സഹനത്തിന്റെയും സമാധാനത്തിന്റെയും ദിനരാത്രങ്ങൾക്കൊടുവിൽ ആകാശത്തിലെ പെരുന്നാള്‍ പിറ കാക്കുന്ന കാഞ്ഞിരപ്പള്ളി എന്ന എന്റെ നാട് വേറിട്ട രുചികള്‍ക്കും പേരുകേട്ട നാടാണ്.പെരുന്നാള്‍ ദിനത്തില്‍ കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് ഒഴിവാക്കാന്‍ ആവാത്ത വിഭവം ആയ തിക്കിടിയും പോത്ത് പിരളനും എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം.
തിക്കിടിയും പോത്ത് പിരളനും
തിക്കിടി എന്നാല്‍ (Rice Dumpling) ഒരു പ്രത്യേക അനുപാതത്തില്‍ അരിപ്പൊടി വാട്ടി ചെറു ചൂടോടു കൂടി തന്നെ കൈകൊണ്ടു നന്നായി (എത്ര കുഴക്കാമോ അത്രയും, പോറൊട്ടയ്ക്ക് കുഴക്കുന്ന പോലെ )കുഴച്ചു മയപ്പെടുത്തി ചെറിയ ചെറിയ ഉരുളആക്കി കൈയില്‍ ഒട്ടാതിരിക്കാന്‍ അല്പം വെളിച്ചെണ്ണ തടവി ഇരു കൈകള്‍ക്ക് ഇടയില്‍ വെച്ച് ഒന്ന് പ്രസ് ചെയിതു എടുക്കുന്നതാണ്.ചെറുപ്പത്തില്‍ പെരുന്നാള്‍ ദിനത്തിന്റെ തലേ ദിവസം അയല്‍പക്കത്തെ എല്ലാ സ്ത്രികളും ജാതിമതഭേധമന്യേ ഒരുമിച്ചു കൂടി ഇത് തയാറാക്കിയുരുന്നു.പെരുന്നാള്‍ ദിനത്തിൽ രാവിലത്തെ പെരുന്നാള്‍ നിസ്കാരത്തിനു ശേഷം ആദ്യം അയല്‍ പക്കങ്ങളില്‍ തിക്കിടിയും പോത്ത്പിരളനുമായി വിതരണം ചെയ്യുന്നു. ഇത് ഞങ്ങള്‍ കാഞ്ഞിരപ്പള്ളിക്കാരുടെ സന്തോഷദിവസം...
തിക്കിടിക്ക് ആവശ്യമായ ചേരുവകള്‍
അരിപൊടി 500 ഗ്രാം
ചെറിയ ഉള്ളി 100 ഗ്രാം
പെരുംജീരകം 25 ഗ്രാം
തക്കോലം 3 പീസ്
തേങ്ങ ഒരു വലുത്
മഞ്ഞള്‍ പൊടി ഒരു നുള്ള്
വെളിച്ചെണ്ണ 50 ml
കറിവേപ്പില രണ്ടു തണ്ട്
വാഴയില കവര്‍ ചെയ്യാന്‍ ആവശ്യത്തിനു
തയാറാക്കുന്ന വിധം
∙ആദ്യമായി തേങ്ങ ചുരണ്ടി പെരുംജീരികവും മഞ്ഞള്‍ പൊടി ചെറിയ ഉള്ളി (50 ഗ്രാം) എന്നിവ ചേര്‍ത്തു നന്നായി അരച്ച് എടുക്കുക.
∙ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചു കറിവേപ്പില തക്കോലം എന്നിവ ഇട്ടത്തിനു ശേഷം അരച്ച അരപ്പ് പത്രത്തിലേക്ക് ഒഴിക്കുക.
∙ഇതിനു ശേഷം അല്പം ചൂടുവെള്ളം ഒഴിക്കുക.അരപ്പും വെള്ളവും നന്നായി തിളച്ചതിന് ശേഷം നേരത്തെ തയ്യാര്‍ ചെയ്ത തിക്കിടി സാവധാനം കൈകൊണ്ടു വാരി ഇടുക.വെള്ളത്തിന്റെ അളവ് തിക്കിടിക്ക് മുകളില്‍ ഒരു ഇഞ്ച് എന്ന അനുപാതത്തില്‍ ആകാന്‍ ശ്രദ്ധിക്കുക.
∙പൊടിയാതെ ഇളക്കുക അടിക്കു പിടിക്കാതെ ശ്രദ്ധിക്കുക. വറ്റി വരുമ്പോള്‍ ചെറിയ ഉള്ളി അരിഞ്ഞു കറിവേപ്പിലയും ചേർത്ത് താളിച്ച് മുകളില്‍ ഒഴിക്കുക. വാഴയില മുകളില്‍ കവര്‍ ചെയ്തു മൂടിവെക്കുക തീ നന്നായി കുറച്ചു പത്തു മിനിറ്റ് വെക്കുക. അതിനുശേഷം പൊടിയാതെ ഇളക്കി മാറ്റി വെക്കുക .
ബീഫ് പിരളന്‍
ബീഫ് ഒരു കിലോ
സവോള മൂന്ന് വലുത്
ഇഞ്ചി ചതച്ചത് ഒരു ചെറിയ കഷണം
വെളുത്തുള്ളി ചതച്ചത് ഒരു കുടം.
പച്ചമുളക് നെടുകെ കീറിയത് മൂന്ന്
മഞ്ഞള്‍ പൊടി അര ടീസ്പൂൺ
മുളക് പൊടിരണ്ടര ടീസ്പൂൺ
മല്ലിപൊടി നാല് ടീസ്പൂൺ
ഗരംമസാല ഒരു ടീസ്പൂൺ
കറിവേപ്പില രണ്ടു തണ്ട്
തേങ്ങ പാല്‍ അരക്കപ്പ്
വെളിച്ചെണ്ണ ആവശ്യത്തിനു
ഉപ്പ് ആവശ്യത്തിനു
ബീഫ് ചെറിയ കഷണങ്ങള്‍ ആയി മുറിച് കഴുകി വാരി മഞ്ഞള്‍ പൊടി ,മുളകു പൊടി, മല്ലിപ്പൊടി, ഗരംമസാല എന്നി ചേരുവകള്‍ ചേര്‍ത്ത് അല്പം വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്തു നന്നായി മിക്സ് ചെയ്തു
വെക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച് സവോള,ഇഞ്ചി ചതച്ചത് , വെളുത്തുള്ളി ചതച്ചതും ചേര്‍ത്തു നിറംമാറുന്നവരെ വഴറ്റുക. ഇതിലേക്ക് ബീഫ് ഇടുക നന്നായി ഇളക്കുക.മൂടി വെച്ച് വേവിക്കുക
വെള്ളം ആവശ്യം എങ്കില്‍ മാത്രം ഒഴിക്കുക. വെന്തതിനു ശേഷം തേങ്ങാ പാല്‍ ചേര്‍ക്കുക. പച്ചമുളക് ഇടുക. നന്നയി തീ കുറച്ചു വരട്ടി എടുക്കുക. സ്വാദിഷ്ടമായ തിക്കിടിയും പോത്ത് പിരളനും തയാര്‍.