രാജ്യാന്തര ട്വന്റി20യിലെ അതിവേഗ സെഞ്ചുറി മില്ലറിന്; യുവിയുടെ റെക്കോർഡ് കൈവിട്ടു

പോച്ചെഫ്സ്ട്രൂം ∙ വെടിക്കെട്ടു ക്രിക്കറ്റിന്റെ ഉല്‍സവമായ ട്വന്റി20യില്‍ കൂറ്റനടിയുടെ പുതിയ ചരിത്രം രചിച്ച് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ. ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ വെറും 35 പന്തില്‍ സെഞ്ചുറി തികച്ച മില്ലര്‍ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡിട്ടു. 2012ൽ ന്യൂസീലൻഡിനെതിരെ 45 പന്തിൽനിന്നും സെഞ്ചുറി തികച്ച ദക്ഷിണാഫ്രിക്കൻ താരം തന്നെയായ റിച്ചാർഡ് ലെവിയുടെ റെക്കോർഡാണ് മില്ലർ മറികടന്നത്. ട്വന്റി 20യില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ നാലാം സെഞ്ചുറി നേട്ടമാണ് മില്ലറിന്റേത്.

ഏഴു ഫോറുകളും ഒന്‍പതു സിക്സറും നേടിയ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് ഇന്നലെ 280. 101 റൺസെടുത്ത് പുറത്താകാതെ നിന്ന മില്ലറുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 18.3 ഓവറിൽ 141 റൺസ് ഓൾഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് 83 റൺസ് വിജയം.

അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ മില്ലർ 35 പന്തിൽ ഏഴു ബൗണ്ടറിയും ഒൻപതു സിക്സും ഉൾപ്പെടെയാണ് സെഞ്ചുറിയിലേക്കെത്തിയത്. നേരിട്ട രണ്ടാം പന്തിൽ മില്ലർ നൽകിയ ക്യാച്ച് കൈവിട്ടതിന്റെ വിലയാണ് തുടര്‍ന്ന് ഇന്നിങ്സിന്റെ അവസാന പന്തുവരെ ബംഗ്ലദേശുകാര്‍ അനുഭവിച്ചു തീർത്തത്. ഓരോ പന്തു കഴിയുംതോറും പ്രഹരശേഷി വര്‍ധിച്ചുവന്ന ബാറ്റിങ്ങിന്റെ ചൂടു നന്നായറിഞ്ഞത് ബംഗ്ലദേശ് താരം സീമർ മുഹമ്മദ് സൈഫുദ്ദീനാണ്.

1സെഫുദ്ദീന്‍ എറിഞ്ഞ 19–ാം ഓവറിൽ മില്ലർ അഞ്ചു സിക്സറുകൾ പറത്തി. രാജ്യാന്തര ക്രിക്കറ്റിൽ ഒരു ഓവറിലെ ആറു പന്തും സിക്സ് പറത്തുന്ന മൂന്നാമത്തെ താരമായി മാറാനുള്ള അവസരം ചെറിയ വ്യത്യാസത്തിലാണ് മില്ലറിന് നഷ്ടമായത്. ഓവറിലെ അവസാന പന്തിൽ ഒരു റൺ നേടാനെ മില്ലറിനായുള്ളൂ. ഇന്ത്യയുടെ യുവരാജ് സിങ് ഇംഗ്ലണ്ടിനെതിരെ ഒരു ഓവറിൽ ആറു സിക്സ് നേടിയിട്ടുണ്ട്.

ബംഗ്ലദേശ് ബോളർമാരായ മുഹമ്മദ് സയ്ഫുദ്ദീനും റൂബൽ ഹുസൈനും നാല് ഓവറിൽ 50 റൺസിലേറെ വഴങ്ങി. മെഹ്ദി ഹസൻ മിറാസ് നാല് ഓവറിൽ 46ഉം, ടസ്കിൻ അഹമ്മദ് മൂന്ന് ഓവറിൽ 41 റൺസും വഴങ്ങി. അതേസമയം, നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അൽ ഹസന്റെ പ്രകടനം ശ്രദ്ധേയമായി. 36 പന്തിൽ 101 റൺസെടുത്ത മില്ലറിന്റെയും 51 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 85 റൺസെടുത്ത ഹാഷിം അംലയുടെയും മികവിൽ നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണെടുത്തത്. ബംഗ്ലദേശ് 18.3 ഓവറിൽ 141 റൺസിന് എല്ലാവരും പുറത്തായി.

വേഗമേറിയ സെഞ്ചുറി വേറെ

അതേസമയം, ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 31 പന്തിൽ സെഞ്ചുറി നേടിയ സാക്ഷാൽ എ.ബി. ഡിവില്ലിയേഴ്സിന്റെ പേരിലാണ് രാജ്യാന്തര ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോർഡ്.

രാജ്യാന്തര ട്വന്റി20യിലെ വേഗമേറിയ സെഞ്ചുറി ഇതാണെങ്കിലും ട്വന്റി20യിൽ ഇതിലും വേഗത്തിൽ സെഞ്ചുറി നേടിയ താരങ്ങളും വേറെയുമുണ്ട്. ഐപിഎല്ലിൽ പുണെ വാരിയേഴ്സിനെതിരെ ക്രിസ് ഗെയിൽ 30 പന്തിൽ നേടിയ സെഞ്ചുറിയാണ് ഒന്നാമത്. മിഡിൽസെക്സിനെതിരെ 34 പന്തിൽ സെഞ്ചുറി നേടിയ ആൻഡ്രൂ സൈമണ്ട്സും മില്ലറിനു മുൻപിലുണ്ട്. നമീബിയയുടെ വാൻഡർ വെസ്തൂയ്സെനും 35 പന്തിൽ സെഞ്ചുറി നേടിയിട്ടുണ്ട്. കെനിയയ്ക്കെതിരെ ആയിരുന്നു വെസ്തൂയ്സെന്റെ റെക്കോർഡ് നേട്ടം.