ഇറച്ചിപ്പത്തിരി ഇല്ലാതെ എന്ത് ഇഫ്താർ സൽക്കാരം...

മനസ്സും ശരീരവും ഒരേപ്രകാരം പങ്കുചേരുന്ന ആരാധനാ കർമമായാണു നോമ്പുകാലം. നോമ്പുകാലത്തിന്റെ പുണ്യനിറവിന് ഓരോരുത്തർക്കും ഓരോ രുചിയോർമ്മകളാകും...ചൂടുള്ള ഇറച്ചിപ്പത്തിരിയുടെ നോമ്പുതുറയായാലോ?

1 ഇറച്ചി – അരക്കപ്പ്, കൊത്തിയരിഞ്ഞത്

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

2 എണ്ണ – രണ്ടു വലിയ സ്പൂൺ

3 സവാള – നാല്, ചെറുതായി അരിഞ്ഞത്

പച്ചമുളക് – 10, കനം കുറച്ചരിഞ്ഞത്

ഇഞ്ചി – ഒരു കഷണം, ചതച്ചത്

വെളുത്തുള്ളി – എട്ട് അല്ലി, ചതച്ചത്

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില– രണ്ടു തണ്ട്

പുതിനയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

4 മൈദ – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

വെള്ളം – മൈദ കുഴയ്ക്കാൻ ആവശ്യത്തിന്

5 എണ്ണ – വറുക്കാൻ ആവശ്യത്തിന്

6 കോഴിമുട്ട – അഞ്ച്

പഞ്ചസാര – പാകത്തിന്

ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു വേവിച്ചു വെള്ളം ഊറ്റിയെടുക്കുക.

∙എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.

∙നന്നായി വഴന്നശേഷം വേവിച്ച ഇറച്ചിയും ചേർത്തു വഴറ്റി മാറ്റി വയ്ക്കുക.

∙നാലാമത്തെ ചേരുവ കുഴച്ചു ചെറിയ ഉരുളകളാക്കി, പൂരി യുടെ വലുപ്പത്തിൽ പരത്തി വയ്ക്കുക.

∙ഒരു പത്തിരിയുടെ മുകളിൽ അൽപം ഇറച്ചിക്കൂട്ടു നിരത്തിയ ശേഷം മറ്റൊരു പത്തിരി മുകളിൽ വച്ച് അരിക് പിരിച്ചൊട്ടി ക്കുക.

∙ഇങ്ങനെ എല്ലാ ഇറച്ചിപ്പത്തിരിയും തയാറാക്കിയ ശേഷം ഓരോന്നും ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.

∙ആറാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙ഒരു പാൻ അടുപ്പത്തു വച്ച്, ഒരു സ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കുക.

∙വറുത്തെടുത്ത പത്തിരി ഓരോന്നായി മുട്ട മിശ്രിതത്തിൽ മുക്കി, പാനിലിട്ട് തിരിച്ചും മറിച്ചുമിട്ടു വേവിക്കുക. 

പാചക കുറിപ്പുകൾക്കു കടപ്പാട്:

ബുഷി ശംസു, ദാരി മുസ്തഫ, സുഹാന യൂനസ്