ട്വന്റി20യിൽ പത്തിൽ പത്തും !

ആകാശ് ചൗധരി

ജയ്പുർ ∙ നാലോവർ, പൂജ്യം റൺസ്, പത്തുവിക്കറ്റ്! പതിനഞ്ചു വയസ്സുകാരൻ ആകാശ് ചൗധരി ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിക്കുറിച്ചു. ബാറ്റിങ് വെടിക്കെട്ടുമാത്രം കണ്ടു ശീലിച്ച ട്വന്റി20യിൽ രാജസ്ഥാൻ ഭരത്പുർ സ്വദേശിയുടെ ബോളിങ് വെടിക്കെട്ട്. ഭരത്പുരിലെ പ്രാദേശിക ക്ലബ് മൽസരത്തിൽ ഒരു ഹാട്രിക് ഉൾപ്പെടെയായിരുന്നു ഇടംകയ്യൻ മീഡിയം പേസറുടെ വിസ്മയ പ്രകടനം.

അംഗീകാരമുള്ള മൽസരമല്ലെങ്കിലും ചരിത്രം തിരുത്തിയ ബോളിങ് പ്രകടനത്തെ അഭിനന്ദിച്ചു രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തി. 130 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന ആകാശ് ഭാവി വാഗ്ദാനമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
 
പേൾ അക്കാദമിക്കെതിരായ മൽസരത്തിൽ ദിശ അക്കാദമിക്കായാണ് ആകാശ് പന്തെറിയാനിറങ്ങിയത്. ആദ്യ ബാറ്റു ചെയ്ത ദിശ 156 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പേൾ അക്കാദമി ഏഴ് ഓവറിൽ 32 റൺസിന് ഓൾഔട്ടായി. ആകാശിനു മുൻപിൽ ഏഴുപേർ പൂജ്യത്തിനു പുറത്തായപ്പോൾ ഒരാൾ മാത്രമാണ് പത്തു റൺസ് കടന്നത്.

ആദ്യ മൂന്ന് ഓവറുകളിലും രണ്ടു വിക്കറ്റു വീതം നേടിയ ആകാശ് അവസാന ഓവറിൽ ഹാട്രിക് അടക്കം നാലുവിക്കറ്റ് കൊയ്തു. രാജസ്ഥാൻ രഞ്ജി ക്രിക്കറ്റ് താരം വിവേക് യാദവിന്റെ കീഴിൽ പരിശീലിക്കുന്ന ആകാശ് അണ്ടർ 16 ചലഞ്ചേഴ്സ് ട്രോഫിക്കുള്ള രാജസ്ഥാൻ ടീം ക്യാംപിലേക്ക് സിലക്‌ഷൻ നേടിയിട്ടുണ്ട്.