പച്ച കുരുമുളകു തേച്ചു പൊള്ളിച്ചെടുത്ത താറാവും കോഴിയും വടക്കോട്ടുള്ള ക്രിസ്ത്യാനി വീടുകളിലെ പ്രധാന വിഭവമാണ് . അതും പ്രത്യേകിച്ച് അമ്മച്ചിമാരുടെ രുചികൾ ഓർത്തിരിക്കുന്നവരിൽ മറന്നുപോകാത്തൊരു പേരും രുചിയുമാണ് ഇത്തരം പൊള്ളിച്ചെടുത്ത ഇറച്ചി വിഭവങ്ങൾ! നാട്ടുംപുറത്തെ വീടുകളിൽ സുലഭമായി കിട്ടുന്ന പച്ചക്കുരുമുളകാണിതിന്റെ പ്രധാന ചേരുവ. കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ പ്രധാന നാണ്യവിളയാണിത്. ഇംഗ്ലീഷിൽ ബ്ലാക്ക് പെപ്പർ എന്ന പേരുണ്ടായത് സംസ്കൃതത്തിലെ പിപ്പലിയിൽ നിന്നുമാണ്, ഔഷധഗുണമേറെയുള്ള കുരുമുളക് മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്. കഫം ,പനി ഇവയെ ശമിപ്പിക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും കുരുമുളക് നല്ലതാണ്. പച്ചക്കുരുമുളക് അരച്ച നാടൻ രുചി വളരെ വ്യത്യസ്തമാണ്. പച്ചക്കുരുമുളകില്ലെങ്കിൽ ഉണങ്ങിയ കുരുമുളക് ചേർക്കാം.
ചേരുവകൾ
ചിക്കൻ - 1 ( തൊലി കളഞ്ഞത്)
കുരുമുളക് - 1 ടേബിൾ സ്പൂൺ
പച്ചക്കുരുമുളക് - ½ ടേബിൾ സ്പൂൺ
വെളുത്തുള്ളി – 1 കുടം ( 10 എണ്ണം)
ഇഞ്ചി- 1 ഇഞ്ച് നീളം
ഉപ്പ് – പാകത്തിന്
കറിവേപ്പില- ആവശ്യത്തിന്
ഉരുളക്കിഴങ്ങ് - 5 ഇടത്തരം
പാചകരീതി
കുരുമുളകും വെളുത്തുള്ളിയും ഇഞ്ചിയും ഉപ്പും ഒരുമിച്ച് അരച്ച്, കഴുകി വരഞ്ഞ കോഴിയിൽ പുരട്ടിവെയ്ക്കുക. തൊലികളഞ്ഞ ഉരുളക്കിഴിങ്ങും കോഴിയും പ്രഷർകുക്കറിൽ വേവിച്ചെടുക്കാം. ഏറ്റവും ചെറിയ തീയിൽ 5 മിനിറ്റ് തുറന്ന് വെയ്ക്കുക. വെള്ളം അല്പം ഇറങ്ങാൻ തുടങ്ങുമ്പോൾ ആവശ്യമെങ്കിൽ 1 കപ്പ് വെള്ളം ഒഴിച്ച് 1, 2 വിസിൽ കേൾക്കുന്നതുവരെ വേവിക്കുക. ഒരു പരന്ന ഫ്രൈയിങ് പാത്രത്തിൽ അല്ലെങ്കിൽ ഇരുമ്പ് ചീനച്ചട്ടിയിൽ അല്പം തിരിച്ചും മറിച്ചും ഇട്ട് ,കോഴിയും, ഉരുളക്കിഴങ്ങും മൊരിച്ചെടുക്കുക. ചെറുതായി മുറിച്ച് വേവിച്ച പച്ചക്കറികളും മുകളിൽ നിരത്തി വിളമ്പാം.