അവഗണിതന്റെ ആത്മരോഷം, ആത്മനിന്ദ. കാലലീലയുടെ ഫലമെന്നോണം ശ്രീകൃഷ്ണന്റെ രാജധാനിയായ ദ്വാരകാപുരിയെ കടൽ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ആ സംഹാരതാണ്ഡവത്തിനു ശേഷം മെല്ലെ ശാന്തമായിക്കൊണ്ടിരിക്കുന്ന കടലിന്റെ ദൃശ്യത്തോടെയാണ് ‘രണ്ടാമൂഴം’ ആരംഭിക്കുന്നത്. മഹാഭാരതകഥയുടെ അവസാനഭാഗത്തെ പ്രധാനസംഭവങ്ങളാണ് അപമാനിക്കപ്പെട്ട യാദവസ്ത്രീകളെ അർജുനന് രക്ഷിക്കാൻ കഴിയാഞ്ഞതും യാദവവംശത്തിന്റെ പതനവും ശ്രീകൃഷ്ണന്റെ അന്ത്യവും ദ്വാരക കടലിലാണ്ടു പോയതുമൊക്കെ. അതോടെ ഇനി ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തോടെ പാണ്ഡവന്മാർ ദ്രൗപദിയോടൊപ്പം മഹാപ്രസ്ഥാനത്തിനൊരുങ്ങുന്നു. ആ സന്ദർഭമാണ് ‘രണ്ടാമൂഴം’എന്ന നോവലിന്റെ ആരംഭബിന്ദു. നോവലിൽ ആദ്യം പരാമൃഷ്ടനാകുന്ന കഥാപാത്രം കൃഷ്ണദ്വൈപായനനാണ് എന്നത് നോവലിസ്റ്റ് ബോധപൂർവം ചെയ്തതാവണം. ഇതിഹാസകാരൻ മാത്രമല്ല, കൗരവരുടെയും പാണ്ഡവരുടെയും പിതാക്കന്മാർക്ക് ജന്മം നൽകിയതും കൃഷ്ണദ്വൈപായനനാണ്. നോവലിന്റെ അന്ത്യത്തിൽ വാനപ്രസ്ഥം സ്വീകരിച്ച അമ്മ കുന്തിയെ ഒരിക്കൽക്കൂടി കാണാൻ ഭീമൻ കാട്ടിലെത്തുന്നു. അപ്പോൾ ധൃതരാഷ്ട്രരോടും ഗാന്ധാരിയോടുമൊപ്പം കുന്തി കഴിയുന്ന ആശ്രമത്തിൽ കൃഷ്ണദ്വൈപായനനും ഉണ്ട്. നോവലിന്റെ ഘടനയിലേക്ക് പരോക്ഷമായി ഇതിഹാസത്തിന്റെ രചനാതന്ത്രത്തിന്റെ ചില ഇഴകൾ സൂക്ഷ്മമായി പാകിയെടുക്കുന്നതിന്റെ ഉദാഹരണമാണിത്. രാമായണത്തിൽ വാല്മീകിയും മഹാഭാരതത്തിൽ വ്യാസനും (കൃഷ്ണദ്വൈപായനൻ) കഥാപാത്രങ്ങളാകുന്ന മാതൃക ഇവിടെയും തുടരുന്നു. മഹാപ്രസ്ഥാനമാരംഭിച്ചപ്പോൾ യുധിഷ്ഠിരൻ മുന്നിൽ നടന്നു. ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവരും ദ്രൗപദിയും അനുധാവനം ചെയ്തു. തങ്ങളുടെ കൂടെ നടന്നിരുന്ന ദ്രൗപദി പിന്നിൽ വീണപ്പോൾ അവൾക്ക് എന്തു പറ്റി എന്നു ശ്രദ്ധിക്കാതെ ഭീമനൊഴിച്ചുള്ളവർ മുന്നോട്ടു പോയി. ഭീമൻ എന്നും അമ്മയും സഹോദരങ്ങളും ദ്രൗപദിയുമുള്ള കുടുംബത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ് ജീവിച്ചത്. വീണുകിടക്കുന്ന ദ്രൗപദിയുടെ അടുത്തേക്ക് അയാൾ ചെന്നു. തളർന്നു വീണ അവൾ പാടുപെട്ട് എഴുന്നേറ്റിരുന്നെങ്കിലും, അയാളുടെ ‘ദ്രൗപദീ...’ എന്ന വിളിയോടുള്ള പ്രതികരണം അവ്യക്തമായിരുന്നു. അടുത്ത നിമിഷം അവളുടെ ശിരസ്സ് ചാഞ്ഞു. അവൾ കണ്ണുതുറക്കുന്നത് കാത്ത് അയാൾ അടുത്തിരുന്നു. അപ്പോൾ ഭീമസേനൻ തന്റെ

അവഗണിതന്റെ ആത്മരോഷം, ആത്മനിന്ദ. കാലലീലയുടെ ഫലമെന്നോണം ശ്രീകൃഷ്ണന്റെ രാജധാനിയായ ദ്വാരകാപുരിയെ കടൽ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ആ സംഹാരതാണ്ഡവത്തിനു ശേഷം മെല്ലെ ശാന്തമായിക്കൊണ്ടിരിക്കുന്ന കടലിന്റെ ദൃശ്യത്തോടെയാണ് ‘രണ്ടാമൂഴം’ ആരംഭിക്കുന്നത്. മഹാഭാരതകഥയുടെ അവസാനഭാഗത്തെ പ്രധാനസംഭവങ്ങളാണ് അപമാനിക്കപ്പെട്ട യാദവസ്ത്രീകളെ അർജുനന് രക്ഷിക്കാൻ കഴിയാഞ്ഞതും യാദവവംശത്തിന്റെ പതനവും ശ്രീകൃഷ്ണന്റെ അന്ത്യവും ദ്വാരക കടലിലാണ്ടു പോയതുമൊക്കെ. അതോടെ ഇനി ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തോടെ പാണ്ഡവന്മാർ ദ്രൗപദിയോടൊപ്പം മഹാപ്രസ്ഥാനത്തിനൊരുങ്ങുന്നു. ആ സന്ദർഭമാണ് ‘രണ്ടാമൂഴം’എന്ന നോവലിന്റെ ആരംഭബിന്ദു. നോവലിൽ ആദ്യം പരാമൃഷ്ടനാകുന്ന കഥാപാത്രം കൃഷ്ണദ്വൈപായനനാണ് എന്നത് നോവലിസ്റ്റ് ബോധപൂർവം ചെയ്തതാവണം. ഇതിഹാസകാരൻ മാത്രമല്ല, കൗരവരുടെയും പാണ്ഡവരുടെയും പിതാക്കന്മാർക്ക് ജന്മം നൽകിയതും കൃഷ്ണദ്വൈപായനനാണ്. നോവലിന്റെ അന്ത്യത്തിൽ വാനപ്രസ്ഥം സ്വീകരിച്ച അമ്മ കുന്തിയെ ഒരിക്കൽക്കൂടി കാണാൻ ഭീമൻ കാട്ടിലെത്തുന്നു. അപ്പോൾ ധൃതരാഷ്ട്രരോടും ഗാന്ധാരിയോടുമൊപ്പം കുന്തി കഴിയുന്ന ആശ്രമത്തിൽ കൃഷ്ണദ്വൈപായനനും ഉണ്ട്. നോവലിന്റെ ഘടനയിലേക്ക് പരോക്ഷമായി ഇതിഹാസത്തിന്റെ രചനാതന്ത്രത്തിന്റെ ചില ഇഴകൾ സൂക്ഷ്മമായി പാകിയെടുക്കുന്നതിന്റെ ഉദാഹരണമാണിത്. രാമായണത്തിൽ വാല്മീകിയും മഹാഭാരതത്തിൽ വ്യാസനും (കൃഷ്ണദ്വൈപായനൻ) കഥാപാത്രങ്ങളാകുന്ന മാതൃക ഇവിടെയും തുടരുന്നു. മഹാപ്രസ്ഥാനമാരംഭിച്ചപ്പോൾ യുധിഷ്ഠിരൻ മുന്നിൽ നടന്നു. ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവരും ദ്രൗപദിയും അനുധാവനം ചെയ്തു. തങ്ങളുടെ കൂടെ നടന്നിരുന്ന ദ്രൗപദി പിന്നിൽ വീണപ്പോൾ അവൾക്ക് എന്തു പറ്റി എന്നു ശ്രദ്ധിക്കാതെ ഭീമനൊഴിച്ചുള്ളവർ മുന്നോട്ടു പോയി. ഭീമൻ എന്നും അമ്മയും സഹോദരങ്ങളും ദ്രൗപദിയുമുള്ള കുടുംബത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ് ജീവിച്ചത്. വീണുകിടക്കുന്ന ദ്രൗപദിയുടെ അടുത്തേക്ക് അയാൾ ചെന്നു. തളർന്നു വീണ അവൾ പാടുപെട്ട് എഴുന്നേറ്റിരുന്നെങ്കിലും, അയാളുടെ ‘ദ്രൗപദീ...’ എന്ന വിളിയോടുള്ള പ്രതികരണം അവ്യക്തമായിരുന്നു. അടുത്ത നിമിഷം അവളുടെ ശിരസ്സ് ചാഞ്ഞു. അവൾ കണ്ണുതുറക്കുന്നത് കാത്ത് അയാൾ അടുത്തിരുന്നു. അപ്പോൾ ഭീമസേനൻ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവഗണിതന്റെ ആത്മരോഷം, ആത്മനിന്ദ. കാലലീലയുടെ ഫലമെന്നോണം ശ്രീകൃഷ്ണന്റെ രാജധാനിയായ ദ്വാരകാപുരിയെ കടൽ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ആ സംഹാരതാണ്ഡവത്തിനു ശേഷം മെല്ലെ ശാന്തമായിക്കൊണ്ടിരിക്കുന്ന കടലിന്റെ ദൃശ്യത്തോടെയാണ് ‘രണ്ടാമൂഴം’ ആരംഭിക്കുന്നത്. മഹാഭാരതകഥയുടെ അവസാനഭാഗത്തെ പ്രധാനസംഭവങ്ങളാണ് അപമാനിക്കപ്പെട്ട യാദവസ്ത്രീകളെ അർജുനന് രക്ഷിക്കാൻ കഴിയാഞ്ഞതും യാദവവംശത്തിന്റെ പതനവും ശ്രീകൃഷ്ണന്റെ അന്ത്യവും ദ്വാരക കടലിലാണ്ടു പോയതുമൊക്കെ. അതോടെ ഇനി ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തോടെ പാണ്ഡവന്മാർ ദ്രൗപദിയോടൊപ്പം മഹാപ്രസ്ഥാനത്തിനൊരുങ്ങുന്നു. ആ സന്ദർഭമാണ് ‘രണ്ടാമൂഴം’എന്ന നോവലിന്റെ ആരംഭബിന്ദു. നോവലിൽ ആദ്യം പരാമൃഷ്ടനാകുന്ന കഥാപാത്രം കൃഷ്ണദ്വൈപായനനാണ് എന്നത് നോവലിസ്റ്റ് ബോധപൂർവം ചെയ്തതാവണം. ഇതിഹാസകാരൻ മാത്രമല്ല, കൗരവരുടെയും പാണ്ഡവരുടെയും പിതാക്കന്മാർക്ക് ജന്മം നൽകിയതും കൃഷ്ണദ്വൈപായനനാണ്. നോവലിന്റെ അന്ത്യത്തിൽ വാനപ്രസ്ഥം സ്വീകരിച്ച അമ്മ കുന്തിയെ ഒരിക്കൽക്കൂടി കാണാൻ ഭീമൻ കാട്ടിലെത്തുന്നു. അപ്പോൾ ധൃതരാഷ്ട്രരോടും ഗാന്ധാരിയോടുമൊപ്പം കുന്തി കഴിയുന്ന ആശ്രമത്തിൽ കൃഷ്ണദ്വൈപായനനും ഉണ്ട്. നോവലിന്റെ ഘടനയിലേക്ക് പരോക്ഷമായി ഇതിഹാസത്തിന്റെ രചനാതന്ത്രത്തിന്റെ ചില ഇഴകൾ സൂക്ഷ്മമായി പാകിയെടുക്കുന്നതിന്റെ ഉദാഹരണമാണിത്. രാമായണത്തിൽ വാല്മീകിയും മഹാഭാരതത്തിൽ വ്യാസനും (കൃഷ്ണദ്വൈപായനൻ) കഥാപാത്രങ്ങളാകുന്ന മാതൃക ഇവിടെയും തുടരുന്നു. മഹാപ്രസ്ഥാനമാരംഭിച്ചപ്പോൾ യുധിഷ്ഠിരൻ മുന്നിൽ നടന്നു. ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവരും ദ്രൗപദിയും അനുധാവനം ചെയ്തു. തങ്ങളുടെ കൂടെ നടന്നിരുന്ന ദ്രൗപദി പിന്നിൽ വീണപ്പോൾ അവൾക്ക് എന്തു പറ്റി എന്നു ശ്രദ്ധിക്കാതെ ഭീമനൊഴിച്ചുള്ളവർ മുന്നോട്ടു പോയി. ഭീമൻ എന്നും അമ്മയും സഹോദരങ്ങളും ദ്രൗപദിയുമുള്ള കുടുംബത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ് ജീവിച്ചത്. വീണുകിടക്കുന്ന ദ്രൗപദിയുടെ അടുത്തേക്ക് അയാൾ ചെന്നു. തളർന്നു വീണ അവൾ പാടുപെട്ട് എഴുന്നേറ്റിരുന്നെങ്കിലും, അയാളുടെ ‘ദ്രൗപദീ...’ എന്ന വിളിയോടുള്ള പ്രതികരണം അവ്യക്തമായിരുന്നു. അടുത്ത നിമിഷം അവളുടെ ശിരസ്സ് ചാഞ്ഞു. അവൾ കണ്ണുതുറക്കുന്നത് കാത്ത് അയാൾ അടുത്തിരുന്നു. അപ്പോൾ ഭീമസേനൻ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവഗണിതന്റെ ആത്മരോഷം, ആത്മനിന്ദ. കാലലീലയുടെ ഫലമെന്നോണം ശ്രീകൃഷ്ണന്റെ രാജധാനിയായ ദ്വാരകാപുരിയെ കടൽ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ആ സംഹാരതാണ്ഡവത്തിനു ശേഷം മെല്ലെ ശാന്തമായിക്കൊണ്ടിരിക്കുന്ന കടലിന്റെ ദൃശ്യത്തോടെയാണ് ‘രണ്ടാമൂഴം’ ആരംഭിക്കുന്നത്. മഹാഭാരതകഥയുടെ അവസാനഭാഗത്തെ പ്രധാനസംഭവങ്ങളാണ് അപമാനിക്കപ്പെട്ട യാദവസ്ത്രീകളെ അർജുനന് രക്ഷിക്കാൻ കഴിയാഞ്ഞതും യാദവവംശത്തിന്റെ പതനവും ശ്രീകൃഷ്ണന്റെ അന്ത്യവും ദ്വാരക കടലിലാണ്ടു പോയതുമൊക്കെ. അതോടെ ഇനി ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തോടെ പാണ്ഡവന്മാർ ദ്രൗപദിയോടൊപ്പം മഹാപ്രസ്ഥാനത്തിനൊരുങ്ങുന്നു. ആ സന്ദർഭമാണ് ‘രണ്ടാമൂഴം’എന്ന നോവലിന്റെ ആരംഭബിന്ദു.

നോവലിൽ ആദ്യം പരാമൃഷ്ടനാകുന്ന കഥാപാത്രം കൃഷ്ണദ്വൈപായനനാണ് എന്നത് നോവലിസ്റ്റ് ബോധപൂർവം ചെയ്തതാവണം. ഇതിഹാസകാരൻ മാത്രമല്ല, കൗരവരുടെയും പാണ്ഡവരുടെയും പിതാക്കന്മാർക്ക് ജന്മം നൽകിയതും കൃഷ്ണദ്വൈപായനനാണ്. നോവലിന്റെ അന്ത്യത്തിൽ വാനപ്രസ്ഥം സ്വീകരിച്ച അമ്മ കുന്തിയെ ഒരിക്കൽക്കൂടി കാണാൻ ഭീമൻ കാട്ടിലെത്തുന്നു. അപ്പോൾ ധൃതരാഷ്ട്രരോടും ഗാന്ധാരിയോടുമൊപ്പം കുന്തി കഴിയുന്ന ആശ്രമത്തിൽ കൃഷ്ണദ്വൈപായനനും ഉണ്ട്. നോവലിന്റെ ഘടനയിലേക്ക് പരോക്ഷമായി ഇതിഹാസത്തിന്റെ രചനാതന്ത്രത്തിന്റെ ചില ഇഴകൾ സൂക്ഷ്മമായി പാകിയെടുക്കുന്നതിന്റെ ഉദാഹരണമാണിത്. രാമായണത്തിൽ വാല്മീകിയും മഹാഭാരതത്തിൽ വ്യാസനും (കൃഷ്ണദ്വൈപായനൻ) കഥാപാത്രങ്ങളാകുന്ന മാതൃക ഇവിടെയും തുടരുന്നു.

കെ.എസ്.രവികുമാർ (Photo Arranged)
ADVERTISEMENT

മഹാപ്രസ്ഥാനമാരംഭിച്ചപ്പോൾ യുധിഷ്ഠിരൻ മുന്നിൽ നടന്നു. ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവരും ദ്രൗപദിയും അനുധാവനം ചെയ്തു. തങ്ങളുടെ കൂടെ നടന്നിരുന്ന ദ്രൗപദി പിന്നിൽ വീണപ്പോൾ അവൾക്ക് എന്തു പറ്റി എന്നു ശ്രദ്ധിക്കാതെ ഭീമനൊഴിച്ചുള്ളവർ മുന്നോട്ടു പോയി. ഭീമൻ എന്നും അമ്മയും സഹോദരങ്ങളും ദ്രൗപദിയുമുള്ള കുടുംബത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ് ജീവിച്ചത്. വീണുകിടക്കുന്ന ദ്രൗപദിയുടെ അടുത്തേക്ക് അയാൾ ചെന്നു. തളർന്നു വീണ അവൾ പാടുപെട്ട് എഴുന്നേറ്റിരുന്നെങ്കിലും, അയാളുടെ ‘ദ്രൗപദീ...’ എന്ന വിളിയോടുള്ള പ്രതികരണം അവ്യക്തമായിരുന്നു. അടുത്ത നിമിഷം അവളുടെ ശിരസ്സ് ചാഞ്ഞു. അവൾ കണ്ണുതുറക്കുന്നത് കാത്ത് അയാൾ അടുത്തിരുന്നു. അപ്പോൾ ഭീമസേനൻ തന്റെ ജീവിതത്തിലൂടെ മനസ്സുകൊണ്ട് നടത്തുന്ന മടക്കയാത്രയുടെ രൂപഘടനയിലാണ് ‘രണ്ടാമൂഴം’ എഴുതിയിട്ടുള്ളത്.

ബാല്യം മുതൽ ജീവിതത്തിന്റെ അവസാനനാളുകൾ വരെയുള്ള സംഭവങ്ങൾ ഭീമന്റെ ഓർമകളിലൂടെ നോവലിൽ ആവിഷ്കരിക്കുന്നുണ്ട്. മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊരാളായ ഭീമസേനനാണ് എതിരാളികളായ കൗരവരെ മുഴുവൻ വധിക്കുന്നത്. നിർണായകസന്ദർഭങ്ങളിലൊക്കെ പാണ്ഡവരെ രക്ഷപ്പെടുത്തുന്നത് ഭീമസേനന്റെ കായികബലവും യുദ്ധനൈപുണ്യവുമാണ്. പാണ്ഡുവിന്റെ മരണത്തെ തുടർന്ന് കുന്തീദേവി, ബാല്യം കടന്നിട്ടില്ലാത്ത മക്കളുമൊത്ത് ഹസ്തിനപുരിയിൽ എത്തുന്നിടം മുതൽ യുദ്ധത്തിലേക്ക് നയിച്ച വിവിധ സംഭവവികാസങ്ങളും മഹാഭാരതയുദ്ധവും യുദ്ധാനന്തരസംഭവങ്ങളുമുൾപ്പെടെ മഹാപ്രസ്ഥാനം വരെയുള്ള കഥ രണ്ടാമൂഴത്തിന്റെ ഇതിവൃത്തത്തിലുണ്ട്.

‘രണ്ടാമൂഴം’ നോവലിനായി ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ഭീമന്റെ ചിത്രം. (Manorama Archives)

മഹാഭാരതയുദ്ധമുൾപ്പെടെ പാണ്ഡവന്മാർ നേരിട്ട എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും വിജയശിൽപിയായി മാറുന്നത് ഭീമസേനനാണ്. എന്നിട്ടും വിജയമുഹൂർത്തത്തിൽ അയാൾ നിരാകൃതനാകുന്നു. അവഗണിതനാകുന്നു. അത്തരം സന്ദർഭങ്ങളിൽ ഭീമന് ഏറ്റവും അന്തഃക്ഷോഭമുണ്ടാക്കിയത് ദ്രൗപദിയുടെ പ്രതികരണങ്ങളാണ്. നോവലിന്റെ ഇതിവൃത്തത്തിലെ കാതലായ ഘടകം ഭീമസേനന് ദ്രൗപദിയോടുള്ള സാക്ഷാത്കരിക്കാനാകാതെ പോകുന്ന പ്രണയവും ആസക്തിയുമാണ്.

∙ അവഗണനയുടെ തുടർക്കഥകൾ

ADVERTISEMENT

ചെറിയ വിജയങ്ങൾ നേടുമ്പോൾ ഭീമസേനനോടൊപ്പമുള്ളവർ അഭിനന്ദിക്കപ്പെടുന്നു. എന്നാൽ നിർണായകവിജയങ്ങൾ നേടുമ്പോൾപോലും അയാൾക്ക് ലഭിക്കുന്നത് അവഗണനയും പരിഹാസവുമാണ്. പലപ്പോഴും നിന്ദാവചനങ്ങളും കേൾക്കേണ്ടിവരുന്നു. സ്വന്തം സഹോദരങ്ങളിൽ നിന്നും അമ്മയിൽ നിന്നും അത്തരം അനുഭവങ്ങളാണ് ഭീമന് ഉണ്ടാകുന്നത്. കുട്ടിക്കാലത്തെ ഒരനുഭവം ഭീമന്റെ ഓർമയിൽ തെളിയുന്നുണ്ട്. ‘ഹസ്തിനപുരിയിൽ കൗരവ–പാണ്ഡവകുമാരന്മാർ ഒരുമിച്ച് ആയുധാഭ്യാസം നടത്തിക്കൊണ്ടിരുന്ന കാലം. തുടക്കം മുതലേ ദുര്യോധനൻ ഭീമസേനനെ ശത്രുതയോടെയാണ് കാണുന്നത്. അതിനിടയിൽ കുമാരന്മാരെ നായാട്ടിനായി കാട്ടിലേക്ക് കൊണ്ടുപോയി. ഭീമന് പതിനൊന്നും അർജുനന് പത്തും വയസ്സ് പ്രായം. കുട്ടികൾക്ക് അമ്പും വില്ലും കൊടുക്കുകയില്ല. ഇത്തിരി മുതിർന്ന കുട്ടികളാണെങ്കിൽ ഒരു കുന്തം കൈയിലെടുക്കാം. കാടറിയാനും മൃഗങ്ങളുടെ ഗതി പഠിക്കാനുമാണ് കുട്ടികളെ പരിചയസമ്പന്നരായ വില്ലാളികളോടൊപ്പം നായാട്ടിനു വിടുക.

‘രണ്ടാമൂഴം’ നോവലിലെ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച ‘ഭീമം’ ഷോയിൽ ഭീമസേനനായി മമ്മൂട്ടി (ചിത്രം: മനോരമ)

കാടിളക്കിയപ്പോൾ ഭീമന്റെ താവളത്തിനടുത്തുകൂടി മൃഗങ്ങളൊന്നും വന്നില്ല. അപ്പോൾ അപ്പുറത്തെ താവളത്തിൽ നിന്ന് ആർപ്പുവിളി കേട്ടു. അർജുനൻ ഒരു മൃഗത്തെ വീഴ്ത്തിയതിന്റെ ആഹ്ലാദാരവമാണ്. ഭീമൻ ചെന്നു നോക്കി. ഒരു കൂറ്റൻ കരിമാനാണ് വീണുകിടക്കുന്നത്. അർജുനൻ ആകെ ചിരിച്ച് പൂത്തുലഞ്ഞ് നായാട്ടുകാരുടെ അഭിനന്ദനം സ്വീകരിക്കുന്നു. അനുജന്റെ വിജയമോർത്ത് ഞാനും അഭിമാനിച്ചു. ഞാനവന്റെ ചുമലിൽ തട്ടി അഭിനന്ദിച്ചു. യുധിഷ്ഠിരൻ പറഞ്ഞു: ‘‘ആദ്യത്തെ മൃഗം വീഴുമ്പോൾ ക്ഷത്രിയൻ ബലി കൊടുത്തു ദേവൻമാർക്ക് നന്ദി പറയണം. മറന്നു പോകരുത്.’’

നായാട്ടു കഴിഞ്ഞ് മടങ്ങിയപ്പോൾ ഭീമൻ പിന്നിലായിരുന്നു. അപ്പോൾ പെട്ടെന്ന് മുൻപിൽ പോയവർ ആർപ്പു വിളിച്ചു. ആപത്തിന്റെ മുന്നറിയിപ്പാണ്. പാറക്കെട്ടുകൾക്കിടയിൽ നിന്ന് ചാടിയിറങ്ങിയ ഒരു കൂറ്റൻ കാട്ടുപന്നി നായാട്ടുകാരുടെ ബഹളം കേട്ട് രക്ഷപ്പെടാൻ കുതിച്ചു പാഞ്ഞുവരികയാണ്. ഏറ്റവും പിറകിലായിപ്പോയ ഭീമന്റെ നേരെയാണ് പന്നി പായുന്നത്. “ഒറ്റപ്പന്നിയെ വ്യാഘ്രത്തേക്കാൾ ഭയപ്പെടണമെന്ന് നായാട്ടുകാർ പറയാറുണ്ട്. ശരംവിട്ടപോലെ അത് കുതിക്കുന്നത് ഇപ്പോൾ എന്റെ നേർക്കാണ്. ഓടി രക്ഷപ്പെടാനാവില്ല. മുഖമുയർത്തി തേറ്റകൾ വിടർത്തിയടുക്കുന്ന പന്നി വായതുറന്നുകൊണ്ടു തന്നെയാണ് എന്റെ നേർക്ക് കുതിച്ചത്. എന്റെ കുന്തമുന തുറന്ന വായിൽ കടന്നതും അപ്പോൾത്തന്നെ. 

ദുര്യോധനൻ ഉറക്കെ പൊട്ടിച്ചിരിച്ചു. ‘ധർമ്മന് യുധിഷ്ഠിരൻ, വായുവിന് ഭീമൻ, ഇന്ദ്രന് അർജുനൻ. സൗബലനമ്മാവൻ പറയുന്നതു പോലെ ശുദ്ധമന്ദന്മാരാണ് നിങ്ങൾ. വേറെ നല്ല കഥകളുണ്ടാക്കി പറയാൻ തോന്നിയില്ലേ നിങ്ങളുടെ അമ്മയ്ക്ക്?’ ഞാൻ തരിച്ചിരുന്നു.

എന്റെ ശക്തികൊണ്ടല്ല, മുന്നോട്ടാഞ്ഞ മൃഗത്തിന്റെ ശക്തിയിൽ മൂന്നു മുഴം വരുന്ന കുന്തത്തിന്റെ പകുതിയും അകത്തെവിടെയോ ആഞ്ഞിറങ്ങുന്നത് എന്റെ കൈകൾക്കനുഭവപ്പെട്ടു. തെറിച്ചു വീഴുമ്പോൾ കുന്തത്തിലെ പിടി വിടാതിരിക്കാൻ ഞാനോർമ്മിച്ചു. ചെമ്മണ്ണു പുരണ്ട തേറ്റകൾ എന്റെ തൊട്ടു മുമ്പിൽ നെഞ്ചിനു സമീപം. മുമ്പോട്ടുള്ള അവസാനത്തെ കുതിപ്പിൽ വീണ്ടും കുന്തമുന അകത്തേക്കിറങ്ങി. ബലാബലത്തിൽ ഇനി മൃഗത്തിന് ജയിക്കാനാവില്ല എന്നറിഞ്ഞു കൊണ്ട് ഞാൻ ശരീരം വളച്ച് നിവർന്നു. പൊടുന്നനെ ശക്തിക്ഷയിച്ച മൃഗം ഒന്നു പിടഞ്ഞു.

ADVERTISEMENT

ഭയന്നു പോയ നായാട്ടുകാർ അടുത്തെത്തിയപ്പോൾ ശ്വാസം നിലച്ച പന്നിയുടെ ദേഹത്ത് ചവിട്ടി ഞാൻ കുന്തം വലിച്ചൂരി. ചോരയുടെ ഒരുറവ് എന്റെ ദേഹത്തിൽ തെറിച്ചു. ആകെ തളരുന്നതു പോലെ തോന്നി. ചുമലിൽ കൈ ‌വച്ച അർജുനന്റെ കഴുത്തിൽ പിടിച്ചു നിന്ന് ശ്വാസം നേരെയായപ്പോൾ ഞാൻ പതുക്കെ ചിരിച്ചു. ‘‘അലർച്ച കേട്ടപ്പോൾ എല്ലാം കഴിഞ്ഞുവെന്നു ഭയപ്പെട്ടു.’’ നായാട്ടുകാർ പറഞ്ഞു. ഞാൻ അലറിയത്രെ. എനിക്കോർമ്മയില്ല. ചെമ്മണ്ണു പുരണ്ട തേറ്റകളെ മാത്രമേ ഞാൻ ശ്രദ്ധിച്ചിരുന്നുള്ളൂ. എപ്പോഴാണ് ഞാൻ അലറിയത്. യുധിഷ്ഠിരൻ ഗൗരവത്തിൽ പറഞ്ഞു: ‘‘മന്ദാ, നീയെന്തു വിഡ്ഢിത്തരമാണ് കാട്ടിയത്. അമ്മ അറിയേണ്ട.’’ ആദ്യത്തെ മൃഗം വീണപ്പോഴത്തെ ആർപ്പുവിളിയും ആഘോഷവും ഉണ്ടായില്ല. ദേവകളെ പ്രീതിപ്പെടുത്താൻ ബലികൊടുക്കുന്ന കാര്യവും ജ്യേഷ്ഠൻ പറഞ്ഞില്ല.”

‘രണ്ടാമൂഴം’ നോവലിനായി ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ഭീമന്റെ ചിത്രം. (Manorama Archives)

ഇങ്ങനെയുള്ള അവഗണനയുടെ നിരവധി സന്ദർഭങ്ങളെ ഭീമസേനന് കുട്ടിക്കാലം മുതൽ അഭിമുഖീകരിക്കേണ്ടിവന്നു. ആ വിവേചനത്തിന്റെ കയ്പ് മനസ്സിലൂറിക്കൂടുമ്പോഴും ഭീമൻ ആത്മവിശ്വാസം കൈവിട്ടില്ല. കാട്ടുപന്നിയെ കൊന്ന സംഭവത്തിന്റെ പേരിൽ ജ്യേഷ്ഠൻ മന്ദൻ എന്നു വിളിച്ചപ്പോഴും ഭീമന്റെ ഉള്ളിൽ സ്വന്തം കരുത്ത് തിരിച്ചറിഞ്ഞതിന്റെ ആഹ്ലാദമായിരുന്നു. താൻ കരുത്തിന്റെ മൂർത്തിയായ വായുദേവന്റെ പുത്രനാണ് എന്ന ഒരു അവ്യക്തബോധം ഉള്ളിൽ കിടന്നിരുന്നു. ആ ബോധമാണ് ഭീമനെ ഉത്തേജിപ്പിച്ചത്. 

പാണ്ഡവന്മാരിൽ ഏറ്റവും കായികശേഷിയുണ്ടായിരുന്നത് ഭീമനായിരുന്നു. അതോർത്താണ് ധൃതരാഷ്ട്രർക്ക് രാത്രികളിൽ ഉറക്കം വരാതിരുന്നത്. അമ്മയും സഹോദരങ്ങളും ദ്രൗപദിയുമടങ്ങുന്ന കുടുംബത്തെയാകെ പല നിർണായക സന്ദർഭങ്ങളിലും രക്ഷപ്പെടുത്തുന്നത് ഭീമനാണ്. അത് അയാളുടെ ഉത്തരവാദിത്തമായാണ് അമ്മയും സഹോദരന്മാരും കരുതിയിരുന്നത്. അങ്ങനെയുള്ള സഹായങ്ങളുടെ ഗുണഭോക്താക്കളായിരിക്കുമ്പോഴും ഭീമനെ മന്ദാ എന്നു വിളിച്ച് ഇകഴ്ത്തി സംസാരിക്കാനാണ് യുധിഷ്ഠിരന്റെ വാസന.

കാടിനടുത്തുള്ള വാരണാവതത്തിൽ ഉത്സവക്കാഴ്ചയ്ക്കെത്തിയ പാണ്ഡവരെ താമസിപ്പിക്കാൻ തയാറാക്കിയ കൊട്ടാരം ചതിച്ചു കൊല്ലാനുണ്ടാക്കിയ അരക്കില്ലമാണെന്നു മനസ്സിലാക്കിയ കുന്തി ഭീമസേനനോട് പറഞ്ഞു: ‘പുരോചനനെ ശ്രദ്ധിച്ചോളൂ, രക്ഷാമാർഗം ചിന്തിക്കേണ്ടത് നീയാണ്.’ വിദുരർ അയച്ച ഖനകന്മാർ പാണ്ഡവർക്ക് രക്ഷപ്പെടാനായി രഹസ്യമായി അരക്കില്ലത്തിനടിയിലേക്ക് ഭൂഗർഭമാർഗം നിർമിക്കുകയും ആ വിവരം ദൂതന്മാർ വഴി പാണ്ഡവരെ അറിയിക്കുകയും ചെയ്തു. കറുത്തവാവിൻ നാൾ രാത്രിയിൽ ആ തുരങ്കം വഴി അമ്മയെയും സഹോദരങ്ങളെയും രക്ഷപ്പെടുത്തിയതിനുശേഷം പുരോചനനെ അടിച്ചുകൊന്ന് അരക്കില്ലത്തിനു തീവയ്ക്കുന്നത് ഭീമസേനനാണ്.

അങ്ങനെ രക്ഷപ്പെട്ട് ഗുഹാമാർഗത്തിലൂടെ നടന്നു വരുന്നതിനിടയിൽ അരക്കില്ലത്തിലെ സ്ഥിതിയെക്കുറിച്ച്, ‘നിശ്ശബ്ദരായോ എല്ലാവരും?’ എന്ന് അർജുനൻ ചോദിച്ചു. അപ്പോൾ ഭീമൻ ലാഘവത്തോടെ മറുപടി പറഞ്ഞു, ‘സുഖനിദ്ര, അല്ല അഗ്നിഭഗവാൻ അനുഗ്രഹിച്ച യോഗനിദ്ര’ എന്ന്. അതു കേട്ട് സഹദേവൻ മെല്ലെ ചിരിച്ചു. അപ്പോൾ മുന്നിൽ പോയിരുന്ന യുധിഷ്ഠിരൻ വിളിച്ചുപറഞ്ഞു, ‘ഫലിതം വേണ്ടാ, മന്ദാ’ എന്ന്. അങ്ങനെ പറഞ്ഞ ജ്യേഷ്ഠനെയും അമ്മയെയും സഹോദരങ്ങളെയും, അൽപം കഴിഞ്ഞ് ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിൽക്കൂടി മുകളിലേക്ക് പോകേണ്ടി വന്നപ്പോൾ തോളിലെടുത്ത് കയറ്റിവിട്ടതും ഭീമനാണ്.

സ്വയംവരവേദിയിൽ ദ്രൗപദി ബ്രാഹ്മണവേഷധാരിയായ അർജുനനെ വരിച്ചപ്പോൾ, വരണാർഥികളായെത്തിയ ക്ഷത്രിയരാജാക്കന്മാർ കലാപത്തിനൊരുങ്ങി. അപ്പോൾ അവരെ അമർച്ചചെയ്ത് വധൂവരന്മാരെ തേരിലേറ്റി എതിരാളികളുടെ വലയത്തിനു പുറത്തെത്തിച്ചത് ഭീമസേനനാണ്. അപ്രതീക്ഷിതമായ യുദ്ധം ദ്രൗപദിയെ ഭീതിപ്പെടുത്തിക്കാണുമെന്നാണ് ഭീമൻ കരുതിയത്. എന്നാൽ നിസ്സാരഭാവത്തിൽ യുദ്ധം കണ്ടു രസിച്ചു നിൽക്കുന്ന ദ്രൗപദിയെയാണ് അയാൾ കണ്ടത്. അസ്ത്രവിദ്യാനൈപുണ്യം കൊണ്ട് അർജുനൻ നേടിയ ദ്രൗപദി അവന് അവകാശപ്പെട്ടവളാണ് എന്ന നിലപാടായിരുന്നു ഭീമന്. അമ്മയുടെ വാക്കിൽ പിടിച്ച് അവളെ ഒന്നാമൂഴത്തിൽ ജ്യേഷ്ഠൻ പത്നിയാക്കിയത് ഭീമന് ബോധ്യമായിരുന്നില്ല. എങ്കിലും മറ്റു സഹോദരന്മാരെപ്പോലെ അയാളും ദ്രൗപദിയുടെ സ്ത്രൈണവശ്യതയിൽ ആകൃഷ്ടനായി എന്നതു സത്യം.

കൗശലക്കാരിയായ ദ്രൗപദി അർജുനനെ പ്രണയിക്കുകയും രാജപത്നിയുടെ സ്ഥാനം നിലനിർത്താൻ ധർമപുത്രരോടൊപ്പം കഴിയുകയും ചെയ്യുന്നു. ഭീമനെ ഏറ്റവും വൈകാരികമായി ബാധിക്കുന്ന അവഗണന ദ്രൗപദിയിൽ നിന്നാണുണ്ടാകുന്നത്. ഭീമൻ ആസക്തിയോടെ സമീപിക്കുമ്പോൾ അയാൾ ശത്രുവിനെ നേരിട്ടേറ്റുമുട്ടി വധിച്ചതിന്റെ കഥകൾ കേൾക്കാൻ താൽപര്യപ്പെടുന്ന ദ്രൗപദി ചോരയുടെ മണമുള്ള മുഹൂർത്തങ്ങളിൽ മാത്രം ഉത്തേജിതയാകുന്നവളാണ്. ഒന്നൊഴികെ എല്ലാ സന്ദർഭങ്ങളിലും ദ്രൗപദി വശ്യമായി പെരുമാറി ഭീമനിൽ തൃഷ്ണയുണർത്തുകയും അയാൾ മുന്നേറുമ്പോൾ എന്തെങ്കിലും ന്യായം പറഞ്ഞ് വഴങ്ങാതെ വഴുതി മാറുകയും ചെയ്യുന്നു. കീചകവധത്തിന്റെ രക്തം പുരണ്ട മുഹൂർത്തത്തിൽമാത്രം അവൾ മുൻകൈയെടുക്കുന്നു.

വനവാസകാലത്ത് അസ്ത്രവിദ്യയുടെ പുതിയ പാഠങ്ങൾ തേടി അർജുനൻ തനിയെ യാത്രയായി. അതിനടുത്ത ദിവസങ്ങളിലൊന്നിൽ വേട്ടയാടിക്കിട്ടിയ മാനിനെ തോളിലേറ്റി വരുന്ന ഭീമനെ ഒറ്റയ്ക്ക് കണ്ടപ്പോൾ ദ്രൗപദി പറഞ്ഞു: “അമ്പും വില്ലും തലയ്ക്കുവച്ച് അർജുനൻ ഉറങ്ങുന്നുണ്ടാവും പുറത്ത് എന്നു കരുതി ആശ്വസിച്ചാണ് ഞാനീ കാട്ടിൽ കിടക്കാറ്.” അവളുടെ ഉത്തേജകമായ സാന്നിധ്യത്തിൽ മാനിനെ താഴെയിട്ടിട്ട് ഭീമൻ പറഞ്ഞു. “ഞാനുറങ്ങാറില്ല. ദ്യൂതസഭയിലെ പ്രതിജ്ഞയ്ക്കു ശേഷം ഞാനൊരു രാത്രിയും മനസ്സു വിട്ടുറങ്ങിയിട്ടില്ല. കാവലിനു ഞാനുണ്ട്. സമാധാനമായുറങ്ങാം.”

തുടർന്ന് ഭീമന്റെ മനോഗതം ഇങ്ങനെ: “ദുര്യോധനനുമായുള്ള ഗദായുദ്ധം. ദുശ്ശാസനനുമായുള്ള മല്ലയുദ്ധം. അവർ പ്രയോഗിക്കാവുന്ന അടവുകൾ. അവരെ അദ്‌ഭുതപ്പെടുത്താൻ പോകുന്ന എന്റെ തന്ത്രങ്ങൾ. അതാണ് രാത്രി കിടക്കുമ്പോഴൊക്കെ ഞാൻ ആലോചിക്കുന്നത്. ആദ്യം അത് വിനോദമായിരുന്നു. പിന്നെ സ്വഭാവമായി മാറി.” ഇങ്ങനെ പൂർണമായും കൗരവരെ ഇല്ലായ്മ ചെയ്യുന്നതിലുള്ള ആലോചനകളാണ് ഊണിലും ഉറക്കത്തിലും ഭീമനെ ഭരിക്കുന്നത്.

തനിക്ക് താൽപര്യമുള്ള കാര്യങ്ങൾ നേടിയെടുക്കാൻ പലപ്പോഴും ദ്രൗപദി ഭീമനെ ഉപകരണമാക്കുന്നു. അവളുടെ ആഗ്രഹപൂർത്തിക്കായി സൗഗന്ധികം തേടിപ്പോയ ഭീമന് രാക്ഷസന്മാരെ നേരിട്ട് വലിയ പ്രതിസന്ധികളെ തരണം ചെയ്യേണ്ടിവന്നു. അതിന്റെ പേരിൽ യുധിഷ്ഠിരൻ ഭീമനെ കുറ്റപ്പെടുത്തി. ഒരുപാട് ത്യാഗം സഹിച്ച് നേടിയ സുവർണസൗഗന്ധികങ്ങൾ വിമനസ്കയായി അവൾ കൈപ്പറ്റി. തിരിച്ചു പോകുമ്പോൾ ഭീമൻ കാണുന്നത് ദ്രൗപദി വലിച്ചെറിഞ്ഞു കളഞ്ഞ ആ പൂക്കൾ വഴിയിൽ കിടക്കുന്നതാണ്.

∙ പിതൃത്വം എന്ന സന്ദിഗ്‌ധത

ഇതിഹാസത്തിൽ നിന്ന് കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും സ്വീകരിച്ച് എഴുതിയ ‘രണ്ടാമൂഴ’ത്തിന്റെ അന്തർഘടനയിൽ വിശ്വസനീയമായ നിലയിലുള്ള യുക്തിശിൽപം രൂപപ്പെടുത്തിയിട്ടുണ്ട്. റിയലിസ്റ്റിക് നോവലിന്റെ ഇതിവൃത്തത്തിന് സംഭവ്യതാഗുണം ഉണ്ടാകണം. ആ ഘടകത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് എംടി ഇതിഹാസകഥ നോവൽശിൽപത്തിലേക്ക് സന്നിവേശിപ്പിച്ചിട്ടുള്ളത്. അതിലെ കഥാപാത്രകൽപന മാനുഷികയാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നു. കുന്തീപുത്രന്മാരുടെ ഉൽപത്തികഥയുടെ ചിത്രീകരണം അതിന്റെ നല്ല ഉദാഹരണമാണ്.

എം.ടി വാസുദേവൻ നായർ (ചിത്രം: മനോരമ)

പാണ്ഡവന്മാരുടെ പിതാവ് ഷണ്ഡനായിരുന്നുവെന്നും ദേവന്മാരുടെ വരപ്രസാദം കൊണ്ടാണ് കുന്തീദേവിക്ക് പുത്രലബ്ധിയുണ്ടായതെന്നുള്ളത് ഒരു കെട്ടുകഥയാണെന്നുമുള്ള  സൂചന ആദ്യം മുതൽ നോവലിലുണ്ട്. ഒരു തലത്തിൽ അത് വിധവയായിത്തീർന്ന കുന്തി ബാല്യം കടന്നിട്ടില്ലാത്ത മക്കളുമായി ഹസ്തിനപുരത്തിലെത്തിയ നാളുകളിൽ  കൊട്ടാരക്കെട്ടുകളിൽ പ്രചരിച്ചിരുന്ന ഒരു ജനാപവാദമായിരുന്നു. ആ കാലത്തു തന്നെ തന്റെ ശത്രുവായ ഭീമനെ നിസ്തേജനാക്കാൻ ദുര്യോധനൻ ഹീനമായ രീതിയിൽ ആ അപ്രിയസത്യം പല കുറി വിളിച്ചു പറഞ്ഞിരുന്നു. ഒരു ബാലനെ സംബന്ധിച്ച് അവന്റെ പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നതിനെക്കാൾ ആത്മക്ഷോഭം ഉണ്ടാക്കുന്ന മറ്റൊരു കാര്യമില്ല.

ദുര്യോധനന് ഭീമനുമായി തുടക്കം മുതലേയുള്ള വൈരം ക്രമേണ വർധിച്ചു വന്നു. കൗമാരാരംഭത്തിൽ തന്നെ പലപ്പോഴും അത് ഏറ്റുമുട്ടലുകൾക്ക് കാരണമായി. അപ്പോഴൊക്കെയും ദുര്യോധനനായിരുന്നു പരാജയം. അവയോരോന്നും അയാളുടെ അഹന്തയെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു. അതിന്റെ മൂർധന്യമായിരുന്നു ഭീമൻ കാട്ടുപന്നിയെ കുന്തം കൊണ്ട് വകവരുത്തിയ ദിവസം വൈകുന്നേരം നദീതീരത്തുവച്ച് നടന്നത്. ഭീമൻ കാട്ടിൽ വച്ച് കരുത്തുതെളിയിച്ചതിലുള്ള അനിഷ്ടം കൊണ്ട് ദുര്യോധനൻ കൂട്ടാളികളുമൊത്ത് ഭീമനെ നേരിടാനെത്തി. ഏറ്റുമുട്ടലിനൊടുവിൽ ദുര്യോധനനെയും ദുശ്ശാസനനെയും വെള്ളത്തിൽ മുക്കിപ്പിടിച്ച് മരണത്തിന്റെ പടിവാതിൽ കാണിച്ച് വിട്ടതോടെ ഭീമനെ നേരിട്ടെതിർത്ത് തോൽപിക്കാനാവില്ലെന്ന് ദുര്യോധനന് മനസ്സിലായി. അതോടെ ഭീമനെ വകവരുത്താനുള്ള കുതന്ത്രങ്ങളായി. അതിനു വേണ്ടിയാണ് ഗംഗയിലെ അപകടകരമായ കയത്തിനടുത്തുള്ള പ്രമാണകോടി എന്ന മുനമ്പിലേക്ക് ജലോത്സവത്തിനു പോകാൻ ദുര്യോധനൻ സൗഹൃദം നടിച്ച്, പാണ്ഡവരെ, വിശേഷിച്ച് ഭീമനെ പ്രേരിപ്പിച്ചത്.

‘രണ്ടാമൂഴം’ നോവലിലെ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച ‘ഭീമം’ ഷോയിൽ ഭീമസേനനായി മമ്മൂട്ടി (ചിത്രം: മനോരമ)

അവിടെയെത്തിയപ്പോൾ മറ്റുള്ളവരെല്ലാം കുളിച്ചു കയറി ഭക്ഷണത്തിനു പോയപ്പോൾ ദുര്യോധനൻ സ്വകാര്യമായി ഭീമനെ മദ്യസൽക്കാരത്തിന് ക്ഷണിച്ചു. ദുര്യോധനൻ മദ്യം കഴിക്കാൻ പ്രേരിപ്പിച്ചപ്പോൾ, തങ്ങൾക്ക് മദ്യം കഴിക്കാനുള്ള പ്രായമായില്ലല്ലോ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ഭീമൻ ശ്രമിച്ചു. ‘‘ദുര്യോധനൻ ചിരിച്ചു. ‘ഒറ്റപ്പന്നിയെ കുന്തം കൊണ്ട് വീഴ്ത്തിയ അന്ന് തൊട്ട് നീ പുരുഷനായിരിക്കുന്നു.’ ഒറ്റപ്പന്നിയെ വീഴ്ത്തിയത് കൊട്ടാരത്തിനകത്ത് ഒരാളും എടുത്തുപറഞ്ഞില്ല. ഒരഭിനന്ദനവാക്കും ഞാൻ കേട്ടില്ല. ആദ്യത്തെ മൃഗത്തെ വീഴ്ത്തിയതിന് അർജുനനു വേണ്ടി വിദുരർ ഒരു ബലി നടത്തി. ഭീഷ്മാചാര്യർ സ്വർണച്ചിറകുള്ള ഒരമ്പ് സമ്മാനമായി കൊടുത്തു. വൈരിയായി ഞാൻ കരുതിയ ദുര്യോധനനാണ് എന്നെ ആദ്യമായി പ്രശംസിക്കുന്നത്. എന്റെ മനസ്സിൽ ധൃതരാഷ്ട്രപുത്രനോട് സ്നേഹം വഴിഞ്ഞു.

അയാൾ കുടം ചുണ്ടിൽ വച്ച് ഒരു കവിൾ കുടിച്ച് പറഞ്ഞു: ‘ആദ്യം വീഴുന്ന മൃഗം, ആദ്യം കൊല്ലുന്ന ശത്രു, ആദ്യം അനുഭവിക്കുന്ന പെണ്ണ് - ഇതൊക്കെ ആണിന് എന്നും ഓർമിക്കാനുള്ളതാണ്.’ മുതിർന്നവരുടെ സ്വരത്തിൽ ഗൗരവത്തിൽ അയാൾ സംസാരിക്കുന്നു: ‘ആദ്യം മധു രുചിച്ച ദിവസവും പ്രധാനമാണ്.’ എന്നിട്ട് അയാൾ ചിരിച്ചുകൊണ്ട് വീണ്ടും കുടിച്ചു. കുടം താഴെ വച്ചു.... ഞാൻ തൊടാതെ നീക്കിവച്ച മദ്യക്കുടത്തിൽ നോക്കി പതുക്കെ ചിരിച്ചു: ‘ഭയമുണ്ടെങ്കിൽ വേണ്ട. മുതിർന്നവർക്കുള്ളതാണ് മദ്യം.’ അപ്പോൾ ഞാനും കൈ നീട്ടി. ചവർപ്പും മധുരവും. മുതിർന്നവരെപ്പോലെ കുടിക്കണമെങ്കിൽ അപ്രിയം പുറത്തു കാട്ടരുത്. അവൻ എന്നെ തോൽപിക്കരുത് എന്ന വാശിയോടെ ഞാൻ ഒരു കവിൾ കൂടി കുടിച്ചു.”

അവിടെ നിർത്താതെ ഭീമൻ ‘ഞാനാരാണ്?’ എന്ന ചോദ്യം ആവർത്തിച്ചു. അപ്പോൾ കുന്തി യുധിഷ്ഠിരന്റെയും ഭീമന്റെയും ജന്മരഹസ്യം വെളിപ്പെടുത്തി. യുധിഷ്ഠിരൻ വിദുരരുടെ മകനാണ്. കാട്ടിൽ നിന്നും ചണ്ഡമാരുതനെപ്പോലെ കയറിവന്ന പേരറിയാത്ത ഒരു കാട്ടാളന്റെ മകനാണ് ഭീമൻ.

അങ്ങനെ മദ്യപാനം മുന്നോട്ടു പോയി. സംഭാഷണത്തിനിടയിൽ അറിയാതെ തന്നെ അവരുടെ ഉള്ളിലിരിപ്പുകൾ പുറത്തുവന്നു. ദുര്യോധനൻ തന്റെ പിതാവിന്റെ കരുത്തിനെപ്പറ്റി പറഞ്ഞു. പതിനായിരം മദയാനകളുടെ ശക്തി അദ്ദേഹത്തിന് വരബലം കൊണ്ട് കിട്ടിയതാണെന്നും കുറെക്കഴിയുമ്പോൾ അത് തനിക്കും കിട്ടുമെന്നും ദുര്യോധനൻ വീരവാദം മുഴക്കി.  “അവൻ വസ്ത്രം നീക്കി ഇടംതുടയിൽ മുഷ്ടിചുരുട്ടി ഇടിച്ചു. ‘വായുദേവൻ മലകളെയെടുത്ത് അമ്മാനമാടി എറിഞ്ഞിട്ടുണ്ട്. ആ ശക്തി എനിക്കും തരും.’ ഞാൻ മനസ്സിലെ പ്രാർഥനയാണ് അബദ്ധത്തിൽ പറഞ്ഞു പോയത്. ദുര്യോധനൻ പരിഹാസം കലർന്നശബ്ദത്തിൽ കുറച്ചുറക്കെ ചിരിച്ചു. എനിക്ക് അരിശം വന്നു. ‘ചിരിക്കരുത് വായുപുത്രനായ ഭീമസേനനാണ് ഞാൻ.’

ദുര്യോധനൻ ഉറക്കെ പൊട്ടിച്ചിരിച്ചു. ‘ധർമ്മന് യുധിഷ്ഠിരൻ, വായുവിന് ഭീമൻ, ഇന്ദ്രന് അർജുനൻ. സൗബലനമ്മാവൻ പറയുന്നതു പോലെ ശുദ്ധമന്ദന്മാരാണ് നിങ്ങൾ. വേറെ നല്ല കഥകളുണ്ടാക്കി പറയാൻ തോന്നിയില്ലേ നിങ്ങളുടെ അമ്മയ്ക്ക്?’ ഞാൻ തരിച്ചിരുന്നു. അയാൾ പറഞ്ഞതിന്റെ അർഥം സാവധാനത്തിലാണ് മനസ്സിൽ ഉരുത്തിരിഞ്ഞത്. അരിശം കൊണ്ട് തൊണ്ടവരണ്ടു. രണ്ടാമത്തെ തോൽക്കുടം ഒരു വെല്ലുവിളിപോലെ ദുര്യോധനൻ നീട്ടിയപ്പോൾ ഞാനതുവാങ്ങി. എന്നിട്ട് പാതിയോളം ഒറ്റവലിക്ക് കുടിച്ചു തീർത്ത് ഞാനത് താഴേക്കെറിഞ്ഞു. ‘മക്കളുടെ അച്ഛനാരെന്നറിയാതിരിക്കാൻ സൗകര്യത്തിൽ മൃഗയ, പിന്നെ വനവാസം, ഋഷിമാർ പറഞ്ഞാൽ പാവം ജനങ്ങൾ എന്തും വിശ്വസിക്കും... പക്ഷേ അതെന്നോട് ആവർത്തിക്കണോ വൃകോദരാ?’ ഞാൻ എഴുന്നേറ്റപ്പോൾ ദുര്യോധനന്റെ ചിരി വീണ്ടും മുഴങ്ങി. ‘മഹാബലൻ വായുപുത്രൻ!’ എന്റെ കാലുകൾ ഉറയ്ക്കുന്നില്ല. അവനെ കടന്നു പിടിക്കാൻ ആഞ്ഞപ്പോൾ ഞാൻ വീണു.”

മദ്യലഹരിയിൽ വീണു പോയ ഭീമസേനനെ ദുര്യോധനനും കൂട്ടാളികളും ചേർന്ന് കൈയും കാലും കെട്ടി പ്രമാണകോടിയിലെ കയത്തിൽ തള്ളി. ഭാഗ്യവശാൽ ഭീമൻ ആ മരണക്കയത്തിൽ നിന്ന് രക്ഷപ്പെട്ടു. ഹസ്തിനപുരിയിൽ തിരിച്ചെത്തി. പക്ഷേ, പിതൃത്വത്തെക്കുറിച്ച് ദുര്യോധനൻ നടത്തിയ അധിക്ഷേപത്തിനുള്ളിലെ അപ്രിയസത്യം ഭീമന്റെ ഉള്ളിൽ ഒരു കനലായി നീറി. വാസ്തവത്തിൽ ആ സംഭവത്തോടെ ഭീമൻ യാഥാർഥ്യബോധത്തിലേക്ക് ഉണരുകയായിരുന്നു. പിതാവിനെക്കുറിച്ചുള്ള അതു വരെ ധരിച്ചുവച്ചിരുന്ന നിഗൂഢമായ സങ്കൽപത്തിനു മേൽ യാഥാർഥ്യത്തിന്റെ വെളിച്ചം വീഴുകയായിരുന്നു. അപ്പോൾ മുതൽ ഭീമന്റെയുള്ളിൽ ആരാണ് തന്റെ പിതാവ് എന്ന ചോദ്യം നുര കുത്താൻ തുടങ്ങി. അസ്വാസ്ഥ്യം ജനിപ്പിക്കുന്ന ചോദ്യം. ആത്മനിന്ദയുളവാക്കുന്ന ചോദ്യം. ആരോടും ഉത്തരം തേടാനാകാത്ത ചോദ്യം. അസ്വാസ്ഥ്യജനകമായ ആ ചോദ്യം പിന്നെയും പിന്നെയും നേരിടേണ്ടി വന്നു. ഒടുവിൽ, ഏറ്റവും ഒടുവിൽ അമ്മയോടു തന്നെ ഭീമൻ ആ ചോദ്യം ചോദിക്കുന്നു.

മഹാഭാരതയുദ്ധം അവസാനിച്ച് പാണ്ഡവർ രാജ്യഭാരമേറ്റപ്പോൾ അവരോടൊപ്പം രാജമാതാവായി രാജകീയസുഖങ്ങൾ അനുഭവിക്കാൻ കുന്തി കാത്തുനിന്നില്ല. വാനപ്രസ്ഥത്തിനായി കാട്ടിലേക്കു പോയ ധൃതരാഷ്ട്രർ, ഗാന്ധാരി, വിദുരർ എന്നിവരോടൊപ്പം കുന്തിയും യാത്രയായി. യുധിഷ്ഠിരനും ഭീമനും അമ്മയെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാൻ കാട്ടിലേക്കു ചെന്നു. ശതയൂപാശ്രമത്തിൽ അവർ ആ വൃദ്ധജനങ്ങളെ കണ്ടു. ഗാന്ധാരിയുടെ അടുത്തിരുന്ന് പുഞ്ചിരിച്ചതല്ലാതെ കുന്തി മക്കളോടൊന്നും പറഞ്ഞില്ല. അമ്മ വഴങ്ങാത്തതു കൊണ്ട് യുധിഷ്ഠിരൻ രാജധാനിയിലേക്ക് മടങ്ങിപ്പോയി. എങ്കിലും സ്വസ്ഥതയില്ലാതെ ഭീമൻ കാട്ടിൽത്തന്നെ അലഞ്ഞുനടന്നു. അതിനിടെ ഭീമനെ ഒറ്റയ്ക്കു കണ്ടപ്പോൾ തിരിച്ചുപോകാൻ കുന്തി ഉപദേശിച്ചു.

‘രണ്ടാമൂഴം’ നോവലിലെ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച ‘ഭീമം’ ഷോയിൽ ഭീമസേനനായി മമ്മൂട്ടി (ചിത്രം: മനോരമ)

അപ്പോഴത്തെ ഭീമന്റെ പ്രതികരണം നോവലിൽ ഇങ്ങനെ: “ഞാൻ മുന്നിൽ നിന്നു. എന്തുകൊണ്ടോ എന്റെ ശബ്ദം കർക്കശമായി. ‘ഞാൻ ആരാണ്? ഇപ്പോഴെങ്കിലും ഒന്നു പറഞ്ഞുതരൂ, ഇനിയും തെറ്റുകൾ പറ്റാതിരിക്കാൻ. സൂതപുത്രനെന്ന് സ്വന്തം ജ്യേഷ്ഠനെ അപഹസിക്കേണ്ടി വന്ന ദുഃഖം ഇപ്പോഴും മനസ്സിലുണ്ട്.’ അമ്മ എന്റെ മുഖത്ത് തീക്ഷ്ണമായി നോക്കി. എന്നിട്ട് പതുക്കെ പറഞ്ഞു: ‘സൂതപുത്രൻ തന്നെ കർണൻ. കുന്തീഭോജന്റെ സൂതൻ സുന്ദരനായിരുന്നു. വീരനായിരുന്നു. മഹർഷിമാരുടെ ദാസ്യപ്പണിക്കിടയിൽ അൽപം കനിവ് കാട്ടിയത് സൂതൻ മാത്രമായിരുന്നു.’ അമ്മയുടെ മുഖം ഇരുണ്ടു വന്നു. നെറ്റിയിൽ വിയർപ്പുപൊടിയുന്നത് എനിക്കു കാണാം.”

അവിടെ നിർത്താതെ ഭീമൻ ‘ഞാനാരാണ്?’ എന്ന ചോദ്യം ആവർത്തിച്ചു. അപ്പോൾ കുന്തി യുധിഷ്ഠിരന്റെയും ഭീമന്റെയും ജന്മരഹസ്യം വെളിപ്പെടുത്തി. യുധിഷ്ഠിരൻ വിദുരരുടെ മകനാണ്. കാട്ടിൽ നിന്നും ചണ്ഡമാരുതനെപ്പോലെ കയറിവന്ന പേരറിയാത്ത ഒരു കാട്ടാളന്റെ മകനാണ് ഭീമൻ. ദേവന്മാരുടെ വരപ്രസാദത്തിലൂടെ ജനിച്ചവരാണ് കുന്തീപുത്രന്മാർ എന്ന ഇതിഹാസത്തിലെ മിത്തിന് ഈ വെളിപ്പെടുത്തലുകളിലൂടെ സ്വന്തം നിലയിൽ യുക്തിഭദ്രമായ പാഠം സൃഷ്ടിക്കുന്നു ‘രണ്ടാമൂഴ’ത്തിൽ നോവലിസ്റ്റ്. ഇവിടെ അടിസ്ഥാനപരമായ മാനുഷികയാഥാർഥ്യത്തിൽ ഊന്നി നിന്നുകൊണ്ട് നോവൽ ശിൽപത്തിന് യുക്തിഭദ്രമായ അടിത്തറയുറപ്പിച്ചിരിക്കുന്നു.

എം.ടി വാസുദേവൻ നായർ (ചിത്രം: മനോരമ)

ഇത്തരത്തിൽ മഹാഭാരതത്തിലെ പാണ്ഡവന്മാരുടെ ഉൽപത്തികഥയെ അപനിർമിക്കാൻ എംടിയെ പ്രേരിപ്പിച്ചതെന്താകാം? മരുമക്കത്തായത്തിന്റെയും കൂട്ടുകുടുംബവ്യവസ്ഥയുടെയും ഇരുണ്ട അകത്തളങ്ങളിൽ നിലനിന്നിരുന്ന ചില സാധ്യതകളാണ് അതിന് എംടി ഉപയുക്തമാക്കിയത് എന്നു തോന്നുന്നു. മരുമക്കത്തായത്തിൽ കുട്ടികളുടെ പിതാവ് ആരാണ് എന്നത് പലപ്പോഴും സന്ദിഗ്‌ധമാണ്. മിക്കപ്പോഴും പിതാവ് ഒരു അഭാവമോ അസാന്നിധ്യമോ ആണ്. എംടിയുടെ ഒട്ടേറെ ചെറുകഥകളിൽ ഇത് കാണാം. ആ ജീവിതവ്യവസ്ഥയിൽ ലോകബോധ്യത്തിൽ നിലനിൽക്കുന്ന പിതാവ് തന്നെയാകണം കുട്ടിയുടെ ജീവശാസ്ത്രപരമായ പിതാവ് എന്നില്ല. തകഴി ശിവശങ്കരപ്പിള്ള ചില ചെറുകഥകളിലും ‘കയർ’ എന്ന നോവലിലും പഴയകാലത്ത് തറവാടുകളോട് ബന്ധപ്പെട്ട് നിലനിന്നിരുന്ന ഗന്ധർവബാധയുടെ കഥകളിലൂടെ ഇക്കാര്യത്തിന് അടിവരയിടുന്നുണ്ട്. ഈ സാധ്യതയാണ് ‘രണ്ടാമൂഴ’ത്തിൽ പാണ്ഡവന്മാരുടെ പിതൃത്വത്തിന്റെ നിഗൂഢതയെ നിർദ്ധാരണം ചെയ്യാൻ എംടി ഉപയോഗിച്ചത് എന്നു വേണം കരുതാൻ.

എംടിയുടെ പ്രധാന നോവലുകളിലെ നായകന്മാരെ, അല്ലെങ്കിൽ മുഖ്യകഥാപാത്രങ്ങളെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അവർക്കാർക്കും തന്നെ ശരിയായ രീതിയിലുള്ള കുടുംബജീവിതമില്ല. ആ അഭാവം എംടിയുടെ നോവലുകളുടെ പൊതുസ്വഭാവമായി മാറുന്നു. അതിന്റെ തുടർച്ചയാണ് രണ്ടാമൂഴത്തിലും കാണുന്നത്. ഭാര്യ, ഭർത്താവ്, മക്കൾ എന്നിവരടങ്ങിയ കെട്ടുറപ്പുള്ള കുടുംബം എന്ന സ്ഥാപനത്തെ എംടിയുടെ കൃതികളിൽ കണ്ടെത്താൻ കഴിയില്ല. കുടുംബാന്തരീക്ഷം പശ്ചാത്തലമാക്കിയുള്ള മിക്ക ചെറുകഥകളുടെ സ്ഥിതിയും ഇതിൽ നിന്നുഭിന്നമല്ല. അക്കാര്യത്തിൽ പഴയ മരുമക്കത്തായകാലത്തെ, ഭാര്യയോടും മക്കളോടും ഇഴുകി ജീവിക്കാത്ത പുരുഷന്മാരുടെ നിഴൽ വീണവരാണ് എംടിയുടെ നായകകഥാപാത്രങ്ങൾ. മറ്റൊരു തലത്തിൽ അവർ ആധുനികജീവിതത്തിന്റെ പ്രതിനിധികളായ ഒറ്റപ്പെട്ട മനുഷ്യരാണ് എന്നും വ്യാഖ്യാനിക്കാം. ഈ രീതിയിലുള്ള ദ്വിലഗ്നത പല കഥാപാത്രങ്ങൾക്കുമുണ്ട്. ഭീമനിലും അത് കാണാം.

ആർട്ടിസ്റ്റ് നമ്പൂതിരിക്കൊപ്പം എം.ടി. വാസുദേവൻ നായർ. (ഫയൽ ചിത്രം. മനോരമ)

ഇതിഹാസാന്തർഗതമായ കഥയെ ആധാരമാക്കിയുള്ള ഇതിവൃത്തവും കഥാപാത്രവുമാണ് ‘രണ്ടാമൂഴ’ത്തിലുള്ളതെങ്കിലും എംടിയുടെ പല നായകന്മാർക്കും പൊതുവായുള്ള ചില സ്വഭാവങ്ങൾ ഭീമനിലും കാണാനാകും. ഭീമസേനനെ മാനുഷികമായ വികാരങ്ങളും സ്വഭാവസവിശേഷതകളുമുള്ള ഒരു കഥാപാത്രമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. മറ്റു പല ആധുനികസാഹിത്യകൃതികളിലെയും കഥാപാത്രങ്ങളെപ്പോലെ ഗാഢമായ അസ്തിത്വസംഘർഷങ്ങൾ അനുഭവിക്കുന്ന കഥാപാത്രമാണ് ഈ നോവലിലെ ഭീമസേനൻ. ഇതിഹാസങ്ങളിൽ നിന്ന് ഇതിവൃത്തം സ്വീകരിച്ച് രചിച്ചിട്ടുള്ള മലയാളനോവലുകളിൽ പ്രമുഖമാണ് രണ്ടാമൂഴം. യഥാതഥേതരമായ ഘടകങ്ങൾ പലതും സന്നിഹിതമാകാറുണ്ട്, ഇതിഹാസങ്ങളിലെ കഥാകൽപനകളിൽ. അവയിലെ സംഭവങ്ങളിലും കഥാപാത്രരൂപീകരണങ്ങളിലും യുക്തിയ്ക്ക് നിരക്കാത്ത പലതും കാണാനാകും.

ആധുനികകാലത്തിന്റെ സാഹിത്യരൂപമായ നോവലിലെ ഇതിവൃത്തത്തിനും ആഖ്യാനം ചെയ്യുന്ന സംഭവങ്ങൾക്കും യുക്തിപരമായ അടിസ്ഥാനം വേണം എന്നാണ് കരുതിപ്പോരുന്നത്. പഴയ മട്ടിലുള്ള കെട്ടുകഥകൾ, ഇതിഹാസപുരാണകഥകൾ തുടങ്ങിയവയിൽ നിന്ന് നോവലിനെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാനഘടകം അതാണ്. ജീവിതത്തെ യഥാതഥപ്രതീതി നൽകുംവിധം ആവിഷ്കരിക്കാനാണ് വലിയൊരളവോളം നോവൽ എന്ന സാഹിത്യരൂപം ശ്രമിക്കുന്നത്. യഥാതഥത്വത്തിൽ നിന്ന് കുതറി മാറുകയോ മാറാൻ ശ്രമിക്കുകയോ ചെയ്യുന്ന നോവലുകൾ പിൽക്കാലത്ത് ഉണ്ടായിട്ടുണ്ട് എന്ന സാഹിത്യചരിത്രയാഥാർത്ഥ്യം മറക്കുന്നില്ല.

മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊരാളായ ഭീമസേനന്റെ കാഴ്ചപ്പാടിൽ രചിച്ചിട്ടുള്ള നോവലാണ് രണ്ടാമൂഴം. ഇതിഹാസങ്ങളിൽ കാണുന്ന യാഥാർഥ്യേതരമായ വിതാനങ്ങളിലേക്ക് അപൂർവം ചില സന്ദർഭങ്ങളിൽ ചുവടുവയ്ക്കുന്നതായി തോന്നുമെങ്കിലും ആഖ്യാനം ചെയ്യുന്ന എല്ലാ സംഭവങ്ങൾക്കും യുക്തിപരതയും സംഭവ്യതാഗുണവും ഉണ്ടായിരിക്കാൻ രണ്ടാമൂഴത്തിൽ നോവൽകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. ആ നിലയിലുള്ള ആഖ്യാനസൂക്ഷ്മത വളരെ ചെറിയ കാര്യങ്ങളിൽ പോലും കാണാനാകും. മൂർത്തമായ കഥാപശ്ചാത്തലവും ഭാവപ്രധാനമായ അന്തരീക്ഷസൃഷ്ടിയും നടത്തി ആഖ്യാനം നിർവഹിച്ചിട്ടുള്ള നോവലാണ് രണ്ടാമൂഴം. മഹാഭാരതകാലത്തിന്റെ പ്രതീതി സൃഷ്ടിക്കുമ്പോൾത്തന്നെ അതിലെ മനുഷ്യാവസ്ഥയ്ക്കും കേന്ദ്രകഥാപാത്രത്തിന്റെ ജീവിതസംഘർഷങ്ങൾക്കും ആധുനികമായ മാനങ്ങൾ നൽകാൻ എംടിക്ക് കഴിഞ്ഞിരിക്കുന്നു.

English Summary:

M.T.Vasudevan Nair's Randamoozham: A Modern Take on an Ancient Epic