Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി കുട്ടിക്രിക്കറ്റിന്റെ ആവേശം; 9–0 റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യ ലങ്കയ്ക്കെതിരെ

Sri Lanka India Twenty20 കോഹ്‌ലിയും മനീഷ് പാണ്ഡെയും.

കൊളംബോ ∙ ലങ്കാ ദഹനം സമ്പൂര്‍ണമാക്കാന്‍ ഇന്ത്യ ഇന്ന് പ്രേമദാസ സ്റ്റേഡിയത്തില്‍ കുട്ടിക്രിക്കറ്റിന് പാഡ് കെട്ടും. ഇന്ത്യ– ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയിലെ ശേഷിക്കുന്ന ഏക ട്വന്റി20 മൽസരത്തിനായാണ് ഇന്ത്യൻ ടീമിന്റെ പടയൊരുക്കം. ടെസ്റ്റിലെയും ഏകദിനത്തിലെയും വിജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോൾ ശ്രീലങ്ക തേടുന്നത് ആശ്വാസ ജയമാണ്. രാത്രി ഏഴു മണി മുതലാണ് മല്‍സരം.

മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ജയിച്ചു കയറിയ ഇന്ത്യ ഒൻപതിൽ ഒൻപതും ജയിച്ച് റെക്കോർഡ് വിജയമാണ് ലക്ഷ്യമിടുന്നത്. ഇതിനു മുൻപ് ഓസ്ട്രേലിയ മാത്രമേ പരമ്പരയിലെ ഒൻപതു മൽസരങ്ങളും ജയിച്ച് സമ്പൂർണ തൂത്തുവാരൽ നടത്തിയിട്ടുള്ളൂ. 2010ൽ പാക്കിസ്ഥാനെതിരെയാണ് ഓസ്ട്രേലിയ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകൾ തൂത്തുവാരിയത്.

ഓപ്പണർ റോളിൽ രോഹിത് ശർമ തിരിച്ചെത്തും. കെ.എൽ. രാഹുൽ, മനീഷ് പാണ്ഡെ എന്നിവർ കൂടി ഉൾപ്പെടുന്നതാവും ഇന്ത്യൻ മധ്യനിര. അഞ്ചാം ഏകദിനത്തിൽ വിശ്രമിച്ച ഹാർദിക് പാണ്ഡ്യ ട്വന്റി20 ടീമിൽ എത്തിയേക്കാം. ബോളിങ് നിരയിൽ ജസ്പ്രിത് ബുമ്രയുടെ സ്ഥാനം ഉറപ്പാണ്. റൺസ് വഴങ്ങിയ ശാർദുൽ ഠാക്കൂറിനെ ട്വന്റി20യിൽ പരീക്ഷിക്കാൻ സാധ്യത കുറവ്. ചാഹലും കുൽദീപ് യാദവുമാവും സ്പിൻനിരയിൽ.

തോൽവിയെത്തുടർന്നു മാറ്റങ്ങളോടെയാണു ലങ്ക ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. ആറ് പുതിയ മാറ്റങ്ങളാണ് അവർ ടീമിൽ വരുത്തിയിരിക്കുന്നത്. ഏകദിന പരമ്പരയിലെ ബോളിങ് സെന്‍സേഷന്‍ അഖില ധനഞ്ജയയ്ക്ക് ചെറുപതിപ്പിലും ഇടം ലഭിച്ചു. ഉപുല്‍ തരംഗയാണ് ക്യാപ്റ്റന്‍.

കണക്കിലെ കളികളില്‍ ഇന്ത്യയാണ് മുമ്പില്‍. ട്വന്റി-20യില്‍ ഇന്ത്യയും ശ്രിലങ്കയും ഒൻപതു തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് വട്ടവും ജയം ഇന്ത്യക്കൊപ്പമായിരുന്നു. അവസാനമായി ഏറ്റുമുട്ടിയ നാലു മല്‍സരങ്ങളില്‍ മൂന്നിലും ഇന്ത്യ വിജയിച്ചു. ഏകദിനത്തിലും ടെസ്റ്റിലും തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങിയെങ്കിലും കുട്ടിക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ലങ്ക പ്രതീക്ഷയോടെയാണ് കൊളംബോയിലിറങ്ങുന്നത്.

related stories