ഈ പ്രായത്തിൽ ഇതൊക്കെ എന്തിന്? ‘അയൺമെൻ’ മറുപടി കൊടുത്തു; ഓടിയത് 21.1 കിലോമീറ്റർ, കടലിലൂടെ 1.9 കി.മീ, സൈക്കിളിൽ 90 കി.മീ!
2024 ഒക്ടോബർ 27. ഗോവയിലെ മിരാമർ ബീച്ച് ആവേശകരമായ ഒരു കായിക മാമാങ്കത്തിന് വേദിയായി. ലോകത്തിലെ സാഹസിക കായികവിനോദങ്ങളിൽ ഒന്നായ അയൺമാൻ 70.3! നീന്തൽ, സൈക്ലിങ്, ഹാഫ് മാരത്തൺ എന്നിവ ഒന്നിനു പിറകെ ഒന്നായി പൂർത്തിയാക്കി ഫിനിഷിങ് പോയിന്റിലേക്ക് കുതിക്കാൻ തയാറായി അന്ന് അവിടെ എത്തിയത് 1300ലധികം കായികപ്രേമികളാണ്. അവരെ പിന്തുണയ്ക്കാനെത്തിയ ജനാവലിയും ചേർന്നപ്പോൾ മിരാമർ കടൽത്തീരം ഒരു ആൾക്കടലായി. ആ കൂട്ടത്തിൽ അയൺമാൻ 70.3ൽ മാറ്റുരയ്ക്കാനെത്തിയ രണ്ടു മലയാളികൾ– അരുൺജിത്ത് ഉണ്ണികൃഷ്ണനും ശ്രീനാഥും. മറ്റു മത്സരാർഥികളിൽ നിന്ന് ഇവർക്കു രണ്ടുപേർക്കും ഒരു വ്യത്യാസമുണ്ടായിരുന്നു.
2024 ഒക്ടോബർ 27. ഗോവയിലെ മിരാമർ ബീച്ച് ആവേശകരമായ ഒരു കായിക മാമാങ്കത്തിന് വേദിയായി. ലോകത്തിലെ സാഹസിക കായികവിനോദങ്ങളിൽ ഒന്നായ അയൺമാൻ 70.3! നീന്തൽ, സൈക്ലിങ്, ഹാഫ് മാരത്തൺ എന്നിവ ഒന്നിനു പിറകെ ഒന്നായി പൂർത്തിയാക്കി ഫിനിഷിങ് പോയിന്റിലേക്ക് കുതിക്കാൻ തയാറായി അന്ന് അവിടെ എത്തിയത് 1300ലധികം കായികപ്രേമികളാണ്. അവരെ പിന്തുണയ്ക്കാനെത്തിയ ജനാവലിയും ചേർന്നപ്പോൾ മിരാമർ കടൽത്തീരം ഒരു ആൾക്കടലായി. ആ കൂട്ടത്തിൽ അയൺമാൻ 70.3ൽ മാറ്റുരയ്ക്കാനെത്തിയ രണ്ടു മലയാളികൾ– അരുൺജിത്ത് ഉണ്ണികൃഷ്ണനും ശ്രീനാഥും. മറ്റു മത്സരാർഥികളിൽ നിന്ന് ഇവർക്കു രണ്ടുപേർക്കും ഒരു വ്യത്യാസമുണ്ടായിരുന്നു.
2024 ഒക്ടോബർ 27. ഗോവയിലെ മിരാമർ ബീച്ച് ആവേശകരമായ ഒരു കായിക മാമാങ്കത്തിന് വേദിയായി. ലോകത്തിലെ സാഹസിക കായികവിനോദങ്ങളിൽ ഒന്നായ അയൺമാൻ 70.3! നീന്തൽ, സൈക്ലിങ്, ഹാഫ് മാരത്തൺ എന്നിവ ഒന്നിനു പിറകെ ഒന്നായി പൂർത്തിയാക്കി ഫിനിഷിങ് പോയിന്റിലേക്ക് കുതിക്കാൻ തയാറായി അന്ന് അവിടെ എത്തിയത് 1300ലധികം കായികപ്രേമികളാണ്. അവരെ പിന്തുണയ്ക്കാനെത്തിയ ജനാവലിയും ചേർന്നപ്പോൾ മിരാമർ കടൽത്തീരം ഒരു ആൾക്കടലായി. ആ കൂട്ടത്തിൽ അയൺമാൻ 70.3ൽ മാറ്റുരയ്ക്കാനെത്തിയ രണ്ടു മലയാളികൾ– അരുൺജിത്ത് ഉണ്ണികൃഷ്ണനും ശ്രീനാഥും. മറ്റു മത്സരാർഥികളിൽ നിന്ന് ഇവർക്കു രണ്ടുപേർക്കും ഒരു വ്യത്യാസമുണ്ടായിരുന്നു.
2024 ഒക്ടോബർ 27. ഗോവയിലെ മിരാമർ ബീച്ച് ആവേശകരമായ ഒരു കായിക മാമാങ്കത്തിന് വേദിയായി. ലോകത്തിലെ സാഹസിക കായികവിനോദങ്ങളിൽ ഒന്നായ അയൺമാൻ 70.3! നീന്തൽ, സൈക്ലിങ്, ഹാഫ് മാരത്തൺ എന്നിവ ഒന്നിനു പിറകെ ഒന്നായി പൂർത്തിയാക്കി ഫിനിഷിങ് പോയിന്റിലേക്ക് കുതിക്കാൻ തയാറായി അന്ന് അവിടെ എത്തിയത് 1300ലധികം കായികപ്രേമികളാണ്. അവരെ പിന്തുണയ്ക്കാനെത്തിയ ജനാവലിയും ചേർന്നപ്പോൾ മിരാമർ കടൽത്തീരം ഒരു ആൾക്കടലായി. ആ കൂട്ടത്തിൽ അയൺമാൻ 70.3ൽ മാറ്റുരയ്ക്കാനെത്തിയ രണ്ടു മലയാളികൾ– അരുൺജിത്ത് ഉണ്ണികൃഷ്ണനും ശ്രീനാഥും.
മറ്റു മത്സരാർഥികളിൽ നിന്ന് ഇവർക്കു രണ്ടുപേർക്കും ഒരു വ്യത്യാസമുണ്ടായിരുന്നു. വെള്ളം പോലും പേടിയായിരുന്ന അരുൺജിത്ത് ഈ കായികമത്സരത്തിനു വേണ്ടിയാണ് നാല് മാസത്തിനുള്ളിൽ നീന്തൽ പരിശീലിച്ചത്. ശ്രീനാഥ് ആകട്ടെ, മാരത്തൺ പോയിട്ട് ഒരു കിലോമീറ്റർ പോലും മുൻപ് തികച്ച് ഓടിയിരുന്നില്ല. അയൺമാനിൽ പങ്കെടുക്കാൻ സ്വന്തം പരിമിതികളെയും ഭയങ്ങളെയും കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തോടെയും മറികടന്നാണ് അവരെത്തിയത്. ആ വരവ് വെറുതെയായില്ല. ആറു മണിക്കൂർ 47 മിനിറ്റിൽ അരുൺജിത്ത് അയൺമാൻ പൂർത്തിയാക്കിയപ്പോൾ ശ്രീനാഥ് ഏഴു മണിക്കൂർ 34 മിനിറ്റിൽ ഫിനിഷിങ് പോയിന്റിലെത്തി.
അരുണിന് പ്രായം നാൽപ്പത്തിരണ്ടും ശ്രീനാഥിന് മുപ്പത്തിയെട്ടുമാണ്. സ്പോർട്സ് ഒരു പ്രഫഷൻ ആയി എടുക്കുന്നവർ വിരമിക്കുന്ന പ്രായത്തിലാണ് അരുണും ശ്രീനാഥും സജീവമായി കായികരംഗത്തേക്ക് ഇറങ്ങുന്നത്. അതു തന്നെയാണ് ഇവരുടെ കായികയാത്രയെ സ്പെഷൽ ആക്കുന്നതും. ഇവൈ കൊച്ചിയിൽ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന അരുൺജിത്തും റിസർവ് ബാങ്ക് ഇന്ത്യയുടെ കൊച്ചി ഓഫിസിൽ അസിസ്റ്റന്റ് മാനേജർ ആയി പ്രവർത്തിക്കുന്ന ശ്രീനാഥും അയൺമാൻ 70.3 അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ പ്രീമിയത്തിൽ.
∙ കയ്യടി നേടിയ അയൺമാൻ വിജയം
‘‘എന്റെ 39–ാമത്തെ വയസ്സിലാണ് ഞാൻ കായികരംഗത്തേക്ക് വരുന്നത്’’, അരുൺജിത്ത് സ്വന്തം കഥ പറഞ്ഞു തുടങ്ങി. ‘‘ഗോവയിൽ നടന്ന അയൺമാൻ 70.3യിൽ പങ്കെടുക്കുന്നതിന് വെറും നാലു മാസം മുൻപാണ് ഞാൻ ജീവിതത്തിൽ തന്നെ നീന്തുന്നത്. എനിക്ക് വെള്ളം അത്രയ്ക്കു പേടിയാണ്. നീന്തുന്നതു പോയിട്ട് ചെറിയൊരു സ്വിമ്മിങ് പൂളിൽ പോലും ഇറങ്ങാൻ മടിച്ചിരുന്ന ഞാനാണ് അയൺമാനിനു വേണ്ടി 1.9 കിലോമീറ്റർ കടലിലൂടെ നീന്തിയത്. ശ്രീനാഥിന് ആകട്ടെ നീന്തലും സൈക്ലിങ്ങും ഉണ്ടായിരുന്നു. ഓട്ടമാണ് പുതിയതായി പരിശീലിച്ചത്. അതുകൊണ്ടു തന്നെ ഇവന്റിൽ ഞങ്ങളുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.
ഞാനും ശ്രീനാഥും നീന്തൽ പരിശീലനം നടത്തിയിരുന്നത് പെരിയാറിലായിരുന്നു. ട്രയാത്ത്‍ലണിൽ കടലിലാണ് മത്സരം. അതിനു പരിശീലനം നേടാൻ പിന്നെയും ഏറെ പ്രതിസന്ധികൾ മറികടക്കേണ്ടി വന്നു. ചെന്നൈയിൽ പോയാണ് കടലിൽ നീന്തുന്നതിന് പരിശീലനം നേടിയത്. ആ പരിശീലനത്തിന് വെറും രണ്ടാഴ്ചയ്ക്കു ശേഷം പോണ്ടിച്ചേരിയിൽ നടന്ന ട്രയാത്ത്‍ലണിൽ ഞാൻ മൂന്നാം സ്ഥാനം നേടി. അതിന് ഒരാഴ്ചയ്ക്കു ശേഷം കോഴിക്കോട്ട് നടന്ന മത്സരത്തിലും വിജയിച്ചു’’, ആത്മവിശ്വാസം പകർന്ന കായികമത്സരങ്ങളെക്കുറിച്ച് അരുൺജിത്ത് വാചാലനായി.
ഫിനിഷിങ് പോയിന്റിലെത്തുമ്പോഴുള്ള ആനന്ദം അനിർവചനീയമാണെന്ന് ശ്രീനാഥ് പറയുന്നു. ‘‘ഫിനിഷിങ് ലൈൻ ക്രോസ് ചെയ്യുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ദീർഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ആ നിമിഷം. എല്ലാ ദിവസവും രാവിലെ നാലു മണിക്ക് എഴുന്നേൽക്കുന്നു. രണ്ടു മണിക്കൂറോളം സൈക്കിൾ ചവിട്ടുന്നു. അതിനു ശേഷം ഓട്ടം പരിശീലിക്കുന്നു. വാരാന്ത്യങ്ങളിൽ പെരിയാറിൽ പോയി നീന്തൽ പരിശീലിക്കുന്നു. അതുപോലെ കിട്ടുന്ന സമയങ്ങളിലെല്ലാം ഇത്തരം ഇവന്റുകളിൽ പങ്കെടുക്കുന്നു. അങ്ങനെ ദീർഘകാലത്തെ പരിശീലനമുണ്ട്. അതുകൊണ്ട്, ഫിനിഷിങ് പോയിന്റിലെത്തിയപ്പോൾ വല്ലാത്ത സന്തോഷവും സങ്കടവും ഉണ്ടായിരുന്നു. ഇതിലും വലുത് ചെയ്യാമെന്ന ആത്മവിശ്വാസം കൂടി ഇതിലൂടെ ലഭിച്ചു,’’ ശ്രീനാഥിന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കം.
∙ കോവിഡിൽ തുടങ്ങിയ ശീലങ്ങൾ
കോവിഡ് സമയത്ത് ഫിറ്റ്നസിനു വേണ്ടി ഓടിത്തുടങ്ങിയതാണെന്ന് അരുൺജിത്ത് പറയുന്നു. ‘‘കോവിഡ് കാലം കഴിഞ്ഞും ആ ശീലം തുടർന്നു. ചെറുപ്പത്തിൽ ഒരുപാടു ദൂരം നടക്കുമായിരുന്നു. 30–40 കിലോമീറ്റർ ദൂരമൊക്കെ അങ്ങനെ നടക്കും. പിന്നീട് അതു വിട്ടു. കോവിഡ് വന്ന് വീട്ടിൽ ഇരുന്നപ്പോഴാണ് സ്പോർട്സിനോടുള്ള ഇഷ്ടമൊക്കെ പൊടിതട്ടി എടുത്തത്. ആ സമയത്ത് ഭാരം അൽപം കൂടിയിരുന്നു. അതൊന്നു കുറയ്ക്കാൻ വേണ്ടി തുടങ്ങിയത് പിന്നീടൊരു ഹരമായി മാറി. നടക്കാൻ താൽപര്യമുള്ളതിനാൽ ഓടുന്നത് പ്രശ്നമാകില്ലെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ, ചെയ്തു തുടങ്ങിയപ്പോൾ ഓട്ടവും നടത്തവും രണ്ടു വ്യത്യസ്ത കായിക പ്രവർത്തനമാണെന്ന് മനസ്സിലായി.
കഷ്ടിച്ച് ഒരു കിലോമീറ്റർ ഓടാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. പക്ഷേ, പരിശീലനത്തിലൂടെ ദീർഘദൂര ഓട്ടം സാധ്യമായി. പിന്നീട്, സമയം കുറച്ച്, വേഗത കൂട്ടി പരിശീലനം തുടർന്നു. എന്റെ ആക്ടിവിറ്റികളെല്ലാം ഞാൻ സ്റ്റാർവ ആപ്പിൽ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ആ ആപ്പിലൂടെ സമാനതാൽപര്യമുള്ള നിരവധി പേരെ പരിചയപ്പെട്ടു. ദുബായിലെ മലയാളികളൊക്കെയുള്ള ഒരു ട്രയാത്ത്‍ലൺ ക്ലബ്ബിനെക്കുറിച്ച് അങ്ങനെയാണ് അറിയുന്നത്. അവർ നടത്തിയ ഒരു വെർച്വൽ ഇവന്റിലേക്ക് എനിക്ക് ക്ഷണം കിട്ടി. 28 ദിവസത്തെ ഓട്ടം ചാലഞ്ച് ആയിരുന്നു അത്. ഞാൻ തൃശൂരാണ് ഓടിയത്. 28 ദിവസത്തിൽ 31 ഹാഫ് മാരത്തൺ ഓടി. അങ്ങനെ ആ ഇവന്റിൽ ഒന്നാം സ്ഥാനം നേടി,’’ സ്പോർട്സിലൂടെ ലഭിച്ച പുതിയ സൗഹൃദങ്ങളെക്കുറിച്ചു പറയുമ്പോൾ അരുൺജിത്തിന് ഇരട്ടി ആവേശം.
സ്പോർട്സ് തന്നെയാണ് അരുൺജിത്തിനെയും ശ്രീനാഥിനെയും കൂട്ടിമുട്ടിച്ചത്. ആ കഥ ശ്രീനാഥാണ് പറഞ്ഞത്. ‘‘രണ്ടു വർഷം മുൻപ് ഇടുക്കി ജില്ലയുടെ അൻപതാം വാർഷികത്തോട് അനുബന്ധിച്ച് ഒരു സൈക്ലിങ് ഇവന്റ് സംഘടിപ്പിച്ചിരുന്നു. ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ രണ്ടു ദിവസത്തിൽ സൈക്കിളിൽ കവർ ചെയ്യുകയായിരുന്നു ലക്ഷ്യം. ആ പരിപാടിയിൽ വച്ചാണ് ഞാൻ അരുൺജിത്തിനെ പരിചയപ്പെടുന്നത്. പിന്നീട് പല റൈഡുകളിലും കണ്ടു. ആ പരിചയം പതിയെ നല്ല സൗഹൃദമായി വളർന്നു. അരുണിനെ പരിചയപ്പെടുന്ന സമയത്ത് സൈക്ലിങ്ങിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ. 2023ൽ പാരിസിൽ നടന്ന സൈക്ലിങ് ഇവന്റിൽ ഞാൻ പങ്കെടുത്തിരുന്നു. അതിൽ എനിക്കൊരു ചെറിയ പരുക്ക് പറ്റി. വലിയ ഇവന്റുകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്ന സമയത്താണ് അയൺമാനിൽ പങ്കെടുക്കാൻ അരുൺജിത്ത് നീന്തൽ പരിശീലിക്കുകയാണ് എന്നറിഞ്ഞത്. താൽപര്യമുണ്ടെങ്കിൽ എന്നോടും പങ്കെടുക്കൂ എന്നു പറഞ്ഞു. നീന്തൽ എനിക്കു വശമുണ്ടായിരുന്നു. പക്ഷേ, മത്സരത്തിനായി ഇറങ്ങിയിട്ടില്ല. എന്തായാലും ഒന്നു ശ്രമിച്ചു നോക്കാം എന്നു കരുതി ഞാനും അരുണിനൊപ്പം ചേർന്നു’’.
∙ അധികമാർക്കും അറിയാത്ത ഇവന്റ്
വിദേശരാജ്യങ്ങളിൽ ഇത്തരം കായിക മത്സരങ്ങൾക്ക് വലിയ ജനപിന്തുണയുണ്ട്. മാത്രവുമല്ല, അവിടെ ഇത്തരം കായിക ഇനങ്ങൾ പരിശീലിക്കുന്നതിന് പ്രത്യേക സൗകര്യങ്ങളുമുണ്ട്. എന്നാൽ, അരുൺജിത്തും ശ്രീനാഥും ഈ കായികമത്സരത്തിനായി ഒരുങ്ങിയത് ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ്. പെരിയാറിലാണ് രണ്ടുപേരും നീന്തൽ പരിശീലനം നേടിയതെന്നു പറഞ്ഞല്ലോ. ഓട്ടവും സൈക്ലിങ്ങും പരിശീലിച്ചത്, വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയ പാതയിലായിരുന്നു!
സ്പോർട്സിൽ ഉള്ളവർക്കുതന്നെ പലർക്കും അയൺമാൻ എന്ന മത്സരത്തെക്കുറിച്ചോ ഇവന്റിനെക്കുറിച്ചോ അത്ര അറിവില്ലെന്ന് അരുൺജിത്ത് പറയുന്നു. അതുകൊണ്ടുതന്നെ, കൂടുതൽ സമയവും പ്രത്യേകം പരിശീലകർ ആരും ഇല്ലാതെയാണ് രണ്ടുപേരും അയൺമാനിനായി ഒരുങ്ങിയത്. ‘‘ഞങ്ങൾക്ക് അങ്ങനെ പരിശീലകരൊന്നും ഉണ്ടായിരുന്നില്ല. സ്വന്തമായി ചെയ്തും തിരുത്തിയും പഠിച്ചെടുക്കുകയാണ് ഞങ്ങളുടെ രീതി. ഞാൻ ഓട്ടത്തിലേക്ക് വന്ന സമയത്ത് അരുൺജിത്ത് ഓരോ കാര്യങ്ങളും പറഞ്ഞുതരുമായിരുന്നു. അദ്ദേഹം സീനിയർ റണ്ണർ ആണ്. ഞാൻ ഓടിത്തുടങ്ങിയ സമയത്ത് കഷ്ടിച്ച് അഞ്ചു കിലോമീറ്റർ പോലും ഓടാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ, അരുൺജിത്ത് മോട്ടിവേറ്റ് ചെയ്തു. ചെറിയ മാരത്തണുകളിലും ഞാൻ ഓടാൻ തുടങ്ങി. അതിൽ മികച്ച സമയം കുറിക്കാൻ ശ്രമിക്കും. അങ്ങനെ പതിയെ ആണ് ഓട്ടം സെറ്റായത്’’, ശ്രീനാഥ് പറയുന്നു.
‘‘ജൂലൈ മുതലാണ് ഞാൻ വെയ്റ്റ് ട്രെയിനിങ് തുടങ്ങിയത്’’, അരുൺജിത്ത് അയൺമാനിനായി നടത്തിയ ഒരുക്കങ്ങൾ വിശദമാക്കി. ‘‘വെയ്റ്റ് ട്രെയിനിങ് ഇല്ലാതെ തന്നെ എനിക്ക് കടുത്ത കായികപരിശീലനം സാധ്യമായിരുന്നു. പരുക്കുകൾ ഇല്ലാതെ അത്രയും സാധ്യമായത് വലിയ അദ്ഭുതമായിരുന്നു പലർക്കും. ശരിക്കും വെയ്റ്റ് ട്രെയിനിങ്ങും സ്ട്രെങ്ത്ത് ട്രെയിനിങ്ങും ഇതിന് ആവശ്യമാണ്. അതില്ലെങ്കിൽ പരുക്ക് പറ്റാനുള്ള സാധ്യത കൂടുതലാണ്. അതിനൊപ്പം സമീകൃതമായ ആഹാരവും കഴിക്കണം. പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണം കഴിക്കും. അതുപോലെ ഫൈബർ അടങ്ങിയ ഭക്ഷണം. ഏറ്റവും ചുരുങ്ങിയത് ആറേഴു മണിക്കൂർ ഉറങ്ങണം’’, അരുൺജിത്തിന്റെ വാക്കുകൾ.
ഇവന്റിനായുള്ള ഒരുക്കത്തിൽ ശ്രീനാഥിന് വെല്ലുവിളിയായത് ഓട്ടമായിരുന്നു. ആ വെല്ലുവിളി മറികടന്നതിനെക്കുറിച്ച് ശ്രീനാഥിന്റെ വാക്കുകൾ ഇങ്ങനെ: ‘‘റണ്ണിങ് ഞാനൊട്ടും ശ്രമിച്ചു നോക്കാത്ത മേഖലയായിരുന്നു. അയൺമാനിനു വേണ്ടിയാണ് മത്സരബുദ്ധിയോടെ ഞാൻ നീന്തലും ഓട്ടവും പരിശീലിച്ചു തുടങ്ങിയത്. ദീർഘകാലം പരിശീലനം നേടാനുള്ള സമയം അപ്പോഴുണ്ടായിരുന്നില്ല. പ്രധാന ഇവന്റിനു മുൻപ് സമാനരീതിയിലുള്ള ചെറിയ മത്സരങ്ങളിൽ പങ്കെടുത്ത് അനുഭവപരിചയം സ്വായത്തമാക്കുക എന്നതായി ഞങ്ങളുടെ ലക്ഷ്യം. ഒരു മാസത്തിൽ രണ്ട് ഇവന്റ് എന്ന രീതിയിൽ ചെയ്യാമെന്നു കരുതി. അങ്ങനെയാണ് പോണ്ടിച്ചേരിയിൽ നടന്ന അക്വാഫെസ്റ്റ് ട്രയാത്ത്‍ലണിൽ പങ്കെടുത്തത്. അത് ഒളിംപിക് ട്രയാത്ത്‍ലൺ ഇവന്റ് ആയിരുന്നു. പിന്നീട് കോഴിക്കാട് കാലിക്കറ്റ് പെഡലേഴ്സ് നടത്തിയ കോഴിക്കോട് ട്രയാത്ത്‍ലണിലും മത്സരത്തിന് ഇറങ്ങി. രണ്ടും മികച്ച സമയത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് ആത്മവിശ്വാസം പകർന്നു. എല്ലാ വാരാന്ത്യത്തിലും ഞങ്ങളൊരുമിച്ച് ഒന്നുകിൽ ഏതെങ്കിലും ഒരു ഇവന്റിൽ പങ്കെടുക്കും. അല്ലെങ്കിൽ പരിശീലനത്തിലാകും. അതൊരു ദിനചര്യ പോലെ ആയി.’’
"പെട്ടെന്നൊരാൾക്ക് നേടിയെടുക്കാവുന്ന ഒരു കായിക ഇവന്റ് അല്ല അയൺമാൻ. നീന്തൽ, സൈക്ലിങ്, റണ്ണിങ്– ഇവ മൂന്നും ഒറ്റയ്ക്കുതന്നെ പൂർത്തിയാക്കാൻ നല്ല ബുദ്ധിമുട്ടാണ്. കടലിൽ 1.9 കിലോമീറ്റർ നീന്തുക എന്നു പറയുന്നതു തന്നെ അത്യാവശ്യം ചലഞ്ചിങ് ആണ്. അതിനു പിന്നാലെ 90 കിലോമീറ്റർ സൈക്കിളോടിപ്പിച്ചു വന്നിട്ട് ഹാഫ് മാരത്തൺ ഓടുക എന്നു പറഞ്ഞാൽ ശരിക്കും കഠിനമാണ്. ചെറിയ ലക്ഷ്യങ്ങൾ വച്ച്, അതു പൂർത്തിയാക്കിയാണ് അയൺമാൻ എന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്നത്’’, ശ്രീനാഥ് കൂട്ടിച്ചേർത്തു.
∙ നെഗറ്റീവ് കമന്റുകൾ തളർത്തിയില്ല
ജോലി, വർക്കൗട്ട്, പരിശീലനം, കുടുംബത്തിനൊപ്പമുള്ള സമയം– ഇവയെല്ലാം മാനേജ് ചെയ്താണ് ഓരോ മത്സരത്തിനും ഇരുവരും ഇറങ്ങുന്നത്. ‘‘തുടങ്ങിയപ്പോൾ കൂടുതലും നെഗറ്റീവ് കമന്റുകളാണ് കിട്ടിയത്. 35നു ശേഷം സ്പോർട്സിൽ ശ്രദ്ധിക്കുകയാണെന്നു പറയുമ്പോൾ എല്ലാവരും പറയുക, ഇതൊക്കെ ചെറുപ്പത്തിൽ ചെയ്യേണ്ട കാര്യങ്ങളാണ്, ഇപ്പോൾ കാലം കഴിഞ്ഞില്ലേ എന്നൊക്കെയാണ്. ഈ പ്രായത്തിൽ ഇതൊക്കെ ചെയ്ത് എവിടെ എത്താനാണ് എന്നു ചോദിച്ചവരുണ്ട്. അതിനിടയിൽ പ്രചോദനം നൽകിയവരുമുണ്ട്. പ്രായം പരിമിതിയല്ലെന്നും ശ്രമിച്ചു നോക്കാമെന്നും പറഞ്ഞ് ഒപ്പം നിന്നവർ! നെഗറ്റീവ് കമന്റുകളെ ഓർത്ത് ഞങ്ങൾ വേവലാതിപ്പെട്ടില്ല. അയൺമാൻ വിജയകരമായി പൂർത്തിയാക്കുക എന്നതു മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം’’, ശ്രീനാഥ് വെളിപ്പെടുത്തി.
മനസ്സു വച്ചാൽ പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്നാണ് തന്റെ അനുഭവമെന്ന് അരുൺജിത്ത് പറയുന്നു. ‘‘വേണമെങ്കിൽ, ഒരു അയൺമാൻ ഇവന്റ് പോലും വിജയകരമായി പൂർത്തിയാക്കാം. പ്രായമായിക്കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ ഞാനെന്തു ചെയ്തു എന്ന് സ്വയം ചോദിക്കുമ്പോൾ സന്തോഷിക്കാൻ ചെറിയ ചില നേട്ടങ്ങൾ വേണം. അതിനുവേണ്ടിയാണ് ഈ പരിശ്രമങ്ങൾ.
നമുക്ക് സ്വതന്ത്രമായി ചലിക്കാൻ സാധിക്കുന്ന സമയത്ത് ഇതൊന്നും ചെയ്തില്ലെങ്കിൽ അതിനു പറ്റാത്ത കാലത്ത് സങ്കടപ്പെടേണ്ടി വരും. ദിവസത്തിൽ ഒരു മണിക്കൂർ എങ്കിലും ആരോഗ്യസംരക്ഷണത്തിന് നീക്കി വയ്ക്കണം. അതു സ്വന്തമായി തോന്നി ചെയ്തെങ്കിലേ നടക്കൂ. സ്വയം മോട്ടിവേറ്റ് ചെയ്യാൻ പറ്റണം’’, അരുൺജിത്ത് നയം വ്യക്തമാക്കി.
2025ൽ വിയറ്റ്നാമിൽ നടക്കുന്ന അയൺമാൻ 140.6ൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. വിജയകരമായി അതു പൂർത്തിയാക്കാനുള്ള കഠിന പരിശീലനത്തിലും തയാറെടുപ്പുകളിലുമാണ്. ‘‘വിയറ്റ്നാമിൽ നടക്കുന്ന അയൺമാൻ 140.6ൽ പങ്കെടുക്കുക എന്നത് ഞങ്ങളുടെ വലിയൊരു സ്വപ്നമാണ്. അതിനുവേണ്ടിയുള്ള തയാറെടുപ്പുകളുടെ ഭാഗമായി വേറെയും ചില സ്പോർട്സ് ഇവന്റുകളിൽ പങ്കെടുക്കുന്നുണ്ട്. ഡിസംബർ 15ന് ദുബായിൽ വച്ചു നടക്കുന്ന ഓഷ്യൻമാൻ ഇവന്റാണ് അതിൽ ഏറ്റവും അടുത്തുള്ളത്. അതു വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ അയൺമാനും ഓഷ്യൻമാനും വിജയകരമായി പൂർത്തിയാക്കിയ മലയാളികൾ എന്ന നേട്ടത്തിലെത്താൻ കഴിയും’’, അരുൺജിത്ത് പുഞ്ചിരിച്ചു.