒന്നിന് ഫ്രാൻസിൽ നിന്നു 18 നാവികരുടെ പായ്‌വഞ്ചികളുമായി തുടങ്ങിയ മൽസരത്തിൽ ഇനി 7 പേർ മാത്രമാണു ശേഷിക്കുന്നത്. സുസീ നാലാം സ്ഥാനത്തായിരിക്കെയാണ് അപകടം. തുരീയ എന്ന പായ്‌വഞ്ചിയിൽ സഞ്ചരിച്ച അഭിലാഷ് ടോമി മൂന്നാം സ്ഥാനത്തു തുടരുമ്പോഴാണു സെപ്റ്റംബറിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ടത്. അഭിലാഷിനെ 71 മണിക്കൂറുകൾക്കു ശേഷമാണു രക്ഷപ്പെടുത്താനായത്.