Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും പ്രിയമേറിയ പാനീയം

എം. മുഹമ്മദ് ഷാഫി
Author Details
green-coffee

ലോകത്തെ ഏറ്റവും പ്രിയമേറിയ പാനീയമാണ് കാപ്പി. 200 കോടി കപ്പ് കാപ്പി ദിവസവും ലോകമൊട്ടാകെ കുടിക്കുന്നുണ്ടെന്നാണ് കണക്ക്. ആഫ്രിക്കയാണ് കാപ്പിയുടെ ജന്മദേശം. പ്രധാനമായും അറബിക്ക, റൊബസ്റ്റ എന്നിങ്ങനെ രണ്ടുതരം കാപ്പിയാണുള്ളത്.  

കാപ്പിക്കഥ

ഇത്യോപ്യയിലെ ആട്ടിടയനായിരുന്ന ഖാഡി എന്നയാൾ ഒരു ചെടിയുടെ ചുവന്ന കുരുവും തിളക്കമുള്ള ഇലകളും ആടുകൾ തിന്നുന്നതായി കണ്ടു. ഇതു കഴിച്ചതു മുതൽ പൂർവാധികം ഉന്മേഷവാന്മാരായ ആടുകൾ രാത്രി വൈകിയും ഉറങ്ങാതിരിക്കുന്നതു ശ്രദ്ധിച്ച ഇയാൾ ഈ ചെടിയുടെ ഇലയും കുരുവും അടുത്തുള്ള ആശ്രമത്തിൽ കൊണ്ടുപോയി കൊടുത്തു. അവിടുത്തെ സന്യാസി ഈ കുരു ഉപയോഗിച്ച് ഒരു പാനീയമുണ്ടാക്കി. ഇതു കുടിച്ചതോടെ വളരെ ഉന്മേഷത്തോടെ ജോലികളിൽ മുഴുകാനും രാത്രി വൈകിയും പ്രാർഥിക്കാനുമാകുമെന്ന് മനസ്സിലായി. ലോകത്തെ ആദ്യത്തെ കാപ്പി ഇങ്ങനെ ഉണ്ടായെന്നാണ് കരുതുന്നത്.

കാപ്പിയെക്കുറിച്ച് എഴുതപ്പെട്ട ആദ്യരേഖ 9 എഡിയിലാണുള്ളത്. റാസസ് എന്ന പേർഷ്യൻ ഭിഷഗ്വരൻ ബൻചം എന്നൊരു പാനീയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഇത് ബൻ എന്ന ഫ്രൂട്ടിൽ നിന്നുണ്ടാക്കുന്നുവെന്നാണ് പറയുന്നത്. ബൻ എന്നാൽ ഇത്യോപ്യയിൽ കാപ്പിക്കുരുവിനു പറയുന്ന പേരാണ്. ഇതിൽ നിന്ന് ഇദ്ദേഹം പറയുന്ന പാനീയം കാപ്പിയാണെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു. ഇതേകാലയളവിൽ അറബ് കച്ചവടക്കാർ ഇത്യോപ്യയിൽ നിന്നു കൊണ്ടു വന്ന കാപ്പിച്ചെടികൾ യെമനിൽ കൃഷി ചെയ്തിരുന്നു. അറേബ്യൻ ഉപദ്വീപിന്റെ തെക്ക് പടിഞ്ഞാറൻ മുനമ്പിലെ കുന്നുകളിലായിരുന്നു കാപ്പിക്കൃഷി. അറബിക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കാപ്പി എല്ലാ അറബ് രാജ്യങ്ങളിലുമെത്തിയിരുന്നു. 

Coffee

തുർക്കി കാപ്പി

യെമനിൽ ഒട്ടമൻ തുർക്കി ഭരണകാലത്ത് ഗവർണറായിരുന്ന ഓസ്ഡമീർ പാഷ ഇസ്താംബൂളിലേക്ക് ചാക്കുകണക്കിന് കാപ്പിയുമായാണ് പോയത്. ഇദ്ദേഹമാണ് തുർക്കിയിൽ കാപ്പിയെത്തിച്ചതെന്നാണ് കരുതുന്നത്. തുർക്കികളാണ് നാം ഇന്നുകാണുന്ന രീതിയിൽ കാപ്പിയുണ്ടാക്കുന്ന വിദ്യ കണ്ടെത്തിയത്. കാപ്പിക്കുരു വറുത്ത്, നേർത്ത പൊടിയാക്കി, തിളച്ച വെള്ളത്തിലിട്ട് അവർ കാപ്പിയുണ്ടാക്കി. ഓട്ടമൻ ചക്രവർത്തിയായിരുന്ന സുലൈമാന്റെ രാജസദസ്സിൽ ചീഫ് കോഫി മേക്കർ എന്ന പുതിയൊരു പദവിയുണ്ടാക്കിയതായി രേഖയുണ്ട്. ഇതിൽ നിന്ന് തന്നെ കാപ്പിക്ക് അന്നുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാകും. ഓട്ടമൻ സാമ്രാജ്യത്തിന്റെ കാലത്താണ് കാപ്പി രുചി ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിയത്. 

ലോകരുചി

യൂറോപ്പിലും വടക്കൻ അമേരിക്കയിലും 17–ാം നൂറ്റാണ്ടായപ്പോഴേക്കും കാപ്പി ജനപ്രിയ പാനീയമായി മാറി. 1773ൽ ഇംഗ്ലണ്ട് ചായക്കരം കൂട്ടിയപ്പോൾ അമേരിക്കക്കാർ കാപ്പിയുടെ ഉപയോഗം കൂട്ടി. ആവശ്യകത കൂടിയപ്പോൾ അറേബ്യൻ കച്ചവടക്കാർ അവരുടെ കാപ്പി കച്ചവടത്തിലെ കുത്തക നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തി. വറുത്തതോ, വെള്ളത്തിലിട്ട് തിളപ്പിച്ചതോ ആയ കാപ്പിക്കുരുമാത്രമേ കയറ്റി അയച്ചിരുന്നുള്ളൂ. മറ്റു പ്രദേശങ്ങളിലെ കാപ്പിക്കൃഷി തടയാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ഡച്ചുകാരും ഫ്രഞ്ചുകാരും പോർചുഗീസുകാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തങ്ങളുടെ കോളനികളിൽ കാപ്പിക്കൃഷി തുടങ്ങി. ഡച്ചുകാർ തെക്കു കിഴക്കൻ ഏഷ്യയിലും ഫ്രഞ്ചുകാർ കരീബിയൻ ദ്വീപുകളിലും പോർചുഗീസുകാർ ബ്രസീലിലുമാണ് കാപ്പിക്കൃഷി തുടങ്ങിയത്. 1830 ആയപ്പോൾ ബ്രസീൽ ലോകത്ത് ഏറ്റവും വലിയ കാപ്പി കയറ്റുമതി രാജ്യമായി മാറി. അന്നു തൊട്ട് ഇന്നുവരെ ബ്രീസീലിന്റെ ഈ കുത്തക തുടരുന്നു. വിയറ്റ്നാമും കൊളംബിയയുമാണ് പിന്നിലുള്ള മറ്റു രണ്ടുരാജ്യങ്ങൾ. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ള റൊബസ്റ്റ ഇനം കാപ്പിയാണ് വിയറ്റ്നാമിലുള്ളത്. 

ഇന്ത്യയിലേക്ക്

മക്കയിലേക്ക് തീർഥാടനത്തിനായി പോയ ബാബ ബുദാൻ എന്ന സൂഫി സന്ന്യാസിയാണ് ഇന്ത്യയിലേക്ക് കാപ്പി കൊണ്ടുവന്നതെന്നാണ് കരുതപ്പെടുന്നത്. കാപ്പിക്കു പേരുകേട്ട യെമനീസ് തുറമുഖ നഗരമായ മൊച്ച വഴി തിരിച്ചെത്തിയ ഇദ്ദേഹം 7 കാപ്പിക്കുരു താടിയിലോ, നെഞ്ചിൽ കെട്ടിവച്ചോ ആണ് കൊണ്ടുവന്നതെന്നാണ് പറയപ്പെടുന്നത്. 1670 എഡിയിൽ കർണാടക ചിക്മഗളൂരുവിലെ ചന്ദ്രഗിരിക്കുന്നുകളിലെ താമസ സ്ഥലത്ത് ബാബ ബുദാൻ ഇവ നട്ടുമുളപ്പിച്ചെന്നാണ് കരുതുന്നത്. ബാബ ബുദാൻ ഗിരി എന്ന പേരിലാണ് ഈ കുന്നുകൾ ഇന്ന് അറിയപ്പെടുന്നത്. 1840ൽ ബാബ ബുദാൻ ഗിരിക്കടുത്ത് ആദ്യ കാപ്പിത്തോട്ടം ഉണ്ടായി. പാരി ആൻഡ് കമ്പനിയിൽ മാനേജർ ആയിരുന്ന ജെ.എച്ച്. ജോളി കാപ്പിക്കൃഷിക്കായി മൈസൂരു രാജാവിനോട് 40 ഏക്കർ കൃഷി സ്ഥലം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് വയനാട്, നീലഗിരി എന്നിവിടങ്ങളിലേക്കെല്ലാം കാപ്പിയെത്തി.

ഇന്ത്യൻ കാപ്പി

ബ്രിട്ടിഷുകാർ ഇന്ത്യയിൽ കാപ്പിക്കൃഷിക്ക് ആദ്യം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അറബിക്ക ഇനത്തിലുള്ള കാപ്പിച്ചെടികളെ ബാധിച്ച കോഫി റസ്റ്റ് രോഗബാധയാണ് തിരിച്ചടിയായത്. എന്നാൽ 19–ാം നൂറ്റാണ്ടായപ്പോൾ കാപ്പിക്കൃഷി 3 ലക്ഷം ഹെക്ടറിലെത്തി. മൈസൂരു, കൂർഗ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കൃഷി തുടങ്ങിയത്. രോഗത്തെ പ്രതിരോധിക്കാനായി റൊബസ്റ്റ ഇനത്തിലുള്ള കാപ്പിച്ചെടികളാണ് വളർത്തിയത്. പിന്നീട് കോഫി റസ്റ്റ് രോഗം ബാധിക്കാത്ത എസ് 795 അറബിക്ക എന്ന കാപ്പിച്ചെടിയിലേക്കു മാറി. 19–ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതി ശക്തിപ്പെട്ടു. ലോക മഹായുദ്ധത്തിന് ശേഷം സാമ്പത്തിക രംഗത്തുണ്ടാക്കിയ തളർച്ച കാപ്പി വിപണിയെ തളർത്തി. ഇതിനു പരിഹാരമായി 1935 ൽ കോഫി സെസ് കമ്മിറ്റി രൂപീകരിച്ചു. ഇവരുടെ ശുപാർശയെ തുടർന്ന് 1940ൽ ഇന്ത്യ കോഫി ഹൗസ് ശൃംഖലകളുണ്ടായി. ഇതേ കാലത്താണ് ഇന്ത്യൻ ഫിൽറ്റർ കോഫി വരുന്നത്. വറുത്ത കാപ്പിപ്പരിപ്പ്, ചിക്കറി, പാൽ, പഞ്ചസാര എന്നിവ ചേർത്തുള്ള ഫിൽറ്റർ കോഫി തെക്കേ ഇന്ത്യയിൽ വളരെപ്പെട്ടെന്ന് പ്രചാരം നേടി. 1945ൽ കാപ്പി കയറ്റുമതി ക്രമപ്പെടുത്താനും ചെറുകിട കാപ്പി കർഷകരെ സഹായിക്കുന്നതിനുമായി കോഫി ബോർഡ് ഓഫ് ഇന്ത്യ രൂപീകരിച്ചു. 

 ഇന്ത്യൻ കോഫി ഹൗസ്

ബ്രിട്ടിഷ് ഭരണകാലത്ത് തുടങ്ങിയ ഇന്ത്യ കോഫി ഹൗസ് ശൃംഖലകൾ 1950 കളോടെ പൂർണമായി അടച്ചു പൂട്ടി തൊഴിലാളികളെ പിരിച്ചുവിടാൻ കോഫി ബോർഡ് തീരുമാനിച്ചു. ഇതോടെ തൊഴിലാളികൾ കമ്യൂണിസ്റ്റ് നേതാവായ എ.കെ. ഗോപാലന്റെ (എകെജി) നേതൃത്വത്തിൽ സംഘടിച്ച് 1957 ഓഗസ്റ്റ് 19ന് ബെംഗളൂരുവിൽ ഇന്ത്യ കോഫി ബോർഡ് വർക്കേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു. ഇതേവർഷം തന്നെ ഡൽഹിയിൽ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് തുറന്നു. അടുത്ത വർഷം കേരളത്തിലാദ്യത്തെ കോഫി ഹൗസ് തൃശൂരിൽ തുടങ്ങി. ഇതേവർഷം പുതുച്ചേരി, ലക്നൗ, നാഗ്പുർ, ജബൽപുർ, മുംബൈ, കൊൽക്കത്ത, തലശ്ശേരി, പുണെ, തമിഴ്നാട് എന്നിവിടങ്ങളിലും ഇന്ത്യൻ കോഫി ഹൗസുകൾ തുറന്നു. 

പൊന്നുംവില

തെക്കേ ഇന്ത്യയിലാണ് കാപ്പി ഉൽപാദനം കൂടുതലുള്ളത്. കർണാടകയിൽ 71%, കേരളത്തിൽ 21 %, തമിഴ്നാട്ടിൽ 5% എന്നിങ്ങനെയാണിത്. ഏലം, ജാതി, ഗ്രാമ്പൂ, കറുവാപ്പട്ട തുടങ്ങി വിവിധ കാർഷിക വിളകൾക്കിടയിൽ ഇടവിളയായി തണലിൽ വളരുന്നതിനാൽ ലോക വിപണിയിൽ ഇന്ത്യൻ കാപ്പിക്കു പ്രിയമേറെയാണ്. ഇന്ത്യൻ മൺസൂൺ കോഫിയും പ്രത്യേക രുചിയുള്ളതാണ്. ആന്ധ്ര, ഒഡീഷ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോൾ കാപ്പിക്കൃഷിയുണ്ട്. ആന്ധ്രയിലെ അരാകു വാലി ആദിവാസി ജനതയുണ്ടാക്കിയ ജൈവ കോഫിയായ അരാകു എന്ന പേരിലുള്ള കോഫി ബ്രാൻഡ് രാജ്യാന്തര പുരസ്കാരമായ പ്രിക്സ് ഇപ്പിക്യുർ ഒആർ 2018 നേടി. ആദ്യമായാണ് ഒരു ഇന്ത്യൻ കോഫി ബ്രാൻഡിന് ഈ പുരസ്കാരം ലഭിക്കുന്നത്. 100 % അറബിക്ക കാപ്പിയാണിത്. ഇപ്പോൾ പാരിസിലും ഈ കോഫി ബ്രാൻഡിന് ഷോപ്പ് ഉണ്ട്. 5  വ്യത്യസ്തതരം കാപ്പികൾ ഇവിടെ വിൽക്കുന്നു. ഇതിൽ പ്രീമിയം വിഭാഗത്തിലുള്ള കാപ്പിക്ക് കിലോ ഗ്രാമിന് 7000 രൂപയാണ് വില!