സ്വർണ വിലക്കുതിപ്പിന് സഡൻ ബ്രേക്ക്; ഇനി വില കുറയുമോ? 'അമേരിക്കൻ കാറ്റ്' പൊന്നിന് പ്രതികൂലം
സ്വർണ വില വൻതോതിൽ താഴേക്കിറങ്ങിയ സാഹചര്യം ചരിത്രത്തിലില്ല. വിലക്കുതിപ്പിന്റെ വേഗം കുറയുക മാത്രമാണ് ചെയ്യുക. വിലയിൽ കയറ്റിറക്കങ്ങൾ ഉണ്ടാകുമെങ്കിലും നിലവിലെ 2,600 ഡോളർ നിലവാരത്തിൽ നിന്ന് 2,000 ഡോളറിന് താഴെയെത്താനുള്ള സാധ്യതകൾ വിരളം.
സ്വർണ വില വൻതോതിൽ താഴേക്കിറങ്ങിയ സാഹചര്യം ചരിത്രത്തിലില്ല. വിലക്കുതിപ്പിന്റെ വേഗം കുറയുക മാത്രമാണ് ചെയ്യുക. വിലയിൽ കയറ്റിറക്കങ്ങൾ ഉണ്ടാകുമെങ്കിലും നിലവിലെ 2,600 ഡോളർ നിലവാരത്തിൽ നിന്ന് 2,000 ഡോളറിന് താഴെയെത്താനുള്ള സാധ്യതകൾ വിരളം.
സ്വർണ വില വൻതോതിൽ താഴേക്കിറങ്ങിയ സാഹചര്യം ചരിത്രത്തിലില്ല. വിലക്കുതിപ്പിന്റെ വേഗം കുറയുക മാത്രമാണ് ചെയ്യുക. വിലയിൽ കയറ്റിറക്കങ്ങൾ ഉണ്ടാകുമെങ്കിലും നിലവിലെ 2,600 ഡോളർ നിലവാരത്തിൽ നിന്ന് 2,000 ഡോളറിന് താഴെയെത്താനുള്ള സാധ്യതകൾ വിരളം.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ഇനി ആശ്വാസത്തിന്റെ കാലമോ? സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം. ഗ്രാമിന് വില 7,120 രൂപ. പവന് 56,960 രൂപ. 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 5,885 രൂപയിലും വെള്ളി വില ഗ്രാമിന് 100 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.
രാജ്യാന്തര വില കനത്ത ചാഞ്ചാട്ടമാണ് നേരിടുന്നത്. ഒരുവേള വില ഔൺസിന് 2,668 ഡോളറിൽ നിന്ന് 2,644 ഡോളറിലേക്ക് താഴ്ന്നെങ്കിലും നിലവിൽ വ്യാപാരം നടക്കുന്നത് 2,653 ഡോളറിൽ.
റെക്കോർഡ് തകർത്തതിന് പിന്നിൽ
സ്വർണ വില കഴിഞ്ഞ ഏതാനും ആഴ്ചകളായി റെക്കോർഡുകൾ തിരുത്തിയുള്ള മുന്നേറ്റത്തിലായിരുന്നു. ഇതിന് പ്രധാനമായും കളമൊരുക്കിയതാകട്ടെ അമേരിക്കയും. പണപ്പെരുപ്പം കുറഞ്ഞത് പരിഗണിച്ചും ആഭ്യന്തര സാമ്പത്തിക മേഖലയ്ക്ക് ഉണർവേകാനായും അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടതാണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കിയത്.
അതായത് പലിശ കുറഞ്ഞാൽ, ആനുപാതികമായി യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) താഴും. ഏതാനും മാസം മുമ്പ് 4.6 ശതമാനത്തിന് മുകളിലായിരുന്ന 10-വർഷ ട്രഷറി യീൽഡ് 3.5 ശതമാനത്തിനടുത്തേക്ക് ഇടിഞ്ഞിരുന്നു. ഫലത്തിൽ, നിക്ഷേപകർ ബോണ്ടിൽ നിന്ന് പണം പിൻവലിച്ച് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങളിലേക്ക് ഒഴുക്കിത്തുടങ്ങി. അതോടെ സ്വർണ വില കുതിപ്പും തുടങ്ങുകയായിരുന്നു.
പലിശ കുറഞ്ഞത് ഡോളറിനെ ദുർബലമാക്കിയതും സ്വർണത്തിനാണ് ഗുണമായത്. നിക്ഷേപകർ കൈവശമുള്ള പണമുപയോഗിച്ച് വൻതോതിൽ സ്വർണം വാങ്ങാൻ തുടങ്ങിയതാണ് കാരണം. ആഴ്ചകൾക്ക് മുമ്പുവരെ ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 106 നിലവാരത്തിലായിരുന്നത് പിന്നീട് 100ലേക്ക് താഴ്ന്നിരുന്നു.
ഇനി വിലക്കുറവിന്റെ കാലമോ?
സെപ്റ്റംബറിൽ അടിസ്ഥാന പലിശനിരക്കിൽ അരശതമാനം (0.50%) ബമ്പർ വെട്ടിക്കുറയ്ക്കൽ വരുത്തിയ യുഎസ് ഫെഡറൽ റിസർവ്, 2024ൽ ഇനി രണ്ടുവട്ടം കൂടി പലിശ കുറച്ചേക്കുമെന്നും അരശതമാനം ഇളവ് കൂടി പ്രതീക്ഷിക്കാമെന്നും വിലയിരുത്തപ്പെട്ടിരുന്നു. മുൻ മാസങ്ങളിൽ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നുനിന്നത് പലിശ കുറയ്ക്കണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു.
എന്നാൽ, സാഹചര്യം പൊടുന്നനേ മാറായിരിക്കുകയാണ് ഇപ്പോൾ. തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബറിൽ പ്രതീക്ഷിച്ചതിലും താഴെയായി. 4.2 ശതമാനമാണ് പ്രതീക്ഷിച്ചത്; സെപ്റ്റംബറിൽ രേഖപ്പെടുത്തിയത് 4.1%. ഓഗസ്റ്റിൽ ഇത് 4.2 ശതമാനമായിരുന്നു. പുതിയ തൊഴിലവസരങ്ങളും കൂടി. 1.40 ലക്ഷം പുതിയ തൊഴിലുകളാകും സെപ്റ്റംബറിലുണ്ടാകുക എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, തൊഴിൽ നേടിയത് 2.54 ലക്ഷം പേർ. ഓഗസ്റ്റിൽ 1.59 ലക്ഷമായിരുന്നു. മാത്രമല്ല, ശരാശരി മണിക്കൂർ വേതന വർധനനിരക്ക് ഓഗസ്റ്റിലെ 3.9 ശതമാനത്തിൽ നിന്ന് 4 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. 3.8 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണിത്.
തൊഴിലില്ലായ്മ കുറയുകയും തൊഴിലവസരങ്ങളും വേതനവും കൂടുകയും ചെയ്തതോടെ, അടിസ്ഥാന പലിശനിരക്കിൽ ഉടൻ ഇനിയൊരു ബമ്പർ ഇളവ് യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിക്കില്ലെന്ന വിലയിരുത്തലുകൾ ശക്തമായി. യുഎസ് 10 വർഷ ട്രഷറി യീൽഡ് 3.962 ശതമാനത്തിലേക്ക് ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. യുഎസ് ഡോളർ ഇൻഡെക്സ് 102.49ലേക്കും കയറി. ഇതാണ് സ്വർണ വിലയുടെ മുന്നേറ്റത്തിന് തടയിടുന്നത്.
എന്നാൽ, സ്വർണ വില വൻതോതിൽ താഴേക്കിറങ്ങിയ സാഹചര്യം ചരിത്രത്തിലില്ല. വിലക്കുതിപ്പിന്റെ വേഗം കുറയുക മാത്രമാണ് ചെയ്യുക. വിലയിൽ കയറ്റിറക്കങ്ങൾ ഉണ്ടാകുമെങ്കിലും നിലവിലെ 2,600 ഡോളർ നിലവാരത്തിൽ നിന്ന് 2,000 ഡോളറിന് താഴെയെത്താനുള്ള സാധ്യതകൾ വിരളം. മാത്രമല്ല, യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും സ്വർണ വില കൂടാനേ ഇടവരുത്തൂ എന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ നിലവിൽ പവൻ വില 57,000 രൂപയ്ക്കടുത്താണ്. ഇത് 50,000 രൂപയ്ക്ക് താഴേക്കെത്താനുള്ള സാധ്യത വിരളമാണ്.