Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഫ്താർ വിരുന്നിനൊരുക്കാം തലയിണ ചിക്കൻ...

ഷഹാന ഇല്ല്യാസ്
Pillow Chiken

നോമ്പ് തുറക്കുന്ന സമയത്ത് ഉണ്ടാക്കാൻ പറ്റിയ ഒരു പുതുമ നിറഞ്ഞ സ്‌നാക്ക് പരിചയപ്പെടാം.

തലയിണ ചിക്കൻ ചേരുവകൾ:

ചിക്കൻ മസാലകൾ ചേർത്ത് വേവിച്ചത് -അര കപ്പ്
സവാള ചെറുതായി അരിഞ്ഞത്-അര കപ്പ് 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺ 
തക്കാളി ചെറുതായി അരിഞ്ഞത്- കാൽ കപ്പ് 
മുളക് പൊടി- ഒരു ടീസ്പൂൺ 
ഗരം മസാല- അര ടീസ്പൂൺ 
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ 
മല്ലിയില- 2 തണ്ട് 
മുട്ട- 3 
പാൽ- 2 ടേബിൾ സ്പൂൺ 
ബ്രഡ്  –4 എണ്ണം 
മൈദ- ഒരു കപ്പ് 
ഉപ്പ്- ആവശ്യത്തിന് 
എണ്ണ -ആവശ്യത്തിന് 

ആദ്യം മൈദ അല്പം ഉപ്പും ഒരു ടീസ്പൂൺ എണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ച് അര മണിക്കൂർ മൂടി വയ്ക്കാം. ഒരു പാനിൽ 2 സ്പൂൺ എണ്ണ ചൂടാക്കി സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി, മുളക് പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല ഇവ ഓരോന്നായി ചേർത്ത് നന്നായി വഴറ്റുക വേവിച്ച ചിക്കൻ പൊടിയായി അരിഞ്ഞതും, മല്ലിയിലയും കൂടെ ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കുക.ഒരു മുട്ട കൂടി അതിലേക്ക് പൊട്ടിച്ചൊഴിച്ച് ഇളക്കി മൊരിച്ചെടുക്കുക. 

മറ്റൊരു ബൗളിൽ ഒരു മുട്ടയും 2 ടേബിൾ സ്പൂൺ പാലും കൂടി യോജിപ്പിച്ച് വെക്കുക. ഒരോ ബ്രെഡും അരിക് മുറിച്ച് കളഞ്ഞ് 4 പീസ് ആയി മുറിച്ചു വെക്കുക.ഇനി മൈദ കുഴച്ചു വെച്ചത് 6 ബോൾ ആക്കുക. ഓരോ ബോളും അല്പം എണ്ണ പുരട്ടി കനം കുറച്ച് പരത്തുക. പരത്തിയ ചപ്പാത്തിയുടെ നടുവിൽ അല്പം മസാല നിരത്തുക.ഒരു ബ്രെഡ് പീസ് മുട്ട പാൽ മിശ്രിതത്തിൽ മുക്കി മസാലയുടെ മുകളിൽ വെയ്ക്കുക. അതിനു മേലെ വീണ്ടും മസാല ഇടുക. മുകളിൽ  വീണ്ടും മുട്ട പാൽ മിശ്രിതത്തിൽ മുക്കിയ ബ്രഡ് വെക്കുക. മേലെ മസാല വെക്കുക.ഇനി ചപ്പാത്തി കൊണ്ട് നാല് വശത്ത് നിന്നും കവർ ചെയ്യുക.

മുട്ട പാൽ മിശ്രിതത്തിലേക്ക് ഒരു മുട്ട കൂടി ചേർത്ത് മല്ലിയിലയും കൂടെ ചേർത്ത് യോജിപ്പിച്ച് വെക്കുക. ഓരോ ചിക്കൻ പില്ലോയും ഇതിൽ മുക്കി ചൂടായ എണ്ണയിൽ വറുത്ത് കോരുക.ബാക്കി വരുന്ന മുട്ട മിശ്രിതം കൊണ്ട് ഓംലെറ്റ് ഉണ്ടാക്കി ചിക്കൻ തലയിണയുടെ കൂടെ സെർവ് ചെയ്യാം…