നായിഡു വിളിച്ചു; യൂസഫലി വന്നു, പരിഭവം മറന്ന് ലുലു ഗ്രൂപ്പ് ആന്ധ്രയിലേക്ക്, നടപ്പാക്കുന്നത് വമ്പൻ പദ്ധതികൾ
ലുലു ഗ്രൂപ്പ് വീണ്ടും ആന്ധ്രാപ്രദേശിലേക്ക്. 2,300 കോടി രൂപയുടെ പദ്ധതി നടപ്പാക്കേണ്ടെന്ന് തീരുമാനിച്ച്, ഇനി ആന്ധ്രയിലേക്ക് ഇല്ലെന്ന് തീരുമാനിച്ച ലുലു ഗ്രൂപ്പിനെ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ചന്ദ്രബാബു നായിഡുവാണ് തിരികെ വിളിച്ചതും ക്ഷണം ലുലു ഗ്രൂപ്പ് അംഗീകരിച്ചതും.
ലുലു ഗ്രൂപ്പ് വീണ്ടും ആന്ധ്രാപ്രദേശിലേക്ക്. 2,300 കോടി രൂപയുടെ പദ്ധതി നടപ്പാക്കേണ്ടെന്ന് തീരുമാനിച്ച്, ഇനി ആന്ധ്രയിലേക്ക് ഇല്ലെന്ന് തീരുമാനിച്ച ലുലു ഗ്രൂപ്പിനെ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ചന്ദ്രബാബു നായിഡുവാണ് തിരികെ വിളിച്ചതും ക്ഷണം ലുലു ഗ്രൂപ്പ് അംഗീകരിച്ചതും.
ലുലു ഗ്രൂപ്പ് വീണ്ടും ആന്ധ്രാപ്രദേശിലേക്ക്. 2,300 കോടി രൂപയുടെ പദ്ധതി നടപ്പാക്കേണ്ടെന്ന് തീരുമാനിച്ച്, ഇനി ആന്ധ്രയിലേക്ക് ഇല്ലെന്ന് തീരുമാനിച്ച ലുലു ഗ്രൂപ്പിനെ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ചന്ദ്രബാബു നായിഡുവാണ് തിരികെ വിളിച്ചതും ക്ഷണം ലുലു ഗ്രൂപ്പ് അംഗീകരിച്ചതും.
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് വീണ്ടും ആന്ധ്രാപ്രദേശിലേക്ക് ചുവടുവയ്ക്കുന്നു. 2,300 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ച്, ഇനി ആന്ധ്രയിലേക്ക് ഇല്ലെന്ന് തീരുമാനിച്ച ലുലു ഗ്രൂപ്പിനെ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ചന്ദ്രബാബു നായിഡുവാണ് തിരികെ വിളിച്ചതും ക്ഷണം ലുലു ഗ്രൂപ്പ് അംഗീകരിച്ചതും.
ഇന്നലെ അമരാവതിയിലെത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്സിക്യുട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് സംഘവുമായി ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി.
വരുന്നത് വമ്പൻ പദ്ധതികൾ
ലുലു ഗ്രൂപ്പ് അധികൃതരുമായുള്ള ചർച്ച ഏറെ സന്തോഷം പകരുന്നതായിരുന്നു എന്നും ആന്ധ്രാ സർക്കാർ എല്ലാവിധ പിന്തുണയും ലഭ്യമാക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. മടങ്ങിവരാനുള്ള ലുലുവിന്റെ തീരുമാനം ആന്ധ്രയ്ക്ക് ഊർജം പകരുന്നതാണെന്ന് ചന്ദ്രബാബു നായിഡു എക്സിൽ വ്യക്തമാക്കി. എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. നായിഡുവുമായി 18 വർഷത്തെ സ്നേഹബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ ദീർഘവീക്ഷണം അഭിനന്ദനാർഹമാണെന്നും ആന്ധ്രയുടെ ഉന്നമനത്തിന് അത് മുതൽക്കൂട്ടാകുമെന്നും എം.എ. യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഇന്ത്യ ഡയറക്ടർ എ.വി. ആനന്ദ് റാം, ലുലു ഇന്ത്യ സിഇഒ ആൻഡ് ഡയറക്ടർ എം.എ. നിഷാദ്, ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷ്റഫ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
നായിഡുവുമായുള്ള ചർച്ച പ്രകാരം ലുലു ഗ്രൂപ്പ് ആന്ധ്രയിൽ ആരംഭിക്കുന്ന പദ്ധതികൾ ഇങ്ങനെ: സംസ്ഥാനതതിന്റെ വിവിധ ഇടങ്ങളിലായാണ് പദ്ധതികൾ നടപ്പാക്കുക. എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്സ് തിയേറ്ററുകൾ ഉൾക്കൊള്ളുന്ന ഷോപ്പിങ് മാൾ വിശാഖപട്ടണത്ത് സ്ഥാപിക്കും. വിജയവാഡയിലും തിരുപ്പതിയിലും ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റുകൾ ഉയരും. അത്യാധുനിക ഭക്ഷ്യസംസ്കരണ-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ആന്ധ്രയിൽ സ്ഥാപിക്കാൻ ചർച്ചയിൽ ധാരണയായി.
പരിഭവം മറന്ന് ലുലു ഗ്രൂപ്പ് ആന്ധ്രയിലേക്ക്
വിശാഖപട്ടണത്തുവച്ച് കഴിഞ്ഞ ജൂലൈയിലാണ് ലുലു ഗ്രൂപ്പിനെ വീണ്ടും ആന്ധ്രയിലേക്ക് ക്ഷണിക്കുമെന്ന് നായിഡു പറഞ്ഞത്. ഇന്ത്യയിൽ തെലങ്കാനയിലടക്കം ലുലു ഗ്രൂപ്പ് വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ആന്ധ്രയ്ക്ക് ആ നേട്ടം ലഭിക്കാതെ പോകരുതെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
നായിഡു വിളിച്ചാൽ ആന്ധ്രയിലേക്ക് തിരികെപ്പോകുന്നത് ആലോചിക്കുക തന്നെ ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അന്ന് മനോരമ ഓൺലൈനിനോട് വ്യക്തമാക്കിയിരുന്നു. 2014-2019 കാലയളവിലാണ് നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയായിരിക്കേ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് 2,300 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ തയാറെടുത്തത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, രാജ്യാന്തര കൺവെൻഷൻ സെന്റർ എന്നിവയായിരുന്നു പദ്ധതിയിൽ. ഇതിനായി 14 ഏക്കറോളം സ്ഥലവും ലുലുവിന് നൽകാൻ ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ തീരുമാനിച്ചിരുന്നു.
എന്നാൽ. 2019ൽ മുഖ്യമന്ത്രി പദത്തിലേറിയ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപി സർക്കാർ, ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിച്ചു. അതോടെ പദ്ധതി ഉപേക്ഷിച്ച് ലുലു ഗ്രൂപ്പ് ആന്ധ്രയിൽ നിന്ന് പിൻവാങ്ങി.
തറക്കല്ലിട്ട ശേഷം പിൻവാങ്ങൽ
നായിഡു സർക്കാർ അനുവദിച്ച ഭൂമിയിൽ ഷോപ്പിങ് മാൾ അടക്കമുള്ള പദ്ധതികൾക്ക് തറക്കല്ലിടുകയും പ്രാരംഭ പ്രവർത്തനങ്ങൾക്കായി ലുലു ഗ്രൂപ്പ് 16 കോടിയോളം രൂപ ചെലവിടുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു ജഗൻ സർക്കാർ അധികാരത്തിലേറിയതും ഭൂമി തിരികെപ്പിടിച്ചതും. ജഗന്റെ നിലപാടുമൂലം ആന്ധ്രയിലെ ജനങ്ങൾക്ക് നഷ്ടമായത് വലിയ പദ്ധതികൾ മാത്രമല്ല, ആയിരക്കണക്കിന് തൊഴിലവസരം കൂടിയാണെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ആന്ധ്രയിലെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലുലുവിന്റെ പിന്മാറ്റം വലിയ ചർച്ചാവിഷയമായിരുന്നു.
ആന്ധ്രയിൽ നിന്ന് പിൻവാങ്ങിയ ലുലു ഗ്രൂപ്പ് അയൽ സംസ്ഥാനമായ തെലങ്കാന, തമിഴ്നാട്, ഉത്തർപ്രദേശ്, കേരളം, കർണാടക, ജമ്മു കശ്‌മീർ, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ വൻ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. തെലങ്കാനയിലെ ഹൈദരാബാദിൽ ഷോപ്പിങ് മാൾ തുറന്ന ലുലു ഗ്രൂപ്പ്, 3,000 കോടി രൂപയുടെ അധിക നിക്ഷേപ പദ്ധതികളും സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.