കൊളംബോ∙ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ദയനീയതോൽവികളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ക്രിക്കറ്റ് മേധാവി തിലംഗ സുമതിപാലയെക്കുറിച്ചു രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അന്വേഷിക്കണമെന്നു മുൻ ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അർജുന രണതുംഗ. സുമതിപാലയ്ക്ക് വാതുവയ്പുകാരുമായി ബന്ധമുണ്ടെന്നും രണതുംഗ ആരോപിച്ചു. ടീമിൽ അച്ചടക്കമില്ലെന്നും സുമതിപാല ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും രണതുംഗ പറഞ്ഞു.
ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിൽ 304 റൺസിനും രണ്ടാം ടെസ്റ്റിൽ ഇന്നിങ്സ് തോൽവിയും വഴങ്ങി ടീം മുഖംതാഴ്ത്തി നിൽക്കുമ്പോഴാണു രണതുംഗയുടെ പുതിയ ആവശ്യം. ചാംപ്യൻസ് ട്രോഫിയിൽനിന്നു ടീം തുടക്കത്തിൽ പുറത്താകുകയും ദുർബലരായ സിംബാബ്‌വെയോടു നാട്ടിൽ നടന്ന പരമ്പരയിൽ തോൽവി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ പിടിമുറുക്കാനുള്ള പുകമറയാണു രണതുംഗ നടത്തുന്നതെന്നു സുമതിപാല പറഞ്ഞു.