സെഞ്ചൂറിയൻ ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന മൽസരത്തിന് അസമയത്ത് ഉച്ചഭക്ഷണ ഇടവേള നൽകിയ നടപടിയെ പരിഹസിച്ച മുൻ ഇന്ത്യൻതാരം വീരേന്ദർ സേവാഗ് കുരുക്കിലായി. ‘ഉച്ചഭക്ഷണം കഴിഞ്ഞുവരൂ’ എന്നു ബാങ്കുകൾ ഇടപാടുകാരോടു പറയുന്നതു പോലെയാണ് അംപയർമാരുടെ പെരുമാറ്റമെന്നു പരിഹസിച്ചാണ് സേവാഗ് കുടുങ്ങിയത്. സേവാഗിന്റെ പരാമർശത്തിനെതിരെ ബാങ്കുകൾ രംഗത്തെത്തിയതോടെയാണിത്.
കഴിഞ്ഞ ദിവസം സെഞ്ചൂറിയനിൽ നടന്ന രണ്ടാം ഏകദിനത്തിലാണ് വിവാദ സംഭവം. ഇന്ത്യയ്ക്ക് ജയത്തിലേക്ക് രണ്ടു റൺസ് മാത്രം വേണ്ടിയിരിക്കെയാണ് അംപയർ അലീം ദാറും അഡ്രിയാൻ ഹോൾഡ്സ്റ്റോക്കും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റും കൂടി 40 മിനിറ്റ് ഇടവേളയ്ക്കു തീരുമാനിച്ചത്. ടിവി കമന്റേറ്റർമാരും ക്രിക്കറ്റ് വിദഗ്ധരും ഈ നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.
രണ്ടാം ഏകദിനത്തിൽ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനു വിട്ട ഇന്ത്യ അവരെ വെറും 118 റൺസിനു പുറത്താക്കിയിരുന്നു. പിന്നീട് 18 ഓവറിൽ ഒരു വിക്കറ്റിന് 117 റൺസിൽ ഇന്ത്യ നിൽക്കെ അംപയർമാർ കളി നിർത്തിവച്ചു. പ്രീ ലഞ്ച് സെഷൻ മൂന്ന് ഓവറോളം ദീർഘിപ്പിച്ച ശേഷമായിരുന്നു ഈ അസാധാരണ തീരുമാനം. ഈ സാഹചര്യത്തിലാണ് സേവാഗ് ‘ബാങ്ക്’ ഉപമയുമായി രംഗത്തെത്തിയത്.
ട്രോളുകൾ തീർക്കുന്നതിൽ താരമായ സേവാഗിന്റെ ഈ ട്വീറ്റും ട്രെൻഡിങ്ങായതോടെയാണ് ബാങ്കുകൾക്ക് കലിമൂത്തത്. സേവാഗിന്റെ പരാമർശത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പൊതുമേഖലാ ബാങ്കുകൾ രംഗത്തെത്തുകയും ചെയ്തു. അംപയർമാരുടെ നടപടിയെ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളോടു പെരുമാറുന്ന രീതിയുമായി താരതമ്യപ്പെടുത്തിയത് ശരിയായില്ലെന്നാണ് അവരുടെ പക്ഷം.
ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷനാണ് (എഐബിഒസി) സേവാഗിനെതിരെ ഏറ്റവും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ലക്ഷക്കണക്കിന് ബാങ്ക് ഉദ്യോഗസ്ഥർ ചില ദിവങ്ങളിൽ ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ച് കുറഞ്ഞത് 12 മണിക്കൂറെങ്കിലും ഉപഭോക്താക്കൾക്കായി നീക്കിവയ്ക്കുന്നുണ്ടെന്ന് ഇവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഉച്ചഭക്ഷണസമയം പോലും ഇപ്പോൾ പ്രവർത്തനസമയമായാണ് കണക്കാക്കുന്നത്. ഈ സമയത്തുപോലും ഉപഭോക്താക്കൾ ബുദ്ധിമുട്ടരുതെന്ന് കരുതിയാണിത്. ഇത്തരമൊരു സാഹചര്യം നിലനിൽക്കെ സേവാഗിന്റെ താരതമ്യം കടന്നകയ്യായിപ്പോയെന്നും ബാങ്കുകൾ ചൂണ്ടിക്കാട്ടി.
ഭവനനിർമാണത്തിനും ഹരിയാനയിൽ സേവാഗിന്റെ ഉടമസ്ഥതയിലുള്ള രാജ്യാന്തര സ്കൂളിന്റെ നിർമാണത്തിനും പണം ആവശ്യമായി വന്നപ്പോൾ വീട്ടുപടിക്കൽ വന്ന് സേവനം പ്രദാനം ചെയ്ത ബാങ്കുകളോട് സേവാഗ് നന്ദിയുള്ളവനാകണമെന്നും ഇവർ പ്രസ്താവനയിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൻധൻ യോജന പോലുള്ള പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ അതിന്റെ പൂർത്തീകരണത്തിനായി രാപകൽ ജോലി ചെയ്തവരാണ് തങ്ങളെന്നും ബാങ്കുകൾ ചൂണ്ടിക്കാട്ടി.
ബാങ്ക് ജീവനക്കാരുടെ വികാരം വ്രണപ്പെടുത്തിയ സേവാഗ് മാപ്പു പറയണമെന്നും എഐബിഒസി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.