മുംബൈ∙ സച്ചിന്റെ 10–ാം നമ്പർ ഇന്ത്യൻ ബോളർ ശാർദുൽ താക്കൂറിനു നൽകിയതിൽ ആരാധകർക്കു പരാതി. ഏകദിന ക്രിക്കറ്റിൽ സച്ചിന്റെ പ്രകടനങ്ങൾക്കൊപ്പം ആരാധകരുടെ മനസ്സിൽ പതിഞ്ഞ നമ്പരാണു ജഴ്സിയിലെ 10. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിലും സച്ചിൻ ഇതേ നമ്പർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അവർ പക്ഷേ, ആ നമ്പർ ഇനിയാർക്കും നൽകില്ലെന്നു തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ നാലാം ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ശാർദുൽ താക്കൂറിനു പത്താം നമ്പർ ജഴ്സിയാണ് അനുവദിച്ചത്.
അവിശ്വസനീയതോടെയാണ് ആരാധകർ ഈ നടപടി വീക്ഷിച്ചതെന്നു സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ നിന്നു വ്യക്തം. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം മാറ്റാൻ ഹാഷ്ടാഗ് അടക്കമുള്ള പ്രതിഷേധവുമായി ആരാധകർ രംഗത്തിറങ്ങിയിട്ടുണ്ട്.