ന്യൂഡൽഹി ∙ കോഴക്കളിയാണെന്ന സംശയമുയർന്നതിനെ തുടർന്ന് യുഎഇയിൽ നടന്ന ഒരു സ്വകാര്യ ട്വന്റി20 ലീഗിനെക്കുറിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) അന്വേഷണം പ്രഖ്യാപിച്ചു. അസാധാരണവും അസ്വാഭാവികവുമായ രീതിയിൽ താരങ്ങൾ പുറത്താകുന്നത് വ്യാപകമായതോടെ ലീഗിനെതിരെ കോഴയാരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഐസിസിയുടെ ഇടപെടൽ.
ലീഗിലെ ചില പുറത്താകലുകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് നിമിഷങ്ങൾക്കുള്ളിൽ വൈറലായിരുന്നു. തീർത്തും അസ്വാഭാവികവും അസാധാരണവുമായ രീതിയിലാണ് ലീഗിൽ താരങ്ങൾ പുറത്താകുന്നത്. ഇവയിലേറെയും റണ്ണൗട്ടുകളും സ്റ്റംപിങ്ങുകളുമാണ്. ക്രീസീൽ തിരിച്ചെത്താൻ ആവശ്യത്തിലേറെ സമയം ലഭിച്ചിട്ടും താരങ്ങൾ അതിനു മിനക്കെടാത്തതും പുറത്താക്കാൻ മനഃപൂർവം സൗകര്യമൊരുക്കുന്നതുമാണ് മൽസരങ്ങൾക്ക് ഒത്തുകള ഛായ നൽകിയത്.
അതേസമയം, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) അനുമതി ഈ ലീഗിനില്ലെന്നും പറയപ്പെടുന്നു. അജ്മനിൽ നടന്ന ട്വന്റി20 ലീഗിനെതിരെ ആക്ഷേപം ശക്തമായ സാഹചര്യത്തിൽ ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് (എസിയു) ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എസിയു ജനറൽ മാനേജർ അലക്സ് മാർഷൽ വ്യക്തമാക്കി. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.