കാടമുട്ടയുടെ രുചിയിലൊരു സ്കോച്ച് എഗ്ഗ്

സ്കോച്ച് എഗ്ഗ് ചിത്രം: ഷഹ്ന ഇല്ലിയാസ്

സ്കോച്ച് എഗ്ഗ് യഥാർത്ഥത്തിൽ ഒരു ബ്രിട്ടീഷ് വിഭവം ആണ്. അതിന്റെ ഒരു കേരള വേർഷൻ ആണ് ഞാൻ ഇവിടെ ഉണ്ടാക്കിയിട്ടുള്ളത്. കോഴി മുട്ട ഇറച്ചി മസാലയിൽ പൊതിഞ്ഞു വറുത്തെടുക്കുന്ന ഈ ഡിഷിൽ ഇവിടെ ഞാൻ ഉപയോഗിച്ചിരിക്കുന്നത് കാടമുട്ടയാണ്. രുചിയുടെയും പോഷകങ്ങളുടെയും കാര്യത്തിൽ മുമ്പനാണ് കാടമുട്ട

ചേരുവകൾ:

കാടമുട്ട-8 
ചിക്കൻ/ബീഫ്-200 ഗ്രാം (മസാലകൾ ചേർത്ത് വേവിച്ച് മിൻസ് ചെയ്‌തത്‌ )
മുളകുപൊടി-1 ടീസ്‌പൂൺ 
മഞ്ഞൾപ്പൊടി-കാൽ ടീസ്പൂൺ 
ഗരം മസാല-കാൽ ടീസ്പൂൺ 
സവാള-1 
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ 
കറിവേപ്പില-ഒരു തണ്ട് 
മല്ലിയില-ഒരു പിടി 
ഉപ്പ്-ആവശ്യത്തിന് 
ഉരുളക്കിഴങ്ങ്-2 ചെറുത് 
മുട്ടയുടെ വെള്ള-ഒന്നിന്റെ 
ബ്രെഡ് പൊടി-കാൽ കപ്പ് 
എണ്ണ -ആവശ്യത്തിന് 

പാചകരീതി

കാടമുട്ട പുഴുങ്ങി തൊലി കളഞ്ഞു വെക്കുക.ഒരു പാനിൽ ഒരു സ്പൂൺ എണ്ണ ഒഴിച്ച്, അതിലേക്ക് സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. ബ്രൗൺ നിറമായി തുടങ്ങുമ്പോൾ ഇതിലേക്ക്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല ഇവ ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് വേവിച്ച് മിൻസ് ചെയ്തു വെച്ച ഇറച്ചിയും മല്ലിയിലയും കറിവേപ്പിലയും പൊടിയായി അരിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചതും ചേർത്തിളക്കി മാറ്റിവെക്കുക. ഇനി പുഴുങ്ങിയ കാടമുട്ട ഓരോന്നായി എടുത്ത്, തയാറാക്കിയ മസാല കൊണ്ട് പൊതിയുക. ഇത് മുട്ടവെള്ള  പതപ്പിച്ചതിൽ മുക്കി, ബ്രെഡ് പൊടിയിൽ ഉരുട്ടിയെടുത്ത്, ചൂടായ എണ്ണയിൽ വറുത്ത് കോരുക. വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു സ്നാക്ക് ആണിത്.