ഒരു ഇല കൊഴിയുന്നതു പോലെ 2023 നമ്മെ വിട്ടു പിരിയാൻ പോവുകയാണ്. എന്തുപെട്ടെന്നാണ് ഒരു വർഷം കടന്നുപോയത്. എന്തൊക്കെ സംഭവങ്ങളാണ് നമുക്ക് ചുറ്റിലും ഇതിനിടെ ഉണ്ടായത്. കേരളത്തിലും ഇന്ത്യയിലും 2023ലുണ്ടായ പ്രധാന സംഭവങ്ങൾ ഓർത്തെടുക്കാൻ ഒരു നിമിഷം മതിയായേക്കും. എന്നാൽ ഈ വലിയ ലോകത്തിൽ സംഭവിച്ച പ്രധാനകാര്യങ്ങളോ? ഒരുപക്ഷേ പെട്ടെന്ന് അവ ഓർത്തെടുക്കാൻ പറ്റിയെന്ന് വരില്ല. 2023 പ്രത്യാശയുടെ, സന്തോഷത്തിന്റെ ഒപ്പം ദുഃഖത്തിന്റെയും വർഷമായിരുന്നു. ലോകം ഒന്നാകെ പ്രാർഥനയോടെ ദിനങ്ങളെണ്ണി കാത്തിരുന്ന സംഭവങ്ങൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. വായിക്കാം 2023 ലെ 23 വലിയ സംഭവങ്ങളുടെ ചെറിയ കുറിപ്പുകള്‍.

ഒരു ഇല കൊഴിയുന്നതു പോലെ 2023 നമ്മെ വിട്ടു പിരിയാൻ പോവുകയാണ്. എന്തുപെട്ടെന്നാണ് ഒരു വർഷം കടന്നുപോയത്. എന്തൊക്കെ സംഭവങ്ങളാണ് നമുക്ക് ചുറ്റിലും ഇതിനിടെ ഉണ്ടായത്. കേരളത്തിലും ഇന്ത്യയിലും 2023ലുണ്ടായ പ്രധാന സംഭവങ്ങൾ ഓർത്തെടുക്കാൻ ഒരു നിമിഷം മതിയായേക്കും. എന്നാൽ ഈ വലിയ ലോകത്തിൽ സംഭവിച്ച പ്രധാനകാര്യങ്ങളോ? ഒരുപക്ഷേ പെട്ടെന്ന് അവ ഓർത്തെടുക്കാൻ പറ്റിയെന്ന് വരില്ല. 2023 പ്രത്യാശയുടെ, സന്തോഷത്തിന്റെ ഒപ്പം ദുഃഖത്തിന്റെയും വർഷമായിരുന്നു. ലോകം ഒന്നാകെ പ്രാർഥനയോടെ ദിനങ്ങളെണ്ണി കാത്തിരുന്ന സംഭവങ്ങൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. വായിക്കാം 2023 ലെ 23 വലിയ സംഭവങ്ങളുടെ ചെറിയ കുറിപ്പുകള്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഇല കൊഴിയുന്നതു പോലെ 2023 നമ്മെ വിട്ടു പിരിയാൻ പോവുകയാണ്. എന്തുപെട്ടെന്നാണ് ഒരു വർഷം കടന്നുപോയത്. എന്തൊക്കെ സംഭവങ്ങളാണ് നമുക്ക് ചുറ്റിലും ഇതിനിടെ ഉണ്ടായത്. കേരളത്തിലും ഇന്ത്യയിലും 2023ലുണ്ടായ പ്രധാന സംഭവങ്ങൾ ഓർത്തെടുക്കാൻ ഒരു നിമിഷം മതിയായേക്കും. എന്നാൽ ഈ വലിയ ലോകത്തിൽ സംഭവിച്ച പ്രധാനകാര്യങ്ങളോ? ഒരുപക്ഷേ പെട്ടെന്ന് അവ ഓർത്തെടുക്കാൻ പറ്റിയെന്ന് വരില്ല. 2023 പ്രത്യാശയുടെ, സന്തോഷത്തിന്റെ ഒപ്പം ദുഃഖത്തിന്റെയും വർഷമായിരുന്നു. ലോകം ഒന്നാകെ പ്രാർഥനയോടെ ദിനങ്ങളെണ്ണി കാത്തിരുന്ന സംഭവങ്ങൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. വായിക്കാം 2023 ലെ 23 വലിയ സംഭവങ്ങളുടെ ചെറിയ കുറിപ്പുകള്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഇല കൊഴിയുന്നതു പോലെ 2023 നമ്മെ വിട്ടു പിരിയാൻ പോവുകയാണ്. എന്തുപെട്ടെന്നാണ് ഒരു വർഷം കടന്നുപോയത്. എന്തൊക്കെ സംഭവങ്ങളാണ് നമുക്ക് ചുറ്റിലും ഇതിനിടെ ഉണ്ടായത്. കേരളത്തിലും ഇന്ത്യയിലും 2023ലുണ്ടായ പ്രധാന സംഭവങ്ങൾ ഓർത്തെടുക്കാൻ ഒരു നിമിഷം മതിയായേക്കും. എന്നാൽ ഈ വലിയ ലോകത്തിൽ സംഭവിച്ച പ്രധാനകാര്യങ്ങളോ? ഒരുപക്ഷേ പെട്ടെന്ന് അവ ഓർത്തെടുക്കാൻ പറ്റിയെന്ന് വരില്ല. 2023 പ്രത്യാശയുടെ, സന്തോഷത്തിന്റെ ഒപ്പം ദുഃഖത്തിന്റെയും വർഷമായിരുന്നു. ലോകം ഒന്നാകെ പ്രാർഥനയോടെ ദിനങ്ങളെണ്ണി കാത്തിരുന്ന സംഭവങ്ങൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. വായിക്കാം 2023 ലെ 23 വലിയ സംഭവങ്ങളുടെ ചെറിയ കുറിപ്പുകള്‍.

1) കുടുംബം മുഖ്യം, പ്രധാനമന്ത്രിപദമൊഴിഞ്ഞ് ജസിൻഡ

ADVERTISEMENT

അപ്രതീക്ഷിതമായിരുന്നു ആ രാജി, ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിന്‍ഡ ആൻഡേൻ  2023 ജനുവരിയിൽ സ്ഥാനം ഒഴിഞ്ഞു. കോവിഡ് നിയന്ത്രണം ഉൾപ്പെടെയുള്ള സംഭവങ്ങൾ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത ജസിന്‍ഡ മലയാളികൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ സ്വാധീനിച്ച വനിതയായിരുന്നു. നാൽപ്പത്തിരണ്ടാമത്തെ വയസ്സിലാണ് ജസിന്‍ഡ പ്രധാനമന്ത്രിപദത്തിൽനിന്നും ലേബർ പാർട്ടിയിലെ നേതൃസ്ഥാനത്തുനിന്നും പടിയിറങ്ങിയത്. ‘‘കുടുംബത്തോടൊപ്പം ഇനി കഴിയണം, അതിനാലാണ് രാജി’’യെന്നാണ് ജസിന്‍ഡ വ്യക്തമാക്കിയത്. മുപ്പത്തിയേഴാമത്തെ വയസ്സിൽ ന്യൂസീലൻഡ് പ്രധാനമന്ത്രിയായ ജസിന്‍ഡ കേവലം അഞ്ചു വർഷംകൊണ്ട് സ്ഥാനമൊഴിയുകയായിരുന്നു. 2020ൽ ‌ന്യൂസീലൻഡിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് മികച്ച ജയം നേടാനും ജസിന്‍ഡയുടെ ജനപ്രീതി സഹായിച്ചു. വാർധക്യത്തിലും സ്ഥാനമോഹങ്ങളുമായി രാഷ്ട്രീയത്തിൽ തുടരുന്നവർക്കു നേരെയുള്ള ചോദ്യമായിരുന്നു ജസിന്‍ഡയുടെ ‘വിരമിക്കൽ’.

ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ജസിൻഡ ആൻഡേൻ (Photo by Steven SAPHORE / AFP)

2) പട്ടിണിയും പരിവട്ടവുമായി പാക്കിസ്ഥാൻ 

2023 ഇന്ത്യയുടെ അയൽ രാജ്യമായ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം കഷ്ടപ്പാടിന്റെ വർഷമായിരുന്നു. 2022ൽ പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്ന ഇമ്രാൻ ഖാനെ ചുറ്റിപ്പറ്റിയാണ് പാക്ക് രാഷ്ട്രീയം ഈ വർഷവും ചലിച്ചത്. അഴിമതിക്കേസുകളിൽ ഇമ്രാനെ അഴിക്കകത്താക്കാനുള്ള  സർക്കാരിന്റെ ശ്രമങ്ങൾ  ഒടുവിൽ ജയം കണ്ടു. അതേസമയം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഇനിയും പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. ഇന്ധനവില കുതിച്ചുയർന്നതും ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമവും ജനജീവിതം കൂടുതൽ ദുഃസ്സഹമാക്കുകയും ചെയ്തു. പാലുകൊടുത്തു വളർത്തിയ ഭീകരൻമാർ പാക്കിസ്ഥാനു നേർക്ക് തിരിഞ്ഞതും വാർത്തകളില്‍ ഇടംനേടി. അഫ്ഗാനിലെ താലിബാൻ സർക്കാരുമായി തെറ്റിയതും പാക്കിസ്ഥാന് വിനയായിരിക്കുകയാണ്. സംഘർഷ സമയത്ത് അഫ്ഗാനിൽനിന്ന് അഭയം തേടി പാക്കിസ്ഥാനിലെത്തിയ അഭയാർഥികളെ നിർബന്ധപൂർവം തിരികെ അയയ്ക്കുന്നതിനുള്ള നടപടികളും പാക്കിസ്ഥാൻ ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇന്ത്യ വർഷങ്ങളായി തേടിക്കൊണ്ടിരിക്കുന്ന കൊടുംഭീകരൻമാർ പാക്ക് മണ്ണിൽ ഒന്നൊന്നായി 'അജ്ഞാതരുടെ' ആക്രമണത്തിൽ കൊല്ലപ്പെടുന്നതും വാർത്തകളിൽ ഇടംനേടി. ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹീമിനു നേരെ വിഷപ്രയോഗം നടന്നുവെന്ന വാർത്തയും അതിനിടെയെത്തി.

ഭക്ഷ്യപ്രതിസന്ധി നേരിട്ട പാക്കിസ്ഥാനിൽ പൊതുവിതരണ കേന്ദ്രത്തിൽനിന്ന് സൗജന്യമായി ലഭിച്ച ഗോതമ്പുമായി പോകുന്ന ബാലൻ(Photo by Farooq NAEEM / AFP)

3) ഇപ്പോഴും ചാരബലൂൺ പറത്തി 'കളിക്കുന്ന' ചൈന

ADVERTISEMENT

കണ്ണുചിമ്മാതെ നിരീക്ഷിക്കുന്ന ചാരഉപഗ്രഹങ്ങൾ രാജ്യങ്ങൾ വിക്ഷേപിക്കുമ്പോഴും പരമ്പരാഗത ചാരപ്രവർത്തനങ്ങൾ അന്യംനിന്നു പോയിട്ടില്ലെന്ന് ചൈന 2023ലും തെളിയിച്ചു. യുഎസ് അതിർത്തി ഭേദിച്ച് പറന്ന  ചൈനീസ് ചാരബലൂണുകൾ 2023 ഫെബ്രുവരിയിലെ വിദേശ വാർത്തകളിലെ പ്രധാന തലക്കെട്ടുകളായിരുന്നു. രണ്ട് ബസുകളുടെ വലുപ്പമുള്ള ചാരബലൂണുകളാണ് യുഎസിൽ എത്തിയത്.  യുഎസ് വ്യോമസേന എഫ്-22 വിമാനത്തിന്റെ സഹായത്തോടെ ചൈനീസ് ബലൂൺ വെടിവച്ചു വീഴ്ത്തി. പ്രസിഡന്റ് ജോ ബൈഡനാണ് ബലൂണുകൾ നശിപ്പിക്കാൻ ഉത്തരവിട്ടത്. കടലി‍ൽ പതിച്ച ബലൂണുകളുടെ അവശിഷ്ടം കണ്ടെടുക്കുകയും ചെയ്തിരുന്നു. ചാര ബലൂണുകൾക്ക് പിന്നാലെ അജ്ഞാത പേടകം യുഎസ് ആകാശത്ത് കണ്ടതും ആശങ്കപരത്തി. അതേസമയം യുഎസ് വ്യോമമേഖലയിൽ കണ്ടെത്തിയത് കാലാവസ്ഥാ പഠനത്തിനുള്ള ബലൂണാണെന്നായിരുന്നു ചൈനയുടെ വാദം. കാറ്റിന്റെ ഗതിയിൽ ദിശമാറി സഞ്ചരിച്ചാണ് അവ യുഎസിൽ പ്രവേശിച്ചതെന്നും ചൈന അവകാശപ്പെട്ടെങ്കിലും യുഎസ് – ചൈന നയതന്ത്രബന്ധത്തിൽ ഉലച്ചിൽ തട്ടിയ സംഭവമായിരുന്നു പറന്നെത്തിയ കൂറ്റൻ ബലൂണുകൾ. 

4) ധൈര്യശാലി ബൈഡൻ, റഷ്യയെ വകവയ്ക്കാതെ യുക്രെയ്നിൽ 

2022 ഫെബ്രുവരിയിൽ ആരംഭിച്ച യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഇപ്പോഴും തുടരുകയാണ്. 2023നും റഷ്യ–യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 2023ൽ യുക്രെയ്നിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത സന്ദർശനം ഏറെ ശ്രദ്ധനേടി. റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫെബ്രുവരി 20നാണ് യുഎസ് പ്രസിഡന്റ് എത്തിയത്. യുക്രെയ്നുള്ള യുഎസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ച ബൈഡൻ റഷ്യൻ ബോംബാക്രമണങ്ങളിൽ തകർന്ന നഗരങ്ങൾ നേരിൽ കണ്ടു. 'ഒരു വർഷത്തിനു ശേഷവും കീവ്  നിവർന്നു നിൽക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഞ്ച് മണിക്കൂറിലധികം യുക്രെയ്നില്‍ ചെലവഴിച്ച ശേഷമാണ് യുഎസ് പ്രസിഡന്റ് മടങ്ങിയത്. 

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Photo by Brendan Smialowski / AFP)

5) 2024 ല്‍ യുഎസ് പ്രസിഡന്റാകുമോ മലയാളി?

ADVERTISEMENT

2024ൽ ഇന്ത്യയിൽ മാത്രമല്ല  യുഎസിലും തിരഞ്ഞെടുപ്പ് വർഷമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന യുഎസിൽ മലയാളിക്കും ശ്രദ്ധിക്കാൻ ഒരു കാര്യമുണ്ട്. പാലക്കാട് വടക്കഞ്ചേരിയിൽ കുടുംബ വേരുകളുള്ള വിവേക് രാമസ്വാമി യുഎസ് പ്രസിഡന്റാകാനുള്ള ഒരുക്കത്തിലാണ്. റിപബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിക്കുന്ന വിവേക് രാമസ്വാമിക്ക് ആദ്യം സ്വന്തം പാർട്ടിയിൽ അംഗീകാരം ലഭിക്കേണ്ടതായിട്ടുണ്ട്. നിലവിൽ റിപബ്ലിക്കൻ പാർട്ടിയിൽ നാലു പേരാണ്  പ്രസിഡന്റ് കുപ്പായത്തിനായി മുൻനിരയിലുള്ളത്. ഇതിൽ മുൻ യുഎസ് പ്രസിഡന്റ്  ഡോണൾഡ് ട്രംപിന്  കോടതിയിൽനിന്ന് തുടരെ തിരിച്ചടിയേറ്റത് മറ്റുള്ളവരുടെ സാധ്യത വർധിപ്പിച്ചിട്ടുണ്ട്.

പല സംസ്ഥാനത്തും മത്സരിക്കുന്നതിന് ട്രംപിന് കോടതിവിലക്ക് വന്നുകൊണ്ടേയിരിക്കുകയാണ്. ഈ വിധികൾക്കെതിരെ യുഎസ് സുപ്രീം കോടതിയെ സമീപിക്കാനാണ് ട്രംപിന്റെ നീക്കം. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ പകുതിയിലധികവും ട്രംപിനെ അനുകൂലിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസാണ് ജനപ്രീതിയിൽ ട്രംപിന് പിന്നിലുള്ളത്, മുൻ സൗത്ത് കാരലൈന ഗവർണർ നിക്കി ഹേലിയും പട്ടികയിലുണ്ട്. നിക്കി ഹേലിയും ഇന്ത്യൻ വംശജയാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻതന്നെയായിരിക്കും ഡമോക്രാറ്റ് സ്ഥാനാർഥിയെന്നാണു സൂചന. അതിനിടെ, 2008ൽ രതിചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപായി അവർക്ക് ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്ന കേസും തിരിച്ചടിയായി. ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്ന ആദ്യ യുഎസ് മുൻ പ്രസിഡന്റുമായി ട്രംപ്.

6) മൂന്നാം ഊഴത്തിൽ പിടിമുറുക്കി ഷി ചിൻപിങ്

10 വർഷത്തിനു ശേഷം സ്ഥാനമൊഴിയുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴ്‌വഴക്കം ഷി ചിൻപിങ് തിരുത്തിയ വർഷമായിരുന്നു 2023. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) തലവനായി മാർച്ചിൽ അദ്ദേഹം വീണ്ടും തിര‍ഞ്ഞെടുക്കപ്പെട്ടു. ഇതോടെ ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും ഔപചാരികമായി ഷിയുടെ കാലാവധി നീണ്ടു. 2022ൽ മൂന്നാം ഊഴം സാധ്യമാക്കുന്ന തരത്തിൽ പാർട്ടി ഭരണഘടനാ ഭേദഗതി വരുത്തിയപ്പോൾത്തന്നെ ഷി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായിരുന്നു.  ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്കു മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഷി ചിൻപിങ്ങിന് ആശംസയുമായി ട്വീറ്റ് ചെയ്തവരില്‍ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടായിരുന്നു. ലോക രാഷ്ട്രീയത്തിൽ ചൈന മുഖ്യശബ്ദമായി ഉയർന്നുവരുന്നതു പ്രശംസനീയമാണെന്നും കൂടുതൽ അഭിവൃദ്ധിപ്പെടാനുള്ള ശ്രമങ്ങൾക്ക് ആശംസകളെന്നുമായിരുന്നു മുഖ്യന്റെ ആശംസ. ഇതും വാർത്താപ്രധാന്യം നേടി.

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് (Photo by Jade Gao / POOL / AFP)

7) കുട്ടികളെ തട്ടിക്കൊണ്ടുപോയി, പുട്ടിന്  അറസ്റ്റ് വാറന്റ്

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ രാജ്യാന്തര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും 2023നെ ശ്രദ്ധേയമാക്കി. യുക്രെയ്നിൽനിന്ന് കുട്ടികളെ റഷ്യയുടെ അധീനതയിലുള്ള പ്രദേശത്തേക്കു തട്ടിക്കൊണ്ടുപോയെന്ന കുറ്റമാണ് പുട്ടിന് മേൽ ചുമത്തിയത്. കുട്ടികളെ മാറ്റിപ്പാർപ്പിച്ചതു യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരുമെന്നാണ് കോടതി കണ്ടെത്തിയത്. സംഭവത്തിൽ കൃത്യമായ തെളിവ് ലഭിച്ചുവെന്ന് പറഞ്ഞ കോടതി റഷ്യയിൽ കുട്ടികളുടെ മേൽനോട്ടം വഹിക്കുന്നവരേയും കേസിൽ പ്രതിചേർത്തു. 

റയാന ബർനാവി (Photo by Gregg Newton / AFP)

8)  ബഹിരാകാശത്തെത്തി ആദ്യ അറബ് വനിത

അറബ് ലോകത്തുനിന്ന് ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് യാത്ര ചെയ്ത വർഷമായിരുന്നു 2023.  സൗദി അറേബ്യയാണ് മുപ്പത്തിമൂന്നുകാരിയായ റയ്യാന ബർനാവിയെ ഈ ചരിത്ര നിയോഗത്തിന് അയച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു മൂന്നു പേർക്കൊപ്പമാണ്  റയ്യാന ബർനാവി യാത്ര പുറപ്പെട്ടത്. യുദ്ധവിമാന പൈലറ്റും സൗദി പൗരനുമായ അലി അൽ ഖർനി, ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സൻ, വ്യവസായിയും പൈലറ്റുമായ ജോൺ ഷോഫ്നർ എന്നിവരായിരുന്നു സഹ സഞ്ചാരികൾ. സ്വകാര്യ കമ്പനി ആയ ആക്സിയം സ്‌പേസിന്റെ രണ്ടാം ബഹിരാകാശ ദൗത്യത്തിന് സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്ക​റ്റാണ് കരുത്തേകിയത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം തങ്ങിയ, ഏഴു മണിക്കൂറിലേറെ സമയം ബഹിരാകാശത്ത് നടന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയെന്ന പദവി യുഎഇയുടെ സുൽത്താൻ അൽ നെയാദിയെ തേടിയെത്തിയതും 2023ലാണ്. മാർച്ചിൽ യാത്ര തിരിച്ച സുൽത്താൻ സെപ്റ്റംബറിലാണ് ബഹിരാകാശ നിലയത്തിൽനിന്ന് തിരിച്ചെത്തിയത്.

കലാപത്തെ തുടർന്ന് സുഡാനിൽനിന്ന് പാലായനം ചെയ്യുന്ന ജനം (Photo by AFP)

9)  സുഡാനിൽ ആഭ്യന്തര സംഘർഷം, ഇന്ത്യയുടെ ഓപറേഷൻ കാവേരി

വടക്കേ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ പൊടുന്നനെ ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടത് 2023ലെ കറുത്ത ഏടുകളിൽ ഒന്നായി‌. സൈന്യവും അർധ സൈനിക വിഭാഗവും തമ്മിലാണ് അധികാരം പിടിക്കുന്നതിനായി തെരുവിൽ ഏറ്റുമുട്ടിയത്. ആയിരക്കണക്കിന് ആളുകൾ സംഘർഷത്തിൽ കൊല്ലപ്പെട്ടപ്പോൾ ലക്ഷങ്ങളാണ് ഭയന്ന് പലായനം ചെയ്തത്. അതേസമയം സുഡാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ രക്ഷിച്ചുകൊണ്ടുവരാൻ കേന്ദ്രം നടപ്പിലാക്കിയ ഓപറേഷൻ കാവേരി വിജയകരമായി. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമാക്കി  ഇന്ത്യ നടത്തിയ ദൗത്യത്തിന് വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ നേരിട്ട് മേൽനോട്ടം വഹിച്ചു. നാവിക, വ്യോമസേനകളും ഇന്ത്യൻ പൗരൻമാരെ തിരികെ എത്തിക്കുന്ന ദൗത്യത്തിൽ പങ്കെടുത്തു. ഏകദേശം 3000 ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങിയിരുന്നത്. 

10) തലയെണ്ണിയാൽ ഇന്ത്യ നമ്പർ 1

ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് എത്തിയ വർഷമാണ് 2023. ഏപ്രിലിൽ പുറത്തുവന്ന യുഎൻ പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) റിപ്പോർട്ടാണ് 2023 പകുതിയോടെ 142.86 കോടി ജനങ്ങളുമായി ഇന്ത്യ ചൈനയെ മറികടക്കുമെന്ന് വെളിപ്പെടുത്തിയത്. ലോകത്ത് ആകെ ജനസംഖ്യ 804.5 കോടിയുണ്ടെന്നും അതിൽ മൂന്നിലൊന്നും ഇന്ത്യയിലും ചൈനയിലുമാണെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം ചൈനയെ ഇന്ത്യ മറികടന്നെങ്കിലും യുവാക്കളുടെ എണ്ണത്തിൽ ചൈനയേക്കാളും ഇന്ത്യ വളരെ മുന്നിലാണ്. 15– 24 വയസ്സിന് ഇടയിലുള്ള ആളുകൾ ഏറ്റവും കൂടുതലുള്ള രാജ്യവും ഇന്ത്യയാണ്. രാജ്യത്തെ 25.4 കോടി ആളുകളാണ് ഈ പ്രായത്തിലുള്ളത്. 

കിരീടധാരണത്തിന് ശേഷം ചാൾസ് മൂന്നാമൻ രാജാവ് ബക്കിങ്ങാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. (Photo by Marco BERTORELLO / AFP)

11) ബ്രിട്ടൻ മാറ്റിപ്പാടി, ഗോഡ് സേവ് ദ് കിങ്

2023 ബ്രിട്ടനെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ട വർഷമായിരുന്നു. ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണമായിരുന്നു അത്. മേയ് ആറിനാണ് വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങ് നടന്നത്. കിരീടധാരണത്തിന് ശേഷം വെസ്റ്റ്മിൻസ്റ്റർ ആബിയിൽനിന്ന് കൊട്ടാരത്തിലേക്ക് ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും ഘോഷയാത്ര ലോകമെമ്പാടുമുള്ള കോടിക്കണക്കിനു പേരാണ് തത്സമയം കണ്ടത്. എഴുപത്തിനാലാം വയസ്സിലാണ് ചാൾസ് മൂന്നാമന്‍ കിരീടം ധരിച്ചത്. 2022 സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്നാണ് ചാൾസ് രാജാവായി മാറിയത്. 1937ന് ശേഷം ആദ്യമായാണ് കിരീടധാരണ ചടങ്ങിന് ബ്രിട്ടൻ സാക്ഷിയായത്. ‘ഗോഡ് സേവ് ദ് ക്വീൻ’ എന്ന് കഴിഞ്ഞ 70 വർഷമായി ബ്രിട്ടിഷുകാർ മനസ്സിൽ പതിപ്പിച്ച ഗാനത്തിനു പകരം ഇനി ‘ഗോഡ് സേവ് ദ് കിങ്’ എന്നായിരിക്കും ബ്രിട്ടൻ ദേശീയഗാനം ആലപിക്കുക.

തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച റസിപ് തയ്യിപ് എർദൊഗൻ അനുയായികളെ അഭിസംബോധന ചെയ്യുന്നു (Photo by MURAT CETIN MUHURDAR / TURKISH PRESIDENTIAL PRESS SERVICE / AFP)

12) തുർക്കിയിൽ എർദൊഗാന് ഹാട്രിക്

മൂന്നാം തവണയും തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തയ്യിപ് എർദൊഗാൻ വിജയം നേടി.  52.14% വോട്ട് നേടിയാണ് എതിർസ്ഥാനാർഥി കമാൽ കിലിച്ദാറുലുവിനെ എർദൊഗാൻ പരാജയപ്പെടുത്തിയത്. ഇക്കുറി കടുത്ത പോരാട്ടമായിരുന്നു തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായത്. ഒരുവേള എർദൊഗാൻ പരാജയപ്പെടുമെന്നു വരെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസിഡന്റ് ആകുന്നതിന് മുൻപ് അദ്ദേഹം തുർക്കിയുടെ പ്രധാനമന്ത്രിയുമായി. പാക്കിസ്ഥാനു വേണ്ടി യുഎന്നിലടക്കം വാദിക്കുന്നത് എർദോഗന്റെ സ്ഥിരം ശൈലിയാണ്. കശ്മീർ വിഷയം 2023ലും യുഎന്നില്‍ തുർക്കി കൊണ്ടുവന്നിരുന്നു.

13) ചാര ഉപഗ്രഹവുമായി കിമ്മിന്റെ തീക്കളി

അയൽരാജ്യങ്ങൾക്കെതിരെയുള്ള ഉത്തരകൊറിയയുടെ പ്രകോപനങ്ങൾ 2023ലും തടസ്സമില്ലാതെ തുടർന്നു. മിസൈൽ പരീക്ഷണങ്ങൾക്കും ചാരഉപഗ്രഹം വിക്ഷേപിക്കുന്നതിനുമാണ് ഈ വർഷം കിം ജോങ് ഉന്നിന്റെ രാജ്യം ശ്രമിച്ചത്. ജൂൺ ഒന്നിന്  'മെല്ലിഗ്യോംഗ് - 1 ' എന്ന ഉപഗ്രഹം വിക്ഷേപിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

മകൾ കിം ജുഎയ്‌ക്കൊപ്പം കിം ജോങ് ഉൻ. Photo by KCNA VIA KNS / AFP

യു.എസിന്റെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കുക എന്ന കിം ജോങ്ങിന്റെ സ്വപ്നപദ്ധതിയായിരുന്നു ആദ്യശ്രമത്തിൽ പരാജയപ്പെട്ടത്. റോക്കറ്റിന്റെ രണ്ടാം ഘട്ടത്തിലുണ്ടായ പാളിച്ചയാണ് ഉദ്യമം പരാജയപ്പെടാൻ ഇടയാക്കിയത്. അതേസമയം നവംബർ അവസാനം  'മെല്ലിഗ്യോംഗ് - 1 ' വിജയകരമായി വിക്ഷേപിച്ചു എന്ന അവകാശവാദവുമായി കിം വീണ്ടുമെത്തി. മൂന്നാമത്തെ വിക്ഷേപണമാണ് വിജയത്തിലെത്തിയത്. വിക്ഷേപണം കാണാൻ മകൾക്കൊപ്പം കിമ്മും എത്തിയിരുന്നു. എന്നാൽ ഉത്തര കൊറിയ വിക്ഷേപിച്ച ഉപഗ്രഹം പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയമാണ് ശത്രുക്കളായ അയൽരാജ്യങ്ങൾ പങ്കുവച്ചത്. വിക്ഷേപണത്തിന് കിമ്മിന് റഷ്യയുടെ സഹായം ലഭിച്ചു എന്ന അഭ്യൂഹവും ഉയർന്നു. 

14) ആമസോൺ‍ കാത്ത കുരുന്നുകൾ

മനുഷ്യപ്രയ്തനത്തിനൊപ്പം ആമസോൺ കാടിന്റെ കരുതലിന്റെ കൂടി കഥയായി മാറിയ ഒരു സംഭവം 2023ൽ ഉണ്ടായി. ‘ഓപ്പറേഷൻ ഹോപ്’ എന്ന രണ്ടു വാക്കിൽ വിവരിക്കാവുന്നതല്ല ആ കരുതലിന്റെ, കണ്ടെത്തലിന്റെ കഥ. മേയ് ഒന്നിന് തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽനിന്ന് പറന്നുയർന്ന വിമാനം യന്ത്രത്തകരാറിനാൽ ആമസോൺ മഴക്കാടുകളിൽ തകർന്നുവീണു. നാല് കുട്ടികൾ അടക്കം ഏഴ് യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ മുതിർന്ന മൂന്ന് പേരുടെ മൃതദേഹങ്ങൾ തിരച്ചിലിൽ കണ്ടെടുത്തെങ്കിലും കുട്ടികളുടെ വിവരങ്ങൾ ഒന്നും ലഭ്യമായില്ല. ഇതേതുടർന്ന് കൊളംബിയൻ സൈന്യം നേരിട്ടിറങ്ങി നടത്തിയ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഹോപ്’ എന്ന പേരിൽ അറിയപ്പെട്ടത്. പതിമൂന്നും ഒൻപതും നാലും വയസ്സുള്ള മൂന്ന് കുട്ടികളെയും 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും തേടിയായിരുന്നു രക്ഷാപ്രവർത്തനം. 40 ദിവസങ്ങൾക്ക് ശേഷം നാല് പേരെയും ജീവനോടെ കണ്ടെത്തിയത് ലോകത്തിനാകെ പ്രതീക്ഷ നൽകിയ സംഭവമായി മാറി. 160 സൈനികരാണ് ഗോത്ര വിഭാഗക്കാർക്കൊപ്പം കുഞ്ഞുങ്ങളെ തിരഞ്ഞിറങ്ങിയത്. കുട്ടികളെ കണ്ടെത്താൻ സഹായിച്ച സൈന്യത്തിലെ നായയെ കാണാതായതും തുടർന്നുള്ള ദിവസങ്ങളിൽ വാർത്തകളിൽ ഇടം നേടി.  വിൽസൺ എന്ന ബെൽജിയം ഷെപ്പേഡ് ഇനത്തിൽപ്പെട്ട  നായയെയാണ് കാണാതായത്. 

കൊളംബിയയിലെ ആമസോൺ വനഭാഗത്ത് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്ക് സമീപം സൈനികൻ. (Photo by Handout / Colombian army / AFP)

15) കടലാഴങ്ങളിൽ നോവായി ടൈറ്റൻ 

ആമസോണിൽ കാണാതായ കുരുന്നുകളെ തിരികെ നല്‍കിയ ജൂൺ മാസം പക്ഷേ ടൈറ്റൻ അപകടത്തിൽപ്പെട്ടവരുടെ  ജീവന്‍ തിരിച്ചു നൽകിയില്ല. അറ്റ്ലാന്റിക് സമുദ്രത്തിൽ 12,500 അടിയിലേറെ ആഴത്തിലുള്ള ടൈറ്റാനിക് അവശിഷ്ടം കാണാനായി ടൈറ്റൻ എന്ന അന്തർവാഹിനിയിൽ യാത്ര ചെയ്തവർക്കാണ് ജീവൻ നഷ്ടമായത്. 70 മണിക്കൂർ മാത്രം ശ്വസിക്കാനുള്ള ഓക്സിജനായിരുന്നു ടൈറ്റനിൽ ഉണ്ടായിരുന്നത്. ജീവവായു തീരും മുൻപ് യാത്രികരെ രക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും പേടകം പൊട്ടിത്തെറിച്ച് 5 പേരും മരിച്ചെന്ന ദുഃഖവാർത്തയ്ക്കാണ് ലോകം സാക്ഷിയായത്. യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ രക്ഷാസംഘങ്ങളാണ് ടൈറ്റനിലെ യാത്രികരെ തേടി ഇറങ്ങിയത്. ഓഷ്യൻഗേറ്റ് എന്ന കമ്പനിയാണ് ടൈറ്റാനിക്കിനെ കടലിനടിയിലെത്തി കാണുന്നതിനായുള്ള ടൈറ്റൻ നിർമിച്ചത്. പാക്കിസ്ഥാൻ കോടീശ്വരൻ ഷെഹ്‌സാദാ ദാവൂദും അദ്ദേഹത്തിന്റെ മകനും യാത്രാസംഘത്തിലുണ്ടായിരുന്നു. 

ടൈറ്റൻ സമുദ്രപേടകം. (File Photo by OceanGate Expeditions/Handout via REUTERS)

16)  യുഎസിൽ സ്റ്റേറ്റ് വിസിറ്റിനെത്തിയ മോദി

2023ൽ ഇന്ത്യൻ പ്രധാനമന്ത്രി 10 രാജ്യങ്ങളിലാണ് സന്ദർശനം നടത്തിയത്. ഇതിൽ യുഎസിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര മുൻവർഷങ്ങളിലേതിന് സമാനമായിരുന്നില്ല. 21- ഗൺ സല്യൂട്ടോടെയാണ് മോദിയെ 2023ൽ യുഎസ് എതിരേറ്റത്. കാരണം സ്റ്റേറ്റ് വിസിറ്റിനായിട്ടായിരുന്നു മോദി ജൂൺ 21ന് യുഎസിലെത്തിയത്. ഒട്ടേറെ തവണ യുഎസിൽ സന്ദർശനം നടത്തുകയും വൈറ്റ്ഹൗസിലെത്തി യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും മോദിയുടെ  സ്റ്റേറ്റ് വിസിറ്റിന് മാധ്യമങ്ങളിൽ കൂടുതൽ പ്രാധാന്യം ലഭിച്ചു. അതിനൊപ്പം യുഎസ് സ്റ്റേറ്റ് വിസിറ്റിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും ആളുകൾ തിരഞ്ഞു. വിദേശ രാജ്യത്തെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന വ്യക്തിക്ക് അഞ്ച് തരത്തിലുള്ള സന്ദർശനങ്ങളാണ് യുഎസിൽ നടത്താനാവുക. . യുഎസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് മാർഗനിർദേശങ്ങൾ അനുസരിച്ച് അവയെ സ്റ്റേറ്റ് വിസിറ്റ്, ഒഫിഷ്യൽ വിസിറ്റ്, ഒഫിഷ്യൽ വർക്കിങ് വിസിറ്റ്, വർക്കിങ് വിസിറ്റ്, സ്വകാര്യ സന്ദര്‍ശനം എന്നിങ്ങനെയാണു തിരിച്ചിരിക്കുന്നത്. ഇതിനു മുൻപുള്ള നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനങ്ങൾ വർക്കിങ് വിസിറ്റ്, ഒഫിഷ്യൽ വർക്കിങ് വിസിറ്റ് ഗണത്തിലാണ് യുഎസ് ഉൾപ്പെടുത്തിയിരുന്നത്. സ്റ്റേറ്റ് വിസിറ്റിനെത്തിയ മോദിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ വൈറ്റ് ഹൗസ് ആറു മാസം മുൻപേ തുടങ്ങിയിരുന്നു.

യുഎസ് സന്ദർശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo by ALEX WONG / GETTY IMAGES NORTH AMERICA / Getty Images via AFP)

17) വാഗ്നര്‍ പടയിളകി, പുട്ടിന്റെ റഷ്യയിൽ അട്ടിമറി?

വാഗ്‍‌നർ കൂലിപ്പട്ടാളം ലോകത്തെ വിറപ്പിച്ച മണിക്കൂറുകൾ, 2023 ജൂണിൽ റഷ്യയില്‍ നടന്ന അട്ടിമറി ശ്രമം എന്തിനായിരുന്നു എന്നതിന് ഇന്നും വ്യക്തമായ ഉത്തരം പുറത്തുവന്നിട്ടില്ല. യുഎസിനോ നാറ്റോ സഖ്യകക്ഷികൾക്കോ ദശാബ്ദങ്ങളായി ചിന്തിക്കാൻ പോലും കഴിയാത്ത സാഹസിക കൃത്യത്തിനാണ് വാഗ്നർ ഗ്രൂപ്പിലെ കൂലിപ്പടയാളികൾ തുടക്കമിട്ടത്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ മുന്നണിപ്പോരാളികളായിരുന്ന വാഗ്നർ കൂലിപ്പട്ടാളം ഒടുവിൽ റഷ്യയ്ക്കു നേരെത്തന്നെ തിരിയുകയായിരുന്നു. തെക്കൻ റഷ്യൻ നഗരമായ റോസ്തോവും രണ്ടു സൈനികകേന്ദ്രങ്ങളും പിടിച്ചെടുത്താണ് അവർ മോസ്കോയിലേക്കുള്ള പടനീക്കം ആരംഭിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം വാഗ്‌നർ ഗ്രൂപ്പ് ഈ ഉദ്യമത്തിൽനിന്ന് പിന്മാറി. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ ഇടപെട്ടുനടത്തിയ മധ്യസ്ഥചർച്ചകളാണ് ഫലം കണ്ടതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വാഗ്‍‌നർ കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്‌ഗിനി പ്രിഗോഷിൻ ഓഗസ്റ്റിൽ വിമാനാപകടത്തിൽ കൊല്ലപ്പെടുകയും ചെയ്തു. പ്രിഗോഷിൻ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന പത്തു പേരും കൊല്ലപ്പെട്ടതായാണ് പുറത്തുവന്ന വിവരം. തലസ്ഥാനമായ മോസ്കോയ്ക്ക് 100 കിലോമീറ്റർ അകലെ തിവീർ പ്രവിശ്യയിലാണ് വിമാനം തകർന്നു വീണത്. 

18) കാനഡയെ ചൂടുപിടിപ്പിച്ച ഖലിസ്ഥാൻ തലവന്റെ കൊലപാതകം

ഒരു കൊലപാതകം  രണ്ട് ഭൂഖണ്ഡങ്ങളിൽ സ്ഥിതി ചെയ്യുന്ന രണ്ട് രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തെ ഉലച്ച സംഭവത്തിനും 2023 സാക്ഷിയായി.  കാനഡയിലെ ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) തലവനായ ഹർദീപ് സിങ് നിജ്ജാർ അജ്ഞാതരുടെ വെടിയേറ്റു മരിച്ചതായിരുന്നു സംഭവം. ജൂൺ 18 ന്  യുഎസ്– കാനഡ അതിർത്തിയിലെ സറെ നഗരത്തിലാണ് അജ്ഞാതരുടെ വെടിയേറ്റു നിജ്ജാർ  മരിച്ചത്. ഇന്ത്യ പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടയാളാണ് ഹർദീപ് സിങ് നിജ്ജാർ. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി  കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. കാനഡ പാർലമെന്റിലാണ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയത്. എന്നാൽ ഇത് പൂർണമായും ഇന്ത്യ തള്ളി. ട്രൂഡോയ്ക്ക് മറുപടിയായി, ഖലിസ്ഥാൻ ഭീകരവാദികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന ആരോപണവും ഇന്ത്യ ഉന്നയിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. 

ജി20 ഉച്ചകോടിക്കായി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലെത്തിയപ്പോൾ ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അറിയിച്ചു. എന്നാൽ കാനഡ ഇന്ത്യയുമായുള്ള  വ്യാപാര കരാർ ചർച്ചകൾ നിർത്തിവയ്ക്കുകയാണുണ്ടായത്. ഇന്ത്യ ആവശ്യപ്പെട്ടത് അനുസരിച്ച് ഇന്ത്യയിലെ  21 നയതന്ത്ര പ്രതിനിധികൾ ഒഴികെയുള്ള 41 ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിച്ചിരുന്നു. മൂന്ന് മാസത്തോളം കനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ സേവനങ്ങളും ഇന്ത്യ നിർത്തിവച്ചു. എന്നാൽ 2023 അവസാനിക്കുമ്പോൾ ഇരു രാജ്യവും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാവും എന്ന സൂചനയാണ് പുറത്തുവരുന്നത്.  മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബർ അവസാനത്തോടെ  കനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ സേവനങ്ങളും ഇന്ത്യ പുനഃരാരംഭിച്ചു. 

19) മാലദ്വീപിലെ മാറ്റങ്ങൾ

അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ ഉലച്ചിലുകൾ ഉണ്ടായ വർഷം കൂടിയാണ് 2023. ഇന്ത്യയ്‌ക്കൊപ്പം നിന്നിരുന്ന മാലദ്വീപിന്റെ മനംമാറ്റമായിരുന്നു ഇതിൽ പ്രധാനം. മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച മുഹമ്മദ് മുയിസു ജയിച്ചതോടെയാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ ചെറിയ വിള്ളലുകൾ ഉണ്ടായത്. ചൈനീസ് അനുകൂലിയായ മുയിസു മാലദ്വീപിൽനിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞ ചെയ്തതിന്റ പിറ്റേന്നായിരുന്നു ആവശ്യം ഉന്നയിച്ചത്. ദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യം രാജ്യത്തിനു  ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു മുയിസു തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം ഇതിനെതിരെ പരസ്യമായി എതിർപ്പു പ്രകടിപ്പിക്കാതെയായിരുന്നു ഇന്ത്യയുടെ നീക്കങ്ങൾ. മുയിസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെ ഇന്ത്യ അയയ്ക്കുകയും ചെയ്തു. റഡാറുകളും നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും കൈകാര്യം ചെയ്യുന്നതിനായാണ് മാലദ്വീപിൽ 70 ഇന്ത്യൻ സൈനികരെ നിയോഗിച്ചത്. മുൻ മാലദ്വീപ് ഭരണകൂടം ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു ഇത്. സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറുന്ന ശ്രീലങ്കയും ചൈനയോടു കൂടുതൽ അടുക്കുന്നതിനും 2023 സാക്ഷിയായി. ദ്വീപിൽ ചൈനീസ് കമ്പനി പെട്രോളിയം ചില്ലറ വിൽപനയ്ക്കുള്ള അനുമതി നേടിയത് ഇന്ത്യൻ കമ്പനികൾക്കും തിരിച്ചടിയായി. 

മുഹമ്മദ് മുയിസു (Photo by Mohamed Afrah / AFP)

20) ജീവനെടുക്കുന്ന യുഎസ് വെടിവയ്പ്പുകൾ

സ്കൂളുകളിലും, പൊതു ഇടങ്ങളിലും വെടിവയ്പ്പുണ്ടാവുന്നത് യുഎസിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. തോക്കു വിൽപനയിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമങ്ങൾ അട്ടിമറിക്കപ്പെടുന്നതാണ് കൂട്ടക്കുരുതികൾ ആവർത്തിക്കാൻ കാരണമാവുന്നത്. നവംബർ 30 വരെയുള്ള കണക്കു പ്രകാരം യുഎസിൽ 2023 ൽ 559 വെടിവയ്പ്പുകളാണ് ഉണ്ടായത്. ഇതിൽ 660 പേർ കൊല്ലപ്പെടുകയും 2330 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ ഒക്ടോബർ 25 ന് 19 പേർ കൊല്ലപ്പെട്ട വെടിവയ്പാണ് 2023 ലെ ഏറ്റവും വലിയ ആക്രമണം. ലൂയിസ്റ്റൺ നഗരത്തിലാണ് നാൽപതുകാരനായ റോബർട്ട് കാർഡിൻ 18 പേരെ വെടിവച്ചു കൊന്നത്. ശേഷം ഒളിവിൽ പോയ ഇയാൾ സ്വയം വെടിവച്ചു മരിച്ചു. യുഎസിലെ നാഷ്‌വില്ലെയിലെ സ്കൂളിൽ  വെടിവയ്പ്പ് നടത്തിയ 28 വയസ്സുള്ള നാഷ്‌വില്ലെ എന്ന യുവതിയെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇവിടെ മൂന്നു കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ടു. 

21)  അവസാനിക്കാത്ത റഷ്യൻ പക, വീണ്ടും  ഇസ്രയേൽ–ഹമാസ് സംഘർഷം

2022 ൽ ആരംഭിച്ച യുക്രെയ്ൻ–റഷ്യ യുദ്ധം ഈ വർഷവും അവസാനിച്ചിട്ടില്ല. എന്നാൽ 2023 അവസാനിക്കുമ്പോൾ ഇസ്രയേൽ–ഹമാസ് സംഘർഷം തുടരുകയാണ്. സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെയാണ് ഇരുപക്ഷത്തും കൊല്ലപ്പെടുന്നത്.  സമാധാന ചർച്ചകൾ കരകാണാതെ നീളുമ്പോൾ ആക്രമണം വ്യാപിപ്പിക്കാൻ കൂടുതൽ സൈനികരെ അയയ്ക്കാനാണ് ഇസ്രയേൽ തീരുമാനം. ഗാസയിൽ  അഞ്ചു ലക്ഷത്തോളം ജനം പട്ടിണിയിലാണെന്നാണ് യുഎൻ ഏജൻസികൾ നൽകുന്ന വിവരം.  ഇസ്രയേലിൽ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ട്, പൗരൻമാരെ ബന്ദികളാക്കിയ ഹമാസിനുള്ള മറുപടിയായിട്ടാണ്  ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്. യുക്രെയ്നിൽ നിന്നും ലോക ശ്രദ്ധ പശ്ചിമേഷ്യയിലേക്ക് മാറി എന്നതാണ് 2023 ന്റെ അവസാനം സംഭവിച്ച പ്രധാന മാറ്റം. ഇത് യുക്രെയ്നിൽ ആക്രമണം കടുപ്പിക്കാനുള്ള അവസരമായിട്ടാണ് റഷ്യ കണക്കാക്കുന്നത്. 

22)  ലിബിയയെ മുക്കിയ പ്രളയം, നേപ്പാളിൽ തകർന്ന വിമാനം

2023 ൽ ലിബിയയെ മുക്കിയ പ്രളയത്തിൽ 4300 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. കൊടുങ്കാറ്റിനെത്തുടർന്ന് രാജ്യത്തെ രണ്ട് പഴയ അണക്കെട്ടുകള്‍ തകർന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. സുനാമി പോലെ നഗരത്തിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. നൂറുകണക്കിനാളുകളാണ് മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകിപ്പോയത്. 8500ലധികം ആളുകളെ രാജ്യത്തുനിന്ന് കാണാതായി എന്ന റിപ്പോർട്ടുകൾ മരണസംഖ്യ ഔദ്യോഗിക കണക്കിലും മേലെയാകുമെന്ന് ഉറപ്പിക്കുന്നു. 

കിഴക്കൻ ലിബിയയിലെ ഡെർണയിലുണ്ടായ വെള്ളപ്പൊക്കം∙ (Photo by AFP)

2023ൽ നേപ്പാളിലുണ്ടായ വിമാന അപകടത്തിൽ 72 പേർക്കാണ് ജീവൻ നഷ്ടമായത്. ജനുവരി 15ന്  68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു അപകടം. 

23)  ഭൂകമ്പങ്ങളുടെ വർഷം

2023 നെ ഭൂകമ്പങ്ങളുടെ വർഷം എന്ന് വിളിച്ചാൽ തെറ്റില്ല. ഒട്ടേറെ വലിയ നാശനഷ്ടമുണ്ടായ ഭൂകമ്പങ്ങൾക്കാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. ഇതിൽ ഏറ്റവും നാശനഷ്ടമുണ്ടാക്കിയ ഭൂകമ്പം തുർക്കി, സിറിയ എന്നിവിടങ്ങളിലായിരുന്നു. ഫെബ്രുവരി 6 നുണ്ടായ ഭൂകമ്പത്തിൽ 59,259 പേരാണ് ഇരു രാജ്യത്തുമായി മരിച്ചത്. ആളുകൾ ഉറങ്ങിക്കിടന്നപ്പോഴാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ലോകരാജ്യങ്ങൾ സഹായവുമായി ഇരുരാജ്യങ്ങളിലും എത്തി. 'ഓപറേഷൻ ദോസ്ത്' എന്ന പേരിൽ തുർക്കിയിലേക്ക് 100 അംഗ രക്ഷാപ്രവർത്തകരെയാണ് ഇന്ത്യ അയച്ചത്. അതിശൈത്യവും മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സമായെങ്കിലും.  ദിവസങ്ങളോളം തുർക്കിയിൽ തുടർന്ന സംഘം ഒട്ടേറെ പേരെ തിരികെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

തുർക്കിയിലെ ഭൂകമ്പത്തിൽ തകർന്ന കെട്ടിടം. (Photo Credit: masud771/X)

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ സെപ്റ്റംബർ 9 നുണ്ടായ ഭൂകമ്പവും ഏറെ നാശനഷ്ടങ്ങൾ ഉണ്ടാക്കി.  7.2 തീവ്രതയുള്ള ഭൂചലനത്തിൽ പർവത മേഖലയിലെ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. മൂവായിരത്തോളം പേർക്ക് ജീവൻ നഷ്ടമായി. ഒക്ടോബർ 7ന് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ നാലായിരത്തിലേറെ ആളുകള്‍ക്ക് ജീവൻ നഷ്ടമായി. ഹെറാത്ത് പ്രവിശ്യയിലും സമീപ പ്രദേശത്തുമായാണ് ഭൂചലനം അനുഭവപ്പെട്ടത്.  6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നാശനഷ്ടമുണ്ടാക്കിയത്. 

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ നവംബർ മൂന്നുനുണ്ടായ ഭൂചലനത്തിൽ നൂറ്റി അൻപതോളം പേർക്കാണ് ജീവൻ നഷ്ടമായത്. നേപ്പാളിലെ ജാജർകോട്ട് ജില്ലയിലെ റാമിഡാന്റ പ്രദേശത്തായിരുന്നു  6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളിന് പിന്നാലെ ഡിസംബർ 18ന് ചൈനയിലുണ്ടായ ഭൂചലനത്തിൽ നൂറ്റിഅൻപതോളം പേർ കൊല്ലപ്പെട്ടു. 5.9 രേഖപ്പെടുത്തിയ ഭൂകമ്പം പ്രവിശ്യാ കേന്ദ്രമായ ഗൻസുവിൽനിന്ന് 100 കിലോമീറ്റർ അകലെയായിട്ടാണ് ഉണ്ടായത്. ആയിരക്കണക്കിന് വീടുകൾ ഭൂചലനത്തിൽ തകർന്നുവെന്നും ഒട്ടേറെ പേർ കൊല്ലപ്പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരം. 

English Summary:

What happened around the world in 2023? the key events