ചക്കക്കുരു മസാലക്കറി

ചക്കക്കുരു നിസാരക്കാരനല്ല, നാരുകളുടെ കലവറയാണിതിൽ. വീട്ടുമുറ്റത്തു നിന്നും കിട്ടുന്ന ചക്കക്കുരു വലിച്ചെറിഞ്ഞു കളയാതെ മസാലക്കറിയാക്കാം.

ചക്കക്കുരു തൊലികളഞ്ഞ് നുറുക്കിയത്–1 കപ്പ്
സവാള നീളത്തിൽ മുറിച്ചത്–1 ഇടത്തരം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്–1 ടീസ്പൂൺ വീതം
പച്ചമുളക് രണ്ടായി കീറിയത്–2
തേങ്ങക്കൊത്ത് –2 ടേ. സ്പൂൺ
മുളകുപൊടി–1 ഒന്നര ടീസ്പൂൺ
മല്ലിപ്പൊടി–1 ടീസ്പൂൺ
മഞ്ഞൾപ്പൊടി–അര ടീസ്പൂൺ
ഗരംമസാല–അര ടീസ്പൂൺ
തേങ്ങ ചിരവിയത്–അര കപ്പ്
വെളിച്ചെണ്ണ–2 വലിയ സ്പൂൺ
ചെറിയ ഉള്ളി നീളത്തിൽ മുറിച്ചത്–3
കറിവേപ്പില–2 തണ്ട്
വറ്റൽമുളക്–2 രണ്ടായി മുറിച്ചത്
വെള്ളം, ഉപ്പ് ആവശ്യത്തിന്
ചിക്കൻ മാസല–1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചക്കക്കുരു കഴുകി വാരി ഉപ്പും കുറച്ച് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചു മാറ്റിവയ്ക്കുക.

ഒരു പാനിൽ കുറച്ചു എണ്ണയൊഴിച്ച് തേങ്ങയിട്ടു വറുക്കുക. മൂത്തുവരുമ്പോൾ മല്ലിപ്പൊടിയും ബാക്കി മുളകുപൊടിയും ഗരംമസാലയും ചേർത്തിളക്കി ഇറക്കി തണുക്കാൻ വയ്ക്കുക. തണുത്തതിനു ശേഷം അരച്ച് മാറ്റിവയ്ക്കുക.

വേറെ ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക. കണ്ണാടി പരുവം ആകുമ്പോൾ ഇ‍ഞ്ചി വെളുത്തുള്ളി ചേർക്കുക. നന്നായി വഴന്നുവരുമ്പോൾ വേവിച്ചുവച്ച ചക്കക്കുരു ചേർത്തിളക്കി അരച്ച അരപ്പുചേർക്കുക. ഒരു കുഴമ്പു പരുവത്തിൽ ആകുമ്പോൾ ഉപ്പു പാകം നോക്കി ഇറക്കിവച്ച് അതിലേക്ക് കടുക് ഉള്ളിയും മൂപ്പിച്ച് പച്ചമുളക് ചേർത്തു വഴറ്റി കറിവേപ്പിലയും വറ്റൽമുളകും ഇട്ട് മൂപ്പിച്ച് കറിയിൽ ചേർത്ത് അടച്ചുവയ്ക്കണം. അഞ്ച് മിനിറ്റ് കഴിഞ്ഞ് ഉപയോഗിക്കാം.