തഴയുമെന്നറിഞ്ഞിട്ടും മുന്നിൽനിന്ന് പൊരുതിക്കയറി; ഒടുവിൽ, മധ്യപ്രദേശിന്റെ മനസ്സറിഞ്ഞ മാമാജിക്ക് ‘മോഹ’ഭംഗം
2017ലാണ് മധ്യപ്രദേശിലെ മൻസോറിലുണ്ടായ പൊലീസ് വെടിവയ്പിൽ 5 കർഷകർ കൊല്ലപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ അക്രമം പടർന്നു. അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രിയായ ശിവ്‍രാജ് സിങ് ചൗഹാൻ കണ്ടെത്തിയത് ഒരു പ്രത്യേക മാർഗമാണ് – അനിശ്ചിതകാല നിരാഹാരം. എന്തായാലും രണ്ടാം ദിവസം അക്രമ സംഭവങ്ങൾക്ക് അറുതിയായി, ചൗഹാൻ തന്റെ സമരവും അവസാനിപ്പിച്ചു. സ്വന്തം പൊലീസ് കർഷകരെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി സമരം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ചൗഹാന്റെ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. അടിയൊഴുക്കുകളും കുതികാൽവെട്ടലുകളും ഒതുക്കലുകളുമെല്ലാം നിറഞ്ഞ രാഷ്ട്രീയത്തിൽ ചൗഹാൻ മധ്യപ്രദേശിലെ മുഖ്യമന്ത്രി കസേരയിലിരുന്നത് പതിനാറര വർഷമാണ്.
2017ലാണ് മധ്യപ്രദേശിലെ മൻസോറിലുണ്ടായ പൊലീസ് വെടിവയ്പിൽ 5 കർഷകർ കൊല്ലപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ അക്രമം പടർന്നു. അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രിയായ ശിവ്‍രാജ് സിങ് ചൗഹാൻ കണ്ടെത്തിയത് ഒരു പ്രത്യേക മാർഗമാണ് – അനിശ്ചിതകാല നിരാഹാരം. എന്തായാലും രണ്ടാം ദിവസം അക്രമ സംഭവങ്ങൾക്ക് അറുതിയായി, ചൗഹാൻ തന്റെ സമരവും അവസാനിപ്പിച്ചു. സ്വന്തം പൊലീസ് കർഷകരെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി സമരം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ചൗഹാന്റെ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. അടിയൊഴുക്കുകളും കുതികാൽവെട്ടലുകളും ഒതുക്കലുകളുമെല്ലാം നിറഞ്ഞ രാഷ്ട്രീയത്തിൽ ചൗഹാൻ മധ്യപ്രദേശിലെ മുഖ്യമന്ത്രി കസേരയിലിരുന്നത് പതിനാറര വർഷമാണ്.
2017ലാണ് മധ്യപ്രദേശിലെ മൻസോറിലുണ്ടായ പൊലീസ് വെടിവയ്പിൽ 5 കർഷകർ കൊല്ലപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ അക്രമം പടർന്നു. അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രിയായ ശിവ്‍രാജ് സിങ് ചൗഹാൻ കണ്ടെത്തിയത് ഒരു പ്രത്യേക മാർഗമാണ് – അനിശ്ചിതകാല നിരാഹാരം. എന്തായാലും രണ്ടാം ദിവസം അക്രമ സംഭവങ്ങൾക്ക് അറുതിയായി, ചൗഹാൻ തന്റെ സമരവും അവസാനിപ്പിച്ചു. സ്വന്തം പൊലീസ് കർഷകരെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി സമരം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ചൗഹാന്റെ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. അടിയൊഴുക്കുകളും കുതികാൽവെട്ടലുകളും ഒതുക്കലുകളുമെല്ലാം നിറഞ്ഞ രാഷ്ട്രീയത്തിൽ ചൗഹാൻ മധ്യപ്രദേശിലെ മുഖ്യമന്ത്രി കസേരയിലിരുന്നത് പതിനാറര വർഷമാണ്.
2017ൽ ആണ് മധ്യപ്രദേശിലെ മൻസോറിലുണ്ടായ പൊലീസ് വെടിവയ്പിൽ 5 കർഷകർ കൊല്ലപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ അക്രമം പടർന്നു. അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രിയായ ശിവ്‍രാജ് സിങ് ചൗഹാൻ കണ്ടെത്തിയത് ഒരു പ്രത്യേക മാർഗമാണ് – അനിശ്ചിതകാല നിരാഹാരം. എന്തായാലും രണ്ടാം ദിവസം അക്രമ സംഭവങ്ങൾക്ക് അറുതിയായി, ചൗഹാൻ തന്റെ സമരവും അവസാനിപ്പിച്ചു. സ്വന്തം പൊലീസ് കർഷകരെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി സമരം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ചൗഹാന്റെ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല.
അടിയൊഴുക്കുകളും കുതികാൽവെട്ടലുകളും ഒതുക്കലുകളുമെല്ലാം നിറഞ്ഞ രാഷ്ട്രീയത്തിൽ ചൗഹാൻ മധ്യപ്രദേശിലെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നത് പതിനാറര വർഷമാണ്. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ നാളുകളിൽ മാറ്റി നിർത്തിയെങ്കിലും ചൗഹാൻ വിട്ടുകൊടുത്തില്ല. തന്റേതായ രീതിയിൽ കളം നിറഞ്ഞ് സ്വന്തം പാർട്ടിയെ വീണ്ടും അധികാരത്തിൽ ഏറ്റിയപ്പോൾ അഞ്ചാം തവണയും അദ്ദേഹത്തിന് മുഖ്യമന്ത്രി കസേര ലഭിക്കുമോ എന്നതായിരുന്നു രാഷ്ട്രീയ എതിരാളികളുടെ പോലും ഉറ്റുനോക്കിയത്.
എന്തായാലും അത്തരം സംശയങ്ങൾക്കുള്ള മറുപടിയെന്ന പോലെ തലമുറ മാറ്റത്തിന്റെ പേരിൽ മധ്യപ്രദേശിൽ ബിജെപി പുതിയ അധികാര കേന്ദ്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ചൗഹാന് ഇനി എന്തായിരിക്കും റോൾ? അതറിയണമെങ്കിൽ ആദ്യം ശിവരാജ് സിങ് ചൗഹാൻ എന്ന അതിശക്തനായ നേതാവിന്റെ രാഷ്ട്രീയ ഇടപെടലുകളിലെ പ്രത്യേകതകൾ അറിയണം.
∙ റാവത്തിന്റെ കാലു കഴുകിയ ചൗഹാന്റെ മാപ്പപേക്ഷ, ശുക്ലയ്ക്ക് സീറ്റും പോയി
ഇക്കഴിഞ്ഞ ജൂലൈയിലാണ് ദശ്മത് റാവത് എന്ന ആദിവാസി യുവാവിനു മേൽ സിദ്ധി മണ്ഡലത്തിലെ എംഎൽഎ കേദാർനാഥ് ശുക്ലയുടെ അനുയായി പ്രവേശ് ശുക്ല മൂത്രമൊഴിച്ച സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. സാമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ശുക്ലയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമുയർന്നു. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ വിഷയം ചൗഹാന്റെ സർക്കാരിനെയും പ്രതിക്കൂട്ടിലാക്കി. എന്നാൽ ഇതിന് അദ്ദേഹം പരിഹാരം കണ്ടതും തന്റേതായ വഴിയിലൂടെയായിരുന്നു.
റാവത്തിന് നഷ്ടപരിഹാരമായി 5 ലക്ഷം രൂപ നൽകിയതിന് പുറമേ വീട് പുതുക്കിപ്പണിയാനായി 1.5 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. പിന്നാലെ തന്റെ വസതിയിൽ കൊണ്ടുവന്ന് റാവത്തിന്റെ കാൽ കഴുകി ക്ഷമാപണം നടത്തുന്ന ചൗഹാന്റെ ചിത്രവും വലിയ തോതിൽ പ്രചരിച്ചു. ഇതോടെ വിഷയം പതിയെ കെട്ടടങ്ങി. എന്നാൽ ആദിവാസി മേഖലകളിൽ ഈ വിഷയത്തെ ചൊല്ലി രോക്ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കേദാർനാഥ് ശുക്ലയ്ക്ക് ബിജെപി ഇത്തവണ ടിക്കറ്റ് നൽകിയില്ല.
സിദ്ധി എംപി കൂടിയായ റിഥി പഥക്കിനെ ഇവിടെ മത്സരിപ്പിക്കുകയും അവർ 35,000ൽ ഏറെ വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു. ശുക്ല സ്വതന്ത്രനായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റാവത്തിനെ ഗംഗാജലം തളിച്ച് ‘ശുദ്ധി’യാക്കിയ കോൺഗ്രസ് നേതാവ് ഗ്യാൻ സിങ് ആയിരുന്നു ഇവിടെ രണ്ടാം സ്ഥാനത്ത് വന്നത്. ആദിവാസി മേഖലകളിൽ നിന്ന് ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടായിരുന്ന കാര്യമായിരുന്നു ചൗഹാന്റെ കാൽ കഴുകൽ പരിപാടിയോടെ ഒഴിഞ്ഞു പോയത്.
പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ പ്രവേശ് ശുക്ലയ്ക്കെതിരെ ദേശീയ സുരക്ഷാ നിയമവും ചുമത്തിയിരുന്നു. ശുക്ലയുടെ വീടിന്റെ ഒരു ഭാഗം അനധികൃതമെന്ന് ചൂണ്ടിക്കാട്ടി ഇടിച്ചുകളയുകയും ചെയ്തു. റാവത്തിന്റെ കാലുകഴുകി ക്ഷമാപണം നടത്തിയ ചൗഹാന്റെ നടപടിക്കു നേരെ പരിഹാസങ്ങൾ ഉയർന്നെങ്കിലും തിരഞ്ഞെടുപ്പിൽ ഇത് വോട്ടായി മാറി എന്നതാണ് കണക്കുകൾ വെളിവാക്കുന്നത്.
സംസ്ഥാനത്തെ 47 പട്ടികവർഗ സീറ്റുകളിൽ 24 എണ്ണം ബിജെപി നേടിയപ്പോൾ 22 എണ്ണത്തിലാണ് കോൺഗ്രസ് വിജയിച്ചത്. പ്രവേശ് ശുക്ല വിഷയം ആളിക്കത്തിക്കാൻ കോൺഗ്രസ് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം വിഷയങ്ങൾ കൈവിട്ടു പോകാതിരിക്കാനുള്ള മെയ്‌വഴക്കമായിരുന്നു ചൗഹാനെ മുൻപ് 4 വട്ടവും മുഖ്യമന്ത്രി കസേരയിൽ ഉറപ്പിച്ചിരുത്തിയതും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് അനുകൂലമാക്കിയതും.
∙ പടിപടിയായി കയറ്റം, ചോദ്യം ചെയ്യപ്പെടാത്ത നേതാവിൽ നിന്ന് പടിയിറക്കം
മധ്യപ്രദേശിലെ െസഹോർ ജില്ലയിൽ ഒരു കർഷക കുടുംബത്തിലാണ് ചൗഹാന്റെ ജനനം. ആർഎസ്എസിലൂടെയാണ് പൊതുരംഗത്ത് പ്രവർത്തനം തുടങ്ങിയത്. എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ചൗഹാൻ 1991ൽ വിദിശ മണ്ഡലത്തിലാണ് ആദ്യമായി വിജയിക്കുന്നത്. പിന്നീട് 3 തവണ കൂടെ അദ്ദേഹം ഇവിടെ നിന്ന് വിജയിച്ചു. ശേഷം ചൗഹാന്റെ നോട്ടം ദേശീയ രാഷ്ട്രീയത്തിലേക്കായി. എംപിയായിരിക്കെയാണ് സംസ്ഥാന ബിജെപിയുടെ അധ്യക്ഷ പദവിയിലേക്ക് അദ്ദേഹം എത്തുന്നത്. അതോടെ, രാഷ്ട്രീയപ്രവർത്തനം വീണ്ടും സംസ്ഥാന കേന്ദ്രീകൃതമായി.
2003ൽ ദിഗ്‍വിജയ് സിങ്ങിന്റെ കോൺഗ്രസ് മന്ത്രിസഭയെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഉമാ ഭാരതിക്ക് ഒരു വർഷത്തിനുള്ളിൽ മുഖ്യമന്ത്രി പദം രാജി വയ്ക്കേണ്ടി വന്നു. മറ്റൊരു മുതിർന്ന നേതാവായ ബാബുലാൽ ഗൗർ ഈ സ്ഥാനത്തെത്തിയെങ്കിലും ആഭ്യന്തര പ്രശ്നങ്ങൾ പാർട്ടിയിൽ രൂക്ഷമായതോടെ ഒരു വർഷത്തിനുള്ളിൽ ഗൗറിനും സ്ഥാനമൊഴിയേണ്ടി വന്നു. ഇതോടെയാണ് ഒത്തുതീർപ്പ് എന്ന നിലയിൽ ചൗഹാൻ രംഗത്തെത്തുന്നത്. അങ്ങനെ 2005ൽ മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുറപ്പിച്ച ചൗഹാന് കഴിഞ്ഞ 18 വർഷത്തിനിടെ ആ കസേരയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നത് 2018 മുതലുള്ള 15 മാസങ്ങളിൽ മാത്രമാണ്.
ഇത്തവണ പക്ഷേ, ചൗഹാന്റെ മുഖ്യമന്ത്രി കസേര മോഹം അവസാനിപ്പിച്ചത് പാർട്ടി നേതൃത്വമാണ്. ബിജെപിയുടെ രൂപവും ഭാവവും മാറിയത് ഏറെ വ്യക്തമായി അറിയാവുന്ന ആളു കൂടിയാണ് ചൗഹാൻ. വാജ്പേയി – അദ്വാനി കാലഘട്ടത്തിൽ നിന്ന് നരേന്ദ്ര മോദി– അമിത് ഷാ കാലത്തിലേക്കെത്തുമ്പോൾ ആ മാറ്റങ്ങൾക്കൊപ്പം ചലിക്കാനും ചൗഹാൻ ശ്രദ്ധിച്ചിരുന്നു. 2020ൽ ഭരണം ‘തിരികെപ്പിടിച്ച്’ കേന്ദ്ര നേതൃത്വം ചൗഹാനെ മുഖ്യമന്ത്രി പദമേൽപ്പിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് അതു മനസ്സിലായിരുന്നു. പാർട്ടിയിലോ ഭരണത്തിലോ മുൻപ് ഉണ്ടായിരുന്ന ആധിപത്യം അന്നുമുതൽ അദ്ദേഹത്തിന് കൈമോശം വന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാന പാർട്ടി അധ്യക്ഷൻ വി.ഡി.ശർമയും ചൗഹാനും തീരെ പൊരുത്തപ്പെടാതെയായി. ഈ കാര്യങ്ങൾ നിലനിൽക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കോൺഗ്രസ് നാൾക്കുനാൾ ശക്തിയാർജിച്ചു വരികയാണെന്നും ബിജെപി നേതൃത്വത്തിന് മനസ്സിലായിരുന്നു. ഇതോടെ ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടേണ്ടതില്ലെന്ന് തന്നെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കൂട്ടായ നേതൃത്വം, മോദിയുടെ പേരിൽ വോട്ടഭ്യർഥന എന്ന തീരുമാനത്തെ ചൗഹാനും എതിർക്കാൻ കഴിയില്ലായിരുന്നു. എന്നാൽ അതിലും മോശമായ കാര്യങ്ങളായിരുന്നു ചൗഹാനെ കാത്തിരുന്നത്.
∙ കാറ്റു മാറി വീശുന്നതറിഞ്ഞ ചൗഹാൻ
ഭോപ്പാലിൽ തിരഞ്ഞെടുപ്പ് റാലിക്കായി പ്രധാനമന്ത്രി എത്തിയ ദിവസം തന്നെയാണ് ബിജെപി തങ്ങളുടെ രണ്ടാം സ്ഥാനാർഥി പട്ടികയും പുറത്തു വിടുന്നത്. ശക്തരായ മൂന്ന് കേന്ദ്രമന്ത്രിമാരും പാർട്ടിയുടെ ഒരു ജനറൽ സെക്രട്ടറിയും എംപിമാരും ഈ പട്ടികയിലാണ് ഉൾപ്പെട്ടിരുന്നത്. ഇതിലും ചൗഹാന്റെ പേരില്ല എന്നത് ആശ്ചര്യത്തോടെയാണ് മധ്യപ്രദേശിലെ രാഷ്ട്രീയലോകം കണ്ടത്. ബിജെപിക്ക് സ്വന്തം മുഖ്യമന്ത്രിയെ ഓർത്തിട്ട് നാണക്കേടാകുന്നു എന്ന് കോൺഗ്രസ് ആക്രമിക്കുകയും ചെയ്തു. ഭോപ്പാലിൽ നടന്ന റാലിയിൽ മോദി ദീർഘനേരം സംസാരിച്ചെങ്കിലും ഒരിക്കൽപ്പോലും ചൗഹാന്റെ പേര് പരാമർശിച്ചില്ല. ചെറിയൊരു പ്രസംഗത്തിനു ശേഷം മോദിയുടെ പ്രസംഗവും കേട്ട് വേദിയിലുണ്ടായിരുന്നു ചൗഹാൻ.
സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്ക് മുൻപാകെ എത്തിക്കാൻ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ബിജെപി നടത്തിയ ജൻ ആശീർവാദ യാത്ര നയിച്ചതും ചൗഹാൻ ആയിരുന്നില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ ചൗഹാൻ മാത്രമായിരുന്നു ഈ പരിപാടി നയിച്ചിരുന്നത്. എന്നാൽ 2023ൽ പല മേഖലകളിൽ പല നേതാക്കൾ നയിക്കുക എന്നതായിരുന്നു ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പദ്ധതി. ഇതിൽ അസന്തുഷ്ടനായിരുന്നെങ്കിലും ചൗഹാൻ പക്ഷേ തീരുമാനത്തിനൊപ്പം നിന്നു. കേന്ദ്ര നേതൃത്വം പിറകോട്ടു തള്ളിമാറ്റാൻ ശ്രമിച്ചപ്പോൾ സ്വന്തം നിലയിൽ തന്റെ വഴി വെട്ടിത്തുറന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുന്ന ചൗഹാനെയാണ് പിന്നീട് കണ്ടത്. നിരന്തരം പ്രചാരണങ്ങൾ നടത്തി. തന്റെ ശബ്ദവും മുഖവും ആവുന്നത്ര പ്രതിഫലിപ്പിച്ചു. 160 തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്.
‘‘മധ്യപ്രദേശിന്റെ മനസ്സിൽ മോദിജിയുണ്ട്, മോദിയുടെ മനസ്സിൽ മധ്യപ്രദേശും. അദ്ദേഹം ഇവിടെ റാലികൾ നടത്തി, ജനങ്ങളോട് അഭ്യർഥിച്ചു, അത് അവരുടെ ഹൃദയത്തിൽ തൊട്ടു. അതിന്റെ ഫലമാണ് ഈ തിരഞ്ഞെടുപ്പ് വിജയം. കേന്ദ്ര സർക്കാർ പദ്ധതികൾ ‘ഡബിൾ– എൻജിൻ’ സർക്കാർ കൃത്യമായി നടപ്പാക്കി’’ എന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന വേളയിൽ ചൗഹാൻ പ്രതികരിച്ചത്. ബിജെപിയിൽ വന്ന ‘മാറ്റങ്ങളെ’ ഉൾക്കൊള്ളാൻ ചൗഹാൻ ശീലിച്ചിരിക്കുന്നു എന്നു വ്യക്തം. അതുകൊണ്ട് തന്റെ ‘മാമാജി’ എന്ന പ്രതിച്ഛായയ്ക്കൊപ്പം രാമക്ഷേത്രവും ‘കേരള സ്റ്റോറി’യും ബുർഖയുമൊക്കെ ചൗഹാൻ തിരഞ്ഞെടുപ്പു വിഷയങ്ങളാക്കി. തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ 2018ലെ 41.6% വോട്ടുവിഹിതത്തിൽ നിന്ന് ബിജെപി 48.6 ശതമാനത്തിലെത്തിയിരിക്കുന്നു. സീറ്റ് 109ൽ നിന്ന് 164 എന്ന നിലയിലേക്കും ഉയർന്നു.
∙ അന്ന് മോദിക്കൊപ്പം പരിഗണിച്ച പേര്, ഇന്ന് പിൻഗാമികൾക്കായി ഒഴിയുന്നു
2009ലും യുപിഎ ഭരണം നിലനിർത്തുകയും എൽ.കെ.അദ്വാനിയുടെ പ്രധാനമന്ത്രിപദ മോഹങ്ങൾക്ക് തിരശീല വീഴുകയും ചെയ്തതോടെയാണ് മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർഥിക്കായുള്ള അന്വേഷണം ബിജെപി ആരംഭിക്കുന്നത്. കേശുഭായ് പട്ടേലിനു പകരം നരേന്ദ്ര മോദി ഗുജറാത്തിലും ബാബു ലാൽ ഗൗറിനു പകരം ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശിലും മുഖ്യമന്ത്രിയായതിനു ശേഷം തുടർച്ചയായ വിജയങ്ങളായിരുന്നു ഇരു സംസ്ഥാനത്തും ബിജെപിക്ക്. ഇരുവരും മുഖ്യമന്ത്രിമാരായി തുടരുകയും ചെയ്തു. ഇതിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി അദ്വാനിയുടെ പിന്തുണ ശിവരാജ് സിങ് ചൗഹാനായിരുന്നു.
ലാളിത്യമുള്ള, എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകണമെന്നു പറയുന്ന, ന്യൂനപക്ഷ സമുദായങ്ങളുടെ പരിപാടികളിലും മറ്റും പങ്കെടുക്കുന്ന ആളായിരുന്നു ചൗഹാൻ. മാത്രമല്ല, മുഖ്യമന്ത്രിയായതിനു തൊട്ടുപിന്നാലെ തുടങ്ങിവച്ച പല സ്ത്രീ കേന്ദ്രീകൃത പദ്ധതികളും അദ്ദേഹം മികച്ച ഭരണാധികാരിയാണെന്ന പേരും നേടിക്കൊടുത്തിരുന്നു. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള അവസരം ലഭിച്ചത് മോദിക്കാണ്. അന്നു മുതൽ അതുവരെയുണ്ടായിരുന്ന ബിജെപിയുടെ ഭാവവും രൂപവും മാറി. മോദി–അമിത് ഷാ കൂട്ടുകെട്ടിലൂടെ ബിജെപി തുടർച്ചയായി വിജയങ്ങൾ കൊയ്തു.
2013 വരെ മോദിയും ചൗഹാനും ബിജെപിയുടെ മുഖ്യമന്ത്രിമാർ എന്ന നിലയിൽ തുല്യരായിരുന്നു. എന്നാൽ അവിടെ നിന്ന് 10 വർഷം കഴിയുമ്പോൾ ബിജെപിയിൽ ഉടനീളമുള്ളത് മോദിയാണ്. ബിജെപിയുടെ ഉന്നതാധികാര സമിതിയായ പാർലമെന്ററി ബോർഡിൽ അംഗങ്ങളായിരുന്ന ചൗഹാനെയും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെയും 2022 ഓഗസ്റ്റിൽ ഒഴിവാക്കിയിരുന്നു. ചൗഹാന്റെ പടിയിറക്കം ആരംഭിച്ചു എന്നതിന്റെ സൂചന തന്നെയായിരുന്നു ഇത്.
2018ൽ മധ്യപ്രദേശിൽ ബിജെപി പരാജയപ്പെട്ടപ്പോൾ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യ 22 എംഎൽഎമാരുമായി ബിജെപിയിലേക്കെത്തുകയും കമൽനാഥ് മന്ത്രിസഭ വീഴുകയും ചെയ്തപ്പോൾ ബിജെപിക്ക് വീണ്ടും ഭരണം ലഭിച്ചു. എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാൻ ചൗഹാനല്ലാതെ പാർട്ടി നേതൃത്വത്തിനു മുന്നിൽ മറ്റൊരു വഴിയില്ലായിരുന്നു. ഒബിസി വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള മധ്യപ്രദേശിൽ ചൗഹാനാണ് ഏറ്റവും വലിയ ഒബിസി നേതാവ് എന്നതും അത്തവണ അദ്ദേഹത്തെ സഹായിച്ചു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മാറി. ചൗഹാന് പകരം ആളെ കണ്ടെത്തിയെന്ന ആത്മവിശ്വാസം ബിജെപിക്കുമുണ്ടായി.
∙ വിനയമാണ് മുഖമുദ്ര, ‘സ്ത്രീകൾ വോട്ടു കൊണ്ടുവരും’
വിനയമാണ് ശിവരാജ് സിങ് ചൗഹാന്റെ മുഖമുദ്ര. വൈകാരികമായി ഇടപെടുന്ന ആളുമാണ് ചൗഹാൻ. വോട്ട് അഭ്യർഥിക്കുമ്പോൾ കരയും. താൻ അധികകാലം ഇവിടൊന്നും ഉണ്ടാകില്ല എന്ന ‘വൈകാരിക കാർഡ്’ ഇറക്കും. അത് ഇത്തവണത്തെ പ്രചാരണ പരിപാടികളിലും അദ്ദേഹം യഥേഷ്ടം ഉപയോഗിച്ചു. എല്ലായ്പ്പോഴും കുടുംബസ്ഥനായാണ് അദ്ദേഹം സ്വയം അവതരിപ്പിച്ചിരുന്നത്. ഭാര്യയും മക്കളുമൊത്ത് പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനെ കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനാകും.
‘മാമാ’ (അമ്മയുടെ സഹോദരൻ) എന്ന വിളിയിൽ സന്തോഷിക്കുന്നയാൾ. ‘തങ്ങളുടെ സഹോദരനെ സംസ്ഥാനത്തെ സ്ത്രീകൾ നിരാശപ്പെടുത്തില്ല’, എന്നായിരുന്നു തിരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതിന് മുൻപ് ചൗഹാൻ പറഞ്ഞ വാക്കുകൾ. തന്റെ കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ ചൗഹാൻ അങ്ങേയറ്റം അസ്വസ്ഥനാകും. രാജ്യം കണ്ട വലിയ അഴിമതികളിലൊന്നായ വ്യാപം നടക്കുന്നത് ചൗഹാന്റെ ഭരണകാലത്താണ്. ഇതടക്കം ഒട്ടേറെ അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരുകളിൽ പലകുറി ഉയർന്നു.
ചൗഹാന്റെ ഭാര്യ സാധന സിങ്ങിനെ രാഷ്ട്രീയ എതിരാളികൾ വിശേഷിപ്പിച്ചിരുന്നതു തന്നെ ‘ഹാഫ് ചീഫ് മിനിസ്റ്റർ’ എന്നായിരുന്നു. എന്നാൽ ആരോപണങ്ങളെയെല്ലാം അതിജീവിക്കാൻ ചൗഹാൻ കുടുംബത്തിന് കഴിഞ്ഞു. സ്ത്രീകളിൽ ഊന്നിയായിരുന്നു ചൗഹാന്റെ പ്രചാരണമത്രയും. ബുർഹാൻപുരിൽ ‘ലാഡ്‍ലി ബെഹന യോജന’യുടെ ഭാഗമായി 597 കോടി രൂപ അനുവദിച്ച പരിപാടിക്കിടെ ചൗഹാൻ രണ്ട് സ്ത്രീകളുടെ കാലുകൾ കഴുകി. പൂക്കൾ വർഷിച്ചാണ് അവർ അദ്ദേഹത്തോട് പ്രതികരിച്ചത്. സംസ്ഥാനത്തെ 5.52 കോടി വോട്ടർമാരിൽ 2.67 കോടിയും സ്ത്രീകളാണ്.
സ്ത്രീകളിലൂടെ കുടുംബങ്ങളിലെ വോട്ട് തനിക്കു വന്നു ചേരും എന്നതായിരുന്നു ചൗഹാന്റെ പ്രമാണം. അത് അക്ഷരാർഥത്തിൽ സംഭവിക്കുകയും ചെയ്തു. ഭരണത്തിലേറി വൈകാതെ തന്നെ ഒരു രൂപയ്ക്ക് അരി, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം തുടങ്ങി വിവിധ ജനക്ഷേമ പദ്ധതികൾ ചൗഹാൻ ആരംഭിച്ചിരുന്നു. ഇത്തരം പദ്ധതികളാണ് 2008ലും 2013ലും അദ്ദേഹത്തെ വീണ്ടും ഭരണത്തിലെത്തിച്ചത്.
2018 നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ, ഭരണത്തിലേറാൻ ആവശ്യമായതിന് കേവലം 7 സീറ്റുകളുടെ കുറവ് മാത്രമാണ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി മുന്നണിക്കുണ്ടായിരുന്നത്. തുടർച്ചയായി ഭരണത്തിലുണ്ടായിരുന്ന സർക്കാരിനോട് കാര്യമായ ജനവിരുദ്ധ വികാരം ഇല്ലായിരുന്നെന്ന സൂചനകളും ചൗഹാന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു
∙ ചൗഹാനെ വിജയിപ്പിച്ച പദ്ധതികൾ
2023 ജനുവരിയിൽ ചൗഹാൻ ആരംഭിച്ച ‘ലാഡ്‍ലി ബെഹ്ന യോജന’ ബിജെപിയെ വീണ്ടും ഭരണത്തിൽ എത്തിച്ചു എന്നാണ് നിരീക്ഷകർ കരുതുന്നത്. വിവാഹിതർ, വിവാഹമോചനം നേടിയവർ, അഗതികൾ ആയ, 21–60 പ്രായപരിധിയിലുള്ള എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ നൽകുന്നതാണ് ഈ പദ്ധതി. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇത് 1250 രൂപയായി വർധിപ്പിച്ചു. വൈകാതെ ഇത് 3000 രൂപയാക്കും എന്നതായിരുന്നു ചൗഹാൻ തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് സ്ത്രീകൾക്ക് നൽകിയ വാഗ്ദാനം.
1.25 കോടി സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. ഗ്രാമീണ മേഖലയിൽ വലിയ മാറ്റമാണ് ഈ പദ്ധതി ഉണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ. സ്ത്രീകൾക്ക് സ്വന്തം നിലയിൽ ചെലവ് നടത്താനുള്ള പണം കയ്യിൽ വന്നതോടെ ഇതിന്റെ മാറ്റം ഗ്രാമീണ സമ്പദ്‍വ്യവസ്ഥയിലും ഒപ്പം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ കാര്യത്തിലും ഉണ്ടായി എന്ന് റിപ്പോർട്ടുകൾ പറയുന്നു.
പെൺകുഞ്ഞ് ജനിക്കുന്നതു മുതൽ 21 വയസ്സ് ആകുന്നതു വരെ പഠനാവശ്യങ്ങൾക്കും മറ്റും നിശ്ചിത തുക സർക്കാർ ഉറപ്പു വരുത്തുന്ന ‘ലാഡ്‍ലി ലക്ഷ്മി യോജന’ പോലുള്ള പദ്ധതികളും ചൗഹാന്റെ ജനപ്രീതി വർധിപ്പിച്ച കാര്യങ്ങളാണ്. 21 വയസ്സാകുമ്പോൾ പെൺകുട്ടികൾക്ക് 1 ലക്ഷം രൂപയോളം ഈ പദ്ധതിയിൽ നിന്ന് ലഭിക്കുകയും ചെയ്യും. മദ്യപ്രദേശിൽ 2007ൽ ആരംഭിച്ച ഈ പദ്ധതി ഇന്ന് മറ്റ് 6 സംസഥാനങ്ങളിലും നടപ്പാക്കുന്നുണ്ട്.
∙ കേന്ദ്രത്തിലേക്ക് പോകാൻ ചൗഹാൻ വഴങ്ങുമോ?
ഉത്തരേന്ത്യൻ ഹൃദയഭൂമിയിൽ ബിജെപിയുടെ ഏറ്റവും വലിയ ഒബിസി നേതാക്കളിലൊരാൾ കൂടിയാണ് ശിവരാജ് സിങ് ചൗഹാൻ. അതുകൊണ്ടു തന്നെ ചൗഹാനെ മാറ്റി നിർത്തുക എന്നത് അത്ര എളുപ്പമല്ല. മുൻപും മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറ്റപ്പെട്ടിട്ടുണ്ട്. 2018ൽ ഛത്തീസ്ഗഡിലെ പരാജയത്തിനു പിന്നാലെ രമൺ സിങ്ങിനെ പാർട്ടി ദേശീയ വൈസ് പ്രസിഡന്റാക്കി. 2018ൽ പരാജയപ്പെട്ടതോടെ 2019ൽ ചൗഹാനും ഈ പദവി ലഭിച്ചിരുന്നു. എന്നാൽ ചൗഹാൻ ഡൽഹിയിൽ അധിക സമയം ചെലവഴിച്ചില്ല.
രമൺ സിങ്ങോ വസുന്ധരയോ അല്ല ശിവരാജ് സിങ് ചൗഹാൻ. കേന്ദ്ര നേതൃത്വം തുടക്കത്തിൽ മാറ്റി നിർത്തിയിട്ടും 160 റാലികൾ നയിച്ച് സ്വന്തം പ്രസക്തി ഉയർത്തിക്കാട്ടിയ ആളാണ്. ‘ലാഡ്‍ലി ബെഹ്ന’ പോലെ വോട്ട് കൊണ്ടുവരുന്ന ജനക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച ആൾ എന്ന നിലയിൽ ബിജെപിക്കും അത് കണ്ടില്ലെന്ന് നടക്കാൻ പറ്റില്ല. 5 വട്ടം എംപി, 4 വട്ടം മുഖ്യമന്ത്രി തുടങ്ങി ഇത്തരത്തിലുള്ള നേട്ടങ്ങളുള്ള മറ്റാരും തന്നെ ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലില്ല.
അതുകൊണ്ടു തന്നെ ചൗഹാനെ 2024ൽ ആറാം വട്ടവും മത്സരത്തിനിറക്കി ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുപോകാനുള്ള സാധ്യത ഏറെയാണ്. അതിന് ചൗഹാൻ സന്നദ്ധനാകുമോ എന്ന ചോദ്യവും അവിടെ നിലനിൽക്കുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ 29 മണ്ഡലങ്ങളിലും ബിജെപിയെ വിജയിപ്പിക്കുക എന്നതാണ് ഇനി തന്റെ ലക്ഷ്യമെന്ന് ചൗഹാൻ പറഞ്ഞിട്ടുണ്ട്. എന്തായിരിക്കും ശിവരാജ് സിങ് ചൗഹാൻ ലക്ഷ്യം വയ്ക്കുന്നത് എന്നറിയാൻ കുറച്ചു കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.