Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് റിസ്റ്റ് സ്പിൻ ബോളിങ്? ഇത് കൈക്കുഴ കൗശലം

Kuldeep-Chahal-Kohli കൈക്കുഴ സ്പിന്നർമാരായ കുൽദീപും ചാഹലും കോഹ്‍ലിക്കൊപ്പം.

റിസ്റ്റ് സ്പിൻ തന്ത്രങ്ങളെക്കുറിച്ച് മുൻ കേരള താരം കെ.എൻ. അനന്തപത്മനാഭൻ

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർ വട്ടം കറങ്ങി തകർന്നു പോയതു യുസ്‌വേന്ദ്ര ചാഹലിന്റെയും കുൽദീപ് യാദവിന്റെയും റിസ്റ്റ് സ്പിന്നിനു മുന്നിലാണ്. ആദ്യ ഏകദിനത്തിൽ അഞ്ചും ഇന്നലെ എട്ടും വിക്കറ്റുകളാണ് ഇന്ത്യയുടെ ഈ കൈക്കുഴ സ്പിൻ ജോഡികൾ കൊയ്തത്. എന്താണ് റിസ്റ്റ് സ്പിൻ ബോളിങ്? അതു ബാറ്റ്സ്മാനെ കുഴക്കുന്നതെന്തുകൊണ്ട്? എങ്ങനെയാണ് റിസ്റ്റ് സ്പിന്നിനെ ഫലപ്രദമായി നേരിടുക? കേരള ക്രിക്കറ്റിലെ ഏക്കാലത്തേയും മികച്ച ലെഗ് സ്പിന്നറും ബിസിസിഐ എലീറ്റ് പാനൽ അംപയറുമായ കെ.എൻ.അനന്തപത്മനാഭൻ റിസ്റ്റ് സ്പിന്നിന്റെ രസതന്ത്രം വ്യക്തമാക്കുന്നു. 

ലെഗ് സ്പിന്നർമാരാണു റിസ്റ്റ് സ്പിൻ ചെയ്യുന്നത്. കൈക്കുഴ ഉപയോഗിച്ചുള്ള സ്ലോ ബോളിങ്ങെന്നു റിസ്റ്റ് ബോളിനെ ലഘുവായി വിശേഷിപ്പിക്കാമെങ്കിലും അതിനു പിന്നിലെ ടെക്നിക്കുകൾ അത്ര ലഘുവല്ല. ഓഫ് സ്പിന്നർമാർ ബോൾ സ്പിൻ ചെയ്യാനായി വിരലുകളെയാണ് ആശ്രയിക്കുക. കൈക്കുഴ അൽപമെങ്കിലും ഉപയോഗിക്കുന്നതു ദൂസര ബോൾ ചെയ്യുന്നതിനു വേണ്ടി മാത്രം. നേർ വിപരീത ദിശയിൽ ടേൺ ചെയ്യുന്ന ലെഗ് സ്പിന്നർമാർ പക്ഷേ കൈക്കുഴയാണ് ഉപയോഗിക്കുക. കുൽദീപ് യാദവിനെ പോലെയുള്ള ഇടംകൈ ലെഗ് സ്പിന്നർമാരെയാണു ചൈനാമാൻ ബോളർ എന്നറിയപ്പെടുക. 

wrist-spin-bowling-styles

ചെയ്യുന്നതെങ്ങനെ

കൈക്കുഴയും കൈത്തലവും തിരിക്കുന്നതിലാണു റിസ്റ്റ് സ്പിന്നിന്റെ ടെക്നിക്ക്്. ബോൾ പൂർണമായും കൈക്കുള്ളിൽ ഒതുക്കി പിടിച്ചാണു ബോളിങ്. ബോൾ റിലീസ് ചെയ്യുമ്പോൾ കൈക്കുഴ ഫീൽഡിലെ മിഡ് ഓൺ പൊസിഷനിൽ നിന്നു തേർഡ് മാനിലേക്കു നീങ്ങുന്ന തരത്തിലാണു തിരിക്കുക. കൈത്തലം മിഡ് വിക്കറ്റിനു നേരെയായിരിക്കും. ഇങ്ങനെ റിലീസ് ചെയ്യുന്ന ബോൾ സ്പിൻ ചെയ്യുക മിഡ് ഓണിൽ നിന്നു സ്ലിപ്പിന്റെ ഭാഗത്തേക്കായിരിക്കും. ഇതിൽ നിന്നു വ്യത്യസ്തമാണ് ലെഗ് സ്പിൻ ഗൂഗ്ലി. ഗൂഗ്ലി ബോൾ ചെയ്യുമ്പോൾ കൈക്കുഴയുടെ പുറകുവശം ബാറ്റ്സ്മാനു നേരെയും കൈത്തലം അംപയറുടെ വശത്തേക്കുമായിരിക്കും. ബോൾ കറങ്ങുന്നത് മിഡ് ഓഫിൽ നിന്നു ഫൈൻ ലെഗിലേക്കായിരിക്കും. കൈവിരലുകൾ ഉപയോഗിച്ചുള്ള ഓഫ് സ്പിന്നിൽ ബോൾ ടേൺ ചെയ്യിക്കാനായി പലപ്പോഴും കൈമുട്ടും മടക്കേണ്ടി വരുന്നുണ്ടെങ്കിൽ റിസ്റ്റ് ബോളിങ്ങിൽ അതിന്റെ ആവശ്യമില്ല. 

പ്രശ്നമാവുന്നതിങ്ങനെ

കൈക്കുഴ ഉപയോഗിച്ചുള്ള ബോളിങ്ങിൽ വായുവിൽ ബോൾ സ്പിൻ ചെയ്തു നീങ്ങുന്ന വേഗം ഓഫ് സ്പിന്നിനെ അപേക്ഷിച്ചു കുറവായിരിക്കും. 80-85 കിലോമീറ്ററാണു പരമാവധി വേഗം. പക്ഷേ ബോൾ പിച്ച് ചെയ്തു കഴിയുന്നതോടെ വേഗമേറും. സ്വഭാവവും മാറും. പിച്ചു ചെയ്തു വേഗമേറുന്ന പന്ത് ഏതു വശത്തേക്കു വേണമെങ്കിലും തിരിയാം. തിരിയാതെയുമിരിക്കാം. ഇതാണു പ്രശ്നം. പിച്ച് ചെയ്ത ശേഷം വേഗമേറുന്ന ബോളിന്റെ ഗതി തിരിച്ചറിയാൻ ബാറ്റ്സ്മാനു സമയം കിട്ടില്ലെന്നതിനാൽ കബളിപ്പിക്കപ്പെടാം. റിസ്റ്റ് സ്പിൻ കളിക്കുന്നതിലുള്ള പോരായ്മ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്കു പണ്ടേയുണ്ട്. അതിനാലാണ് ആദ്യമായി വിദേശത്ത് ഇത്തവണ ഇന്ത്യ രണ്ടു റിസ്റ്റ് സ്പിന്നർമാരെ കളിപ്പിച്ചത്. ടെസ്റ്റിൽ ഓവർ പ്രശ്നമില്ലാത്തതിനാൽ ഇത്തരം ബോളർമാരെ കളിക്കാതെ വിടാം, പ്രതിരോധിക്കാം. എന്നാൽ വേഗത്തിൽ സ്കോർ ചെയ്യേണ്ടതിനാൽ ഏകദിനത്തിലും ട്വന്റി20യിലും ഇത്തരം ബോളുകളും കളിക്കാൻ നിർബന്ധിതരാണ്. ഇതാണു കഴിഞ്ഞ രണ്ട് ഏകദിനത്തിലും ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്കു കുരുക്കായത്. 

എങ്ങനെ നേരിടണം

മികച്ച നിരീക്ഷണവും റീഡിങ്ങും ഉള്ള ബാറ്റ്സ്മാനേ റിസ്റ്റ് സ്പിൻ ഫലപ്രദമായി നേരിടാനാവൂ. ബോളറുടെ കൈ കൃത്യമായി നിരീക്ഷിക്കണം. കൈ എങ്ങോട്ടാണു തിരിയുന്നതെന്നും ബോൾ സ്പിൻ ചെയ്യുന്ന ദിശയും പിച്ച് ചെയ്യുന്നതിനു മുൻപേ മനസിലാക്കാനായാൽ മാത്രമേ ബോളിന്റെ ഗതി മനസിലാക്കി ബാറ്റ് വീശാനാവൂ. രണ്ടു തരത്തിലാണ് ഇത്തരം ബോളുകൾ നന്നായി കളിക്കാനാവുക. സ്വീപ് ഷോട്ടാണ് അതിൽ ഏറ്റവും ഫലപ്രദം. ബോൾ പിച്ച് ചെയ്യുന്ന സ്ഥലത്തേക്ക് സ്റ്റെപ് ഔട്ട് ചെയ്തു കളിക്കുകയാണു മറ്റൊരു വഴി. രണ്ടിനും പക്ഷേ നല്ല ബോൾ റീഡിങ് ആവശ്യമാണ്. 

related stories