ചക്ക കൊണ്ടുള്ള 15 വിഭവങ്ങൾ

പണ്ടേ നമ്മുടെ ലിസ്റ്റിലുണ്ടെങ്കിലും ഔദ്യോഗികമായി ഒരു സ്ഥാനം ലഭിച്ച ശേഷമുള്ള ആദ്യ ചക്ക ദിനമാണിന്ന് (ജൂലൈ 4). മാംസ വിഭവങ്ങളോടുള്ള പ്രിയം (ആക്രാന്തം) കുറച്ച്,  കൂടുതൽ രുചികരമായ പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി jackfruitday.com ആണ് ചക്ക ദിനാചരണവുമായി രംഗത്തെത്തിയത്. ചുമ്മാ അങ്ങ് ദിനാചരണമല്ല  കട്ട പോർക്ക്പ്രിയരെ വരെ ഒതുക്കാനുള്ള വിഭവങ്ങളാണ് അവതരിപ്പിക്കുന്നതത്രേ. റെസിപികൾ വേണ്ടവർക്ക് നേരെ jackfruitday.com ൽ പോയി സംഗതി പരീക്ഷിക്കാവുന്നതാണ്. ജാക്ഫ്രൂട്ട് മിന്റ് സ്മൂതി, ബാർബിക്യു ജാക്ഫ്രൂട്ട് സാൻഡ്‌വിച്ച്,  ജാക്ഫ്രൂട്ട് ട്യൂണ മെൽറ്റ് സാൻഡ്‌വിച്ച്, ജാക്ഫ്രൂട്ട് മാംഗോ സ്മൂതി എന്നിങ്ങനെ പുത്തൻ പരീക്ഷണങ്ങളാകാം. ചക്ക കാലം തീർന്നല്ലോ എന്നു സങ്കടപ്പെടാതെ ഉള്ളതിനെ മുതലാക്കാന്ന്...

 (മുൻപൊക്കെ ബാക്കിവരുന്ന ചക്കച്ചുള കളയാതെ ഉണക്കി സൂക്ഷിക്കുമായിരുന്നു. ചക്കക്കുരു മണ്ണിൽ കുഴിച്ചിട്ടു സീസൺ അല്ലാത്തപ്പോൾ ഉപയോഗിക്കും. ഇപ്പോൾ കേരളത്തിലുൽപാദിപ്പിക്കപ്പെടുന്ന ചക്കയുടെ പകുതിയോളം പാഴായി പോവുകയാണ്)

ഡോക്ടർമാർ പറയുന്നു

ചക്കപ്പുഴുക്ക് പ്രമേഹം നിയന്ത്രണത്തിലാക്കാൻ സഹായിക്കുമെന്ന റിപ്പോർട്ടുകൾ പ്രമേഹരോഗികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. പച്ച ചക്ക രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കാര്യമായി താഴ്ത്തുമെന്നും  ഇൻസുലിനും മരുന്നും ഡോസ് പാതിയായി കുറയ്‌ക്കാൻ സഹായിക്കുമെന്നും വാർത്തകൾ വന്നതോടെ  കേരളത്തിൽ  ചക്കയ്ക്ക് പ്രിയമേറി. ഗോതമ്പുകഞ്ഞിയുടെയും   ചപ്പാത്തിയുടെയും മടുപ്പിൽ നിന്നുള്ള മോചനം എത്ര ആശ്വാസകരമാണ്. ഒരു കാര്യം  പ്രത്യേകം ശ്രദ്ധിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കുറവു വരുമെന്നതിനാൽ പ്രമേഹത്തിന്റെ മരുന്നുകളോ, ഇൻസുലിനോ എടുക്കുന്നവർ ഡോക്ടറെ അറിയിക്കേണ്ടതാണ്. കൃത്യമായി ഷുഗർ ലെവൽ നോക്കുകയും വേണം. ചക്കയുടെ കൂടെ മരുന്നോ ഇൻസുലിനോ ചേർന്നു പഞ്ചസാരയുടെ അളവ് തീരെ കുറഞ്ഞു പോയാൽ അപകടമാകും.

ചക്കപ്പുഴുക്കിൽ ചേർക്കുന്ന തേങ്ങ, എണ്ണ, ഓരോരുത്തരുടെയും ശാരീരിക പ്രത്യേകതകൾ ഇവയും ശ്രദ്ധിക്കണമെന്നു മാത്രം.  പച്ചച്ചക്കയിൽ അന്നജത്തിന്റെ അളവ് കുറവായതും ശരീരം ആഗിരണം ചെയ്യാത്ത ഫൈബർ (നാര്) അടങ്ങിയിട്ടുള്ളതുമാണു രക്‌തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നത്.  പക്ഷേ പ്രോട്ടീനിന്റെ അളവു കുറവായതിനാൽ മീൻ, ഇറച്ചി, കടല, പയർ, പരിപ്പ് തുടങ്ങിയ കറികളോടൊപ്പം കഴിക്കുന്നതാണ് നല്ലത്.

പോഷകസമൃദ്ധം 

പഴങ്ങളിൽ വച്ചു ഏറ്റവും വലുതായ ചക്ക  ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സംപുഷടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ചക്കയിൽ നിന്നുണ്ടാക്കാം. ചക്കകുരുവിന്റെ പുറത്തെ പാട എടുത്ത് പച്ചമുളകും ചുവന്നുള്ളിയും ചേർത്ത് വറുത്തെടുക്കുന്ന െമഴുക്കുപുരട്ടി പത്തനംതിട്ടക്കാരുടെ സ്പെഷൽ ആണ്.

ചക്കയെന്ന ഔഷധം 

കുടലിലെ കാൻസറിനു വരെയുള്ള ഔഷധം ചക്കയിലുണ്ടെന്ന് ആയുർവേദം ഉറപ്പു നൽകുന്നു. പൊതുവേ ക്ഷാരഗുണമാണു ചക്കയ്ക്ക്. ചക്ക വയറ്റിലെത്തിയാൽ കുടലിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തും. ദഹനം കൂടും. അന്നജം, സോഡിയം, പൊട്ടാസിയം, ഗ്ലൂക്കോസ് എന്നിവ ചക്കയിൽ സുലഭം. നിർജലീകരണം തടയും. അതിനാൽ വേനലിൽ ഉത്തമം. ക്ഷാര ഗുണമായതിനാൽ അസിഡിറ്റിക്കും പരിഹാരമാണ്. 

ചക്കവിശേഷം

∙ മരത്തിലുണ്ടാകുന്ന ഏറ്റവും വലിപ്പമേറിയ ഫലം. 35 കിലോ വരെ എത്തും സാധാരണ ഭാരം

∙ നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിന്റെയും ദേശീയ ഫലം

തനിനാടൻ ചക്ക വിഭവങ്ങൾ

∙ ഇടിച്ചക്കത്തോരൻ 

ചേരുവകൾ
1. ഇടിച്ചക്ക പ്രായത്തിലുള്ള
ചക്ക– ഒന്ന്
2. നാളികേരം–ഒന്ന് (ചിരവിയത്)
3. കടുക്, വറ്റൽ മുളക്,
ഉഴുന്നുപരിപ്പ്, പച്ചരി–ഒരു ടീസ്‌പൂൺ
4. കറിവേപ്പില–ഒരു തണ്ട്
5. വെളിച്ചെണ്ണ–രണ്ടു ഡിസേർട്ട് സ്‌പൂൺ
6. മഞ്ഞൾപ്പൊടി, മുളകുപൊടി–കാൽ ടീസ്‌പൂൺ വീതം
7. ഉപ്പ്–പാകത്തിന്

പാചകം ചെയ്യുന്നവിധം 

ഇടിച്ചക്കയുടെ പുറം ചെത്തി തൊലി മാത്രം കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഇതിൽ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് ചക്ക ഉടച്ച് തേങ്ങ ചിരവിയതും ചേർത്തു യോജിപ്പിക്കുക. കടുകു വറുത്ത് അതിലേക്ക് ഉടച്ചുവച്ച ചക്കക്കൂട്ട് ഇട്ട് ചെറുതീയിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർക്കുക. അടുപ്പിൽനിന്ന് എടുക്കും മുമ്പ് വെളിച്ചെണ്ണ അൽപ്പം ഒഴിച്ചു ഇറക്കിവയ്‌ക്കുക. 

കൊത്തുചക്കത്തോരൻ 

ചേരുവകൾ
1. മൂക്കാത്ത ചക്ക– ഇടത്തരം ചക്കയുടെ കാൽ ഭാഗം
2. തേങ്ങ– ഒരു മുറി
3. മഞ്ഞൾപ്പൊടി–അര ടീസ്‌പൂൺ
മുളകുപൊടി– ഒരു ടീസ്‌പൂൺ
4. കടുക്– ഒരു ടീസ്‌പൂൺ
വറ്റൽ മുളക്–അഞ്ചെണ്ണം
ഉഴുന്നുപരിപ്പ്–ഒരു ടീസ്‌പൂൺ
അരി–രണ്ട് ടീസ്‌പൂൺ
5. കറിവേപ്പില– നാലു തണ്ട്
6. ഉപ്പ്– പാകത്തിന്
7. വെളിച്ചെണ്ണ – അഞ്ച് ടീസ്‌പൂൺ

പാചകം ചെയ്യുന്ന വിധം 

ചൂടായ എണ്ണയിൽ കടുക്, അരി ഇവയിട്ടു മൂക്കുമ്പോൾ അതിലേക്ക് കൊത്തിയരിഞ്ഞ ചക്കയും മഞ്ഞൾപ്പൊടി, മുളകുപൊടി. ഉപ്പ് എന്നിവയും ഇട്ട് വേവിക്കുക. ഇതിൽ തേങ്ങ ചിരവിയത് ചേർത്ത് അഞ്ചു മിനിറ്റ് ആവി കയറ്റുക. തീ അണയ്‌ക്കുന്നതിനു മുൻപ് വെളിച്ചെണ്ണയും കറിവേപ്പിലയും ഇടുക. 

ചക്ക എരിശേരി 

ചേരുവകൾ
1. ചക്ക (ഇടത്തരം)– കാൽ ഭാഗം
2. കുരുമുളകുപൊടി–ഒന്നര ടീസ്‌പൂൺ
3. മഞ്ഞൾപ്പൊടി–ഒന്നര ടീസ്‌പൂൺ
4. മുളകുപൊടി– ഒന്നര ടീസ്‌പൂൺ
5. ഉപ്പ്– പാകത്തിന്
6. വെളിച്ചെണ്ണ– അഞ്ച് ആറ് ടീസ്‌പൂൺ
7. തേങ്ങ (അരയ്‌ക്കാൻ)– ഒരു മുറി
വറുക്കാൻ– ഒരു തേങ്ങ
8. ജീരകം– ഒരു ടീസ്‌പൂൺ
9. നെയ്യ്–ഒന്നര ടീസ്‌പൂൺ
10. കടുക്– രണ്ടു ടീസ്‌പൂൺ

പാചകം ചെയ്യുന്ന വിധം 

അരിഞ്ഞു വച്ചിരിക്കുന്ന ചക്ക ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേർത്തു വേവിക്കുക. വെന്തു വരുമ്പോൾ ജീരകം ചേർത്തരച്ച തേങ്ങയും ചേർക്കുക. അതിലേക്ക് നെയ്യിൽ വറുത്ത ജീരകം, കുരുമുളകുപൊടി, കറിവേപ്പില , വറുത്ത തേങ്ങ എല്ലാം ഇളക്കി യോജിപ്പിച്ച് തിളക്കുമ്പോൾ തീയണച്ചു ഇറക്കി വയ്‌ക്കുക. ചക്ക വേവിച്ചതിൽ വെള്ളം അധികം ഉണ്ടാകാൻ പാടില്ല. 

ചക്ക മുളോഷ്യം

1. ചക്ക (മൂത്ത ഇടത്തരം)– കാൽ ഭാഗം
2. കുരുമുളകുപൊടി– അര ടീസ്‌പൂൺ
3. മഞ്ഞൾപ്പൊടി– അര ടീസ്‌പൂൺ
4. പച്ചമുളക്– ആറ്/ഏഴ് എണ്ണം
5. വെളിച്ചെണ്ണ– രണ്ടു ടീസ്‌പൂൺ
6. ഉപ്പ്– പാകത്തിന്
7. തേങ്ങ– ഒന്ന്
8. ജീരകം– അര ടീസ്‌പൂൺ
9. കറിവേപ്പില–മൂന്നു തണ്ട്

പാചകം ചെയ്യുന്ന വിധം 

അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ജീരകവും പച്ചമുളകും ചേർത്ത് അരച്ച തേങ്ങ വെന്ത ചക്കയിലേക്ക് ചേർത്ത് തിളപ്പിക്കുക. പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീയണയ്‌ക്കുക. 

∙ചക്കപ്പുഴുക്ക് 

1. ചക്ക (വിളഞ്ഞത്)– കാൽ ഭാഗം
2. തേങ്ങ– ഒന്ന്
3. മഞ്ഞൾപ്പൊടി– അര ടീസ്‌പൂൺ
മുളകുപൊടി– ഒരു ടീസ്‌പൂൺ
ജീരകം– അര ടീസ്‌പൂൺ
4. ചെറിയ ഉള്ളി– 8 /10 ചുള
5. പച്ചമുളക്– 5 / 6 എണ്ണം
6. വെളിച്ചെണ്ണ– രണ്ടു ടീസ്‌പൂൺ
7. കറിവേപ്പില– അഞ്ചു തണ്ട്

പാചകം ചെയ്യുന്ന വിധം 

അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. അതിലേക്ക് ജീരകം, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് ചതച്ച തേങ്ങയും കൂടി ചേർക്കുക. പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീ ആണയ്‌ക്കുക. പച്ചമുളകിനു പകരം കൊല്ലമുളക് ഉപയോഗിക്കാം. 

ചക്കബജി 

1. ചക്കച്ചുള (വിളഞ്ഞത്)–10 എണ്ണം
2. കടലമാവ്–50 ഗ്രാം
3. അരിപ്പൊടി–രണ്ടു ടീസ്‌പൂൺ
4. മുളകുപൊടി–മുക്കാൽ ടീസ്‌പൂൺ
5. മഞ്ഞൾപ്പൊടി–കാൽ ടീസ്‌പൂൺ
6. കായപ്പൊടി–കാൽ ടീസ്‌പൂൺ
7. കുരുമുളകുപൊടി–കാൽ ടീസ്‌പൂൺ
8. ഉപ്പ്–പാകത്തിന്

പാകം ചെയ്യുന്ന വിധം 

കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഇഡ്‌ഡലി മാവിെൻറ പാകത്തിൽ തയാറാക്കുക. ചൂടായ എണ്ണയിൽ ഓരോ ചക്കച്ചുള വീതം മാവിൽ മുക്കി വറുത്തെടുക്കുക. 

ചക്കപ്പലഹാരം 

1. പഴുത്ത ചക്ക–അര കിലോ ( ശർക്കരയും നെയ്യും
ചേർത്തു വരട്ടിയത്)
2. അരിപ്പൊടി–250 ഗ്രാം
3. തേങ്ങ ചിരകിയത്–ഒരെണ്ണം
4. തേങ്ങ ചെറുതായി
നുറുക്കിയത് –കാൽ മുറി
5. എടനയുടെ ഇല അല്ലെങ്കിൽ
വാഴയില–20 എണ്ണം

പാചകം ചെയ്യുന്ന വിധം 

വരട്ടിയ ചക്കയും അരിപ്പൊടിയും തേങ്ങ ചിരകിയതും നുറുക്കിയതും അൽപ്പം നെയ്യും കൂടി കുഴച്ച് യോജിപ്പിക്കുക. എടനയിലയിൽ മാവ് കുറച്ചെടുത്ത് ചുരുട്ടുക. ആവിയിൽ വച്ച് വേവിച്ചെടുക്കുക. 

∙ചക്കചീഡ

1. ചക്ക വരട്ടിയത് –250 ഗ്രാം
2. അരിപ്പൊടി–200 ഗ്രാം
3. വെളിച്ചെണ്ണ–അര കിലോ

പാകം ചെയ്യുന്ന വിധം 

ചക്ക വരട്ടിയതും അരിപ്പൊടിയും കൂട്ടി യോജിപ്പിച്ച് ചെറിയ ഉരുളകൾ ആക്കുക. എണ്ണ ചൂടാക്കി അതിൽ വറുത്തു കോരുക.

ചക്കപ്രഥമൻ 

1. ചക്ക വരട്ടിയത്–500 ഗ്രാം
2. ശർക്കര–
3. തേങ്ങ–മൂന്നെണ്ണം
4. ചുക്കുപൊടി–ഒരു ടീസ്‌പൂൺ
5. ജീരകപ്പൊടി–അര ടീസ്‌പൂൺ
6. ഏലയ്‌ക്കാപ്പൊടി–കാൽ ടീസ്‌പൂൺ
7. തേങ്ങാപ്പാൽ–മൂന്നാംപാൽ (ഒരു ലീറ്റർ), രണ്ടാം പാൽ (മുക്കാൽ ലീറ്റർ), ഒന്നാം പാൽ (കാൽ ലീറ്റർ)
8. നെയ്യ്–അഞ്ച് ടീസ്‌പൂൺ

പാകം ചെയ്യുന്ന വിധം 

തേങ്ങ ചിരകി ചതച്ച് മൂന്നു പാലും എടുക്കുക. വരട്ടിയ ചക്കയിൽ ആദ്യം മൂന്നാം പാലും പിന്നെ രണ്ടാം പാലും ചേർത്ത് ഇളക്കുക. കുറുകി വരുമ്പോൾ അടുപ്പിൽനിന്നു വാങ്ങി തലപ്പാൽ ചേർക്കുക. തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്തുചേർക്കുക. 

∙ചക്ക അട 

1. ചക്കപ്പഴം–നുറുക്കിയത് (നാല് ചുളയുടെ)
2. അരിപ്പൊടി–100 ഗ്രാം
3. തേങ്ങ ചിരകിയത്–ഒരു മുറി
4,. ശർക്കര–200 ഗ്രാം
5. ഏലയ്‌ക്കാപ്പൊടി–കാൽ ടീസ്‌പൂൺ
6. വാഴയില വാട്ടിയത്–15 എണ്ണം

പാകം ചെയ്യുന്ന വിധം 

അരിപ്പൊടി ഇഡ്‌ഡലി മാവിെൻറ പാകത്തിന് കുഴയ്‌ക്കുക. നുറുക്കിയ ചക്കച്ചുള, തേങ്ങ ചിരകിയത്, ശർക്കര, ഏലയ്‌ക്കാപ്പൊടി എന്നിവ തിരുമ്മിവയ്‌ക്കുക. വാട്ടിയ വാഴയിലയുടെ നടുക്ക് കൂട്ടുവച്ച് ഇലയട ഉണ്ടാക്കുമ്പോൾ മടക്കുന്നപോലെ മടക്കി ആവിയിൽ വേവിക്കുക. 

ചക്ക വറുത്തത് 

ചക്കച്ചുള നീളത്തിൽ അരിഞ്ഞത് – നാലിലൊന്നു ഭാഗം (വിളഞ്ഞത്)
2. വെളിച്ചെണ്ണ –ഒരു കിലോ
3. കല്ലുപ്പു കുറച്ച് വെള്ളത്തിൽ കലക്കുക–രണ്ട് ടീസ്‌പൂൺ

പാകം ചെയ്യുന്ന വിധം 

വെളിച്ചെണ്ണ തിളച്ചാൽ അരിഞ്ഞ ചക്കച്ചുള ഇടുക. ഇടയ്‌ക്കിടെ ഇളക്കിക്കൊടുക്കണം. മൂപ്പായി തുടങ്ങുമ്പോൾ ഉപ്പ് വെള്ളം ഒഴിച്ച് വീണ്ടും ഇളക്കിക്കൊടുക്കുക. മൂപ്പ് പാകമായാൽ കോരി എടുക്കുക. 

ചക്കച്ചമ്മന്തി 

1. ചക്ക (ഉണ്ടായി വരുന്ന സമയത്തെ)–2 എണ്ണം
2. തേങ്ങാമുറി–ഒന്ന്
3. കൊല്ലമുളക്–10 എണ്ണം
4. ചെറിയ ഉള്ളി–അഞ്ച് അല്ലി
5. കറിവേപ്പില–ഒരു തണ്ട്
6. ഉഴുന്നുപരിപ്പ്–ഒരു സ്‌പൂൺ
7. വാളൻ പുളി– ഒരു കുഞ്ഞു നെല്ലിക്കയോളം
8. ഉപ്പ്–പാകത്തിന്

പാകം ചെയ്യുന്ന വിധം 

ചക്ക കനലിൽ ചുടുക. തേങ്ങ, മുളക്, ഉഴുന്ന്, ഉള്ളി, കറിവേപ്പില എല്ലാം കൂടി വറുക്കുക. എല്ലാം കൂടി പുളിയും കൂട്ടി വെള്ളമില്ലാതെ ചമ്മന്തിപ്പരുവത്തിൽ അരയ്‌ക്കുക. ഉപ്പ് പാകത്തിനു ചേർക്കുക.. 

∙ചക്കപ്പപ്പടം 

മൂത്ത ചക്കച്ചുള –25 എണ്ണം
2. കൊല്ലമുളക്–10 എണ്ണം
3. ജീരകം–ഒരു ടീസ്‌പൂൺ
4. കായപ്പൊടി–ഒരു ടീസ്‌പൂൺ
5. ഉപ്പ് – പാകത്തിന്
6. മഞ്ഞൾപ്പൊടി–കാൽ ടീസ്‌പൂൺ

പാകം ചെയ്യുന്ന വിധം 

ചക്കച്ചുള കുരുമുളക് , ഉപ്പ് , കുരുമുളക്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് പാകത്തിന് വെള്ളത്തിൽ വേവിക്കുക. വെള്ളം വേവാൻ മാത്രം, കൂടരുത്. ബാക്കി എല്ലാ ചേരുവ കൂടി അരയ്‌ക്കണം. തുണിയിലോ, പ്ലാസ്‌റ്റിക് ഷീറ്റിലോ പപ്പടത്തിെൻറ വട്ടത്തിൽ പരത്തുക. മൂന്നു ദിവസം ഉണക്കുക. ഉണങ്ങിയതിനുശേഷം വെള്ളം തളിച്ച് തുണിയിൽനിന്നു പറിച്ചെടുക്കുക. വീണ്ടും ഉണക്കുക. വായുകേറാത്ത പാത്രത്തിൽ സൂക്ഷിക്കുക. ആവശ്യത്തിന് വെളിച്ചെണ്ണയിൽ വറുത്തെടുക്കാം. 

ചക്ക പഴംപൊരി 

1. പഴുത്ത വരിക്കച്ചക്ക–10 ചുള
2. മൈദ–കാൽ ടീസ്‌പൂൺ
3. അരിപ്പൊടി–മൂന്നു ടീസ്‌പൂൺ
4. പഞ്ചസാര– അഞ്ചു ടീസ്‌പൂൺ
5. വെളിച്ചെണ്ണ–അരക്കിലോ വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം 

മൈദ, അരിപ്പൊടി, പഞ്ചസാര എന്നിവ ഇഡ്‌ഡലി മാവ് പാകത്തിൽ വെള്ളമൊഴിച്ചു കലക്കുക. എണ്ണ ചൂടാവുമ്പോൾ ചുളകൾ രണ്ടായി നീളത്തിൽ മുറിച്ച് മാവിൽ മുക്കി വറുത്തെടുക്കുക. 

ചക്കത്തോരൻ 

മൂത്ത ചക്കച്ചുള – കാൽ ഭാഗം
മുളകുപൊടി – ഒരു ടീ സ്‌പൂൺ
മഞ്ഞൾപ്പൊടി –അര ടീസ്‌പൂൺ
കടുക്–രണ്ടു ടീസ്‌പൂൺ
വറ്റൽ മുളക്–എട്ടെണ്ണം
ഉഴുന്നുപരിപ്പ്–അര ടീസ്‌പൂൺ
അരി–രണ്ടു ടീസ്‌പൂൺ
കറിവേപ്പില– നാലുതണ്ട്
തേങ്ങ–ഒന്ന്
ഉപ്പ്–പാകത്തിന്

പാകം ചെയ്യുന്ന വിധം 

കടുക്, മുളക്, കറിവേപ്പില, ഉഴുന്ന്, അരി എന്നിവ മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ ചക്കച്ചുളയും മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ഇട്ട് വേവിക്കുക. വേകാൻ മാത്രം കുറച്ച് വെള്ളമൊഴിക്കുക. വെന്തശേഷം ചിരകിയ തേങ്ങ ചേർക്കുക. അതിലേക്ക് പച്ചവെളിച്ചെണ്ണ, കറിവേപ്പില ഇടുക.

ചക്ക വറ്റൽ 

ചക്കച്ചുളയിൽ നിന്നും കുരുനീക്കിയ ശേഷം തിളപ്പിച്ച വെള്ളത്തിലിട്ട ശേഷം കോരിയെടുത്തു വെയിലത്ത് ഉണക്കി ചക്ക വറ്റലായി ഉപയോഗിക്കാം. 

∙ ചക്ക ഉപ്പേരി 

ചക്കച്ചുള ചെറുതായി അരിഞ്ഞു ഉപ്പു ചേർത്തു ചൂടായ എണ്ണയിൽ വറുത്തു കോരിയെടുത്തു ഉപയോഗിക്കാം. 

∙ ചക്കവരട്ടി 

പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു ആവി കയറ്റിയശേഷം ശർക്കര പാവുകാച്ചിയതിലിട്ടു വെള്ളം വറ്റുന്നതു വരെ ചൂടാക്കുക. വെള്ളം വറ്റുമ്പോഴേക്കും നെയ്യ് ചേർക്കണം. തുടർന്നു ഏലയ്ക്കാ പൊടിയും ചേർത്തു തണുപ്പിച്ചു ഉപയോഗിക്കാം. 

∙ ചക്കപ്പൊരി 

പഴുത്ത വരിക്ക ചക്കയുടെ ചുള രണ്ടായി മുറിച്ചു ഏത്തയ്ക്കാ അപ്പം ഉണ്ടാക്കുന്ന കൂട്ടിൽ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക. 

∙ ചക്കപഞ്ചമി 

ചക്കച്ചുള, ചക്കക്കുരു, അച്ചിങ്ങാ പയർ എന്നിവ ചെറിയ കഷണങ്ങളാക്കി ഉണ്ടാക്കുന്ന വിഭവം. ചക്കക്കുരു ആദ്യം വേവിച്ച ശേഷം അതിനൊപ്പം ബാക്കിയുള്ളവയും ആവശ്യത്തിനു മസാലക്കൂട്ടുകളും ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചു കടുകു വറുത്ത് ഉപയോഗിക്കാം. 

∙ ഇടിച്ചക്ക സാമ്പാർ 

ഇടിച്ചക്കയുടെ മുള്ളും പച്ചനിറമുള്ള ഭാഗവും ചെത്തിക്കളഞ്ഞു ചെറിയ കഷണങ്ങളാക്കി സാമ്പാർ വയ്ക്കാം. 

∙ പച്ചച്ചക്ക പുഴുക്ക് 

വിളഞ്ഞ പച്ചച്ചക്കയുടെ ചുള ചെറുതായി അരിഞ്ഞു വേവിച്ചു ഉപയോഗിക്കുന്നതാണ് പുഴുക്ക്. രുചി കൂടാൻ ചക്കക്കുരുവും അരിഞ്ഞു ഇതോടൊപ്പം ചേർക്കും. 

∙ചക്കപ്പുട്ട് 

അരിപ്പൊടിക്കൊപ്പം പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു ചേർത്തു പുട്ട് ഉണ്ടാക്കാം. 

∙ ചക്കയപ്പം 

പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു തേങ്ങ, ശർക്കര, ഏലയ്ക്ക എന്നിവയുമായി കൂട്ടി ചേർത്തു കൂട്ട് ഉണ്ടാക്കും. അരിപ്പൊടി വെള്ളത്തിൽ കുഴച്ചെടുത്തു വാഴയിലയിൽ കനം കുറച്ചു പരത്തിയ ശേഷം ചക്കക്കൂട്ട് അതിലേക്കു വാരി വച്ചു ഇലമടക്കി ആവിയിൽ പുഴുങ്ങിയെടുക്കും. 

∙ ചക്ക അവിയൽ 

ചക്കച്ചുള, ചക്കമടൽ, (ചക്കയുടെ മുള്ള് ചെത്തിക്കളഞ്ഞതിനു ശേഷമുള്ള ഭാഗം) മാങ്ങ, പടവലം, വെള്ളരിക്ക, ചക്കക്കുരു, മുരിങ്ങയ്ക്ക എന്നിവ ചേർത്തു അവിയൽ വയ്ക്കാം. 

∙ ചക്ക അച്ചാർ 

വിളഞ്ഞ ചക്കയരിഞ്ഞു വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും മറ്റും ചേർത്തു അച്ചാർ ഉണ്ടാക്കാം. 

∙ ചക്കക്കുരുപ്പായസം 

തൊലികളഞ്ഞ ചക്കക്കുരു വൃത്തിയാക്കി പുഴുങ്ങും. നല്ലവണ്ണം വെന്തു കഴിയുമ്പോൾ വെള്ളമില്ലാതെ നന്നായി ഉടച്ചെടുക്കും. നെയ്യ്, ശർക്കര എന്നിവ ചേർത്തു വഴറ്റും. പിന്നാലെ തേങ്ങാപ്പാലും കശുവണ്ടി, ഉണക്ക മുന്തിരിങ്ങ, ഏലയ്ക്ക എന്നിവ ചേർക്കമുമ്പോഴേക്കും പായസം റെഡി. 

∙ ചക്കക്കുരു കട്‌ലറ്റ് 

ചക്കക്കുരു വേവിച്ചു ഉടയ്ക്കുക. ഇതിനൊപ്പം സവാള, പച്ചമുളക്, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കണം. ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വച്ചു പരത്തി റൊട്ടിപ്പൊടി പുരട്ടി മുട്ടയുടെ വെള്ളക്കരുവിൽ മുക്കിൽ വെളിച്ചെണ്ണയിൽ വറുത്തു കോരണം. 

∙ ചക്കക്കുരു അസ്ത്രം 

ചക്കക്കുരു വട്ടത്തിൽ അരിഞ്ഞു മാങ്ങയും തേങ്ങയും ചേർത്ത് ഓണാട്ടുകരയുടെ തനതു വിഭവമായ അസ്ത്രം വയ്ക്കും പോലം ചക്കക്കുരു അസ്ത്രം വയ്ക്കാം. 

∙ ചക്കക്കുരു മെഴുക്കുപുരട്ടി 

ചക്കക്കുരു കനം കുറച്ചു ചെറുതായി അരിഞ്ഞു മെഴുക്കു പുരട്ടാം. 

∙ ചക്കക്കുരു പടവലങ്ങ തോരൻ 

ചക്കക്കുരു, പടവലങ്ങ എന്നിവ ചേർത്തു തോരൻ വെയ്ക്കാം. 

∙ ചക്കക്കുരു ഉക്കാര 

ചക്കക്കുരു നല്ലതായി തൊലി കളഞ്ഞു മഞ്ഞൾപ്പൊടി ചേർത്തു വേവിച്ചു വെള്ളം വാർത്തു അരകല്ലിൽ നല്ലതു പോലെ പൊടിച്ചെടുക്കണം. ശർക്കര പാവാക്കി തേങ്ങാ തിരുമ്മിയിട്ട് ഉപ്പും ചക്കക്കുരു പൊടിച്ചതും ചേർക്കണം. തുടർന്നു നല്ലെണ്ണ ഒഴിച്ചു ചൂടാക്കി കശുവണ്ടി, ഏലയ്ക്കാ, പഞ്ചസാര എന്നിവ ചേർക്കുക. 

∙ ചകിണി തോരൻ 

ചക്കച്ചുളയുടെ പുറത്തുളള ഇതളുകളാണു ചകിണി. ചകിണി ചെറുതായി അരിഞ്ഞു തേങ്ങയും മറ്റും ചേർത്തു തോരൻ ഉണ്ടാക്കാം. 

∙ ചകിണി ബജി 

വരിക്ക ചക്കയുടെ നീളമുള്ള ചകിണിയെടുത്ത് അരിമാവ്, കായം, ഉപ്പ്, മുളകു പൊടി എന്നിവയുടെ കുഴമ്പിൽ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക.