Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോണും പറയുന്നു, കോഹ്‍ലിയേക്കാൾ മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് തന്നെ

Kohli-Warne

മെൽബൺ ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഇപ്പോഴുള്ള മികച്ച ബാറ്റ്സ്മാൻ ആരാണ്? ഓസീസ് നായകൻ സ്റ്റീവ് സ്മിത്തോ അതോ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയോ? സമകാലീന ക്രിക്കറ്റ് ലോകത്തെ ചൂഴ്ന്നു നിൽക്കുന്ന ഈ ചോദ്യത്തിന് ഉത്തരവുമായി മറ്റൊരു താരം കൂടി രംഗത്ത്. ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണാണ്, സ്മിത്തിന്റെ പക്ഷം പിടിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യമെടുത്താൽ ‘സ്മിത്ത് ഈസ് ദ മാൻ’ എന്നാണ് വോണിന്റെ അഭിപ്രായം. ഇതിനു പുറമെ, താൻ നേരിട്ട് കാണുകയോ ഒപ്പമോ എതിരെയോ കളിക്കുകയോ ചെയ്ത കളിക്കാരിൽനിന്ന് ഏറ്റവും മികച്ച 11 ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

വോണിന്റെ ഈ പട്ടികയിൽ സ്മിത്തും കോഹ്‍ലിയും 10–ാം സ്ഥാനം പങ്കിടുകയാണെങ്കിലും, ടെസ്റ്റിന്റെ കാര്യത്തിൽ സ്മിത്താണ് മികച്ച താരമെന്ന് പ്രത്യേകം എടുത്തുപറയുന്നുണ്ട്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ സ്മിത്താണെന്നും വോൺ കുറിച്ചു. അതേസമയം, മൂന്നു ഫോർമാറ്റുകളും പരിഗണിച്ചാൽ കോഹ്‍ലി തന്നെയാണ് മികച്ച താരമെന്നും വോൺ വ്യക്തമാക്കുന്നു.

ഇന്ത്യൻ ക്യാപ്റ്റനെക്കുറിച്ച് വോണിന് നല്ല മതിപ്പാണെങ്കിലും, ഇംഗ്ലണ്ടിൽ അത്ര മികച്ച പ്രകടനം ഇതുവരെ നടത്താൻ സാധിക്കാത്തത് വലിയൊരു പോരായ്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2014ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ദയനീയ പ്രകടനമായിരുന്നു കോഹ്‍ലിയുടേത്. ഈ സാഹചര്യത്തിലാണ് വോണിന്റെ വിലയിരുത്തൽ. അതേസമയം, ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന്റെ മണ്ണിൽ മൂന്നു സെഞ്ചുറി നേടിയിട്ടുള്ള സ്മിത്തിന് 43.31 എന്ന മികച്ച ശരാശരിയുമുണ്ട്.

മികച്ച ബാറ്റ്സ്മാനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ താൻ സ്വീകരിക്കുന്ന മാനദണ്ഡവും വോൺ വിശദീകരിക്കുന്നുണ്ട്.

‘വ്യത്യസ്ത സാഹചര്യങ്ങളുള്ള മൂന്നു രാജ്യങ്ങളിൽ സെഞ്ചുറി നേടിയിട്ടുള്ളവരെയാണ് ഞാൻ മികച്ച ബാറ്റ്സ്മാൻമാരുടെ ഗണത്തിൽ പെടുത്തുന്നത്. മികച്ചും സീമും സ്വിങ്ങുമുള്ള ഇംഗ്ലണ്ടിലെ പിച്ചുകളിലും, അപാര വേഗവും ബൗണ്‍സുമുള്ള ഓസ്ട്രേലിയൻ പിച്ചുകളിലും, പന്ത് കുത്തിത്തിരിയുന്ന ഇന്ത്യയിലെ പിച്ചുകളിലും കളിച്ചു തെളിയിച്ചവരാണ് നല്ല ബാറ്റ്സ്മാൻമാർ’ – വോൺ കുറിച്ചു. ഇന്ത്യയുടെ അടുത്ത വർഷത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ കോഹ്‍ലി ഇതുവരെയുള്ള പിഴവുകൾക്ക് പരിഹാരം കാണാനാണ് എല്ലാ സാധ്യതയെന്നും വോണ്‍ അഭിപ്രായപ്പെടുന്നു.

ഷെയ്ൻ വോണിന്റെ പട്ടികയിലെ മികച്ച ബാറ്റ്സ്മാൻമാർ:

1. വിവിയൻ റിച്ചാർഡ്സ്

2. ബ്രയാൻ ലാറ

3. സച്ചിൻ തെൻഡുൽക്കർ

4. ഗ്രെഗ് ചാപ്പൽ

5. റിക്കി പോണ്ടിങ്

6. അലൻ ബോർഡർ

7. ജാക്വസ് കാലിസ്‌

8. ഗ്രഹാം ഗൂച്ച്

9. എ.ബി.ഡിവില്ലിയേഴ്സ്

10. സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്‍ലി

related stories