കേപ്ടൗൺ ∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സ്വപ്നസമാന കുതിപ്പു തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കു മുന്നിൽ റെക്കോർഡുകൾ ഒന്നൊന്നായി കീഴടങ്ങുകയാണ്. സെഞ്ചുറികളുടെ എണ്ണമോ കീഴടക്കുന്ന റൺമലയുടെ ഉയരമോ ആകട്ടെ, എല്ലാം കോഹ്‍ലിക്കു മുന്നിൽ റെക്കോർഡുകളാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ നാല് ഏകദിനങ്ങളിൽനിന്നായി 393 റൺസ് സ്വന്തമാക്കിയ കോഹ്‍ലി, കുതിപ്പു തുടരുകയാണ്. രണ്ടു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെയാണ് കോഹ്‍ലിയുടെ മുന്നേറ്റം.
ഇതിനിടെ, വാണ്ടറേഴ്സിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തിലും കോഹ്‍ലിയെത്തേടി ഒരു റെക്കോർഡെത്തി. ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം റൺസ് നേടുന്ന താരങ്ങളിൽ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ കീഴടക്കിയ കോഹ്‍ലി അഞ്ചാം സ്ഥാനത്തേക്കുയർന്നു.
9378 റൺസ് നേടിയ അസ്ഹറുദ്ദീന്റെ റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. നിലവിൽ 206 മൽസരങ്ങളിൽനിന്ന് 9423 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം. അതും 57.45 എന്ന തകർപ്പൻ റൺശരാശരിയിൽ. ഇതിനിടെ 275 മൽസരങ്ങളിൽനിന്ന് 9420 റൺസ് സ്വന്തമാക്കിയ സാക്ഷാൽ ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡും കോഹ്‍ലി മറികടന്നു.
ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ 16–ാം സ്ഥാനത്താണ് കോഹ്‍ലി ഇപ്പോൾ. 463 മൽസരങ്ങളിൽനിന്ന് 18,426 റൺസ് നേടിയ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ പേരിലാണ് നിലവിൽ ലോക റെക്കോർഡ്. ശ്രീലങ്കൻ താരം കുമാർ സംഗക്കാര 14,243 റൺസോടെ രണ്ടാമതും മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് 13,704 റൺസോടെ മൂന്നാമതുമുണ്ട്.
ഇന്ത്യക്കാരിൽ സച്ചിനു പുറമെ സൗരവ് ഗാംഗുലി (11,363), രാഹുൽ ദ്രാവിഡ് (10,889), എം.എസ്. ധോണി (9954 എന്നിവരാണ് കോഹ്‍ലിക്കു മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ എതിർ ടീമിലുള്ള എ.ബി. ഡിവില്ലിയേഴ്സ് 9541 റൺസുമായി കോഹ്‍ലിക്കു തൊട്ടുമുൻപിലുണ്ട്.
സെഞ്ചൂറിയൻ കോഹ്‍ലി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര തുടങ്ങുമ്പോൾ ഒരു റെക്കോർഡ് നേട്ടത്തിന്റെ വക്കത്തായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. അതുവരെ ഏകദിന മൽസരം കളിച്ച രാജ്യങ്ങളിൽ ഇവിടെയൊഴികെ മറ്റെല്ലായിടത്തും കോഹ്‍ലി സെഞ്ചുറി നേടിയിരുന്നു. ഇവിടെയും ഒട്ടേറെ മൽസരങ്ങൾ കളിച്ചിരുന്നെങ്കിലും സെഞ്ചുറി കുറിക്കാനുള്ള അവസരം ലഭിച്ചില്ല.
ഡർബനിൽ നടന്ന ആദ്യ ഏകദിനത്തിൽ കോഹ്‍ലി ആദ്യം ചെയ്തത് ഈ കുറവു നികത്തുകയാണ്. ദക്ഷിണാഫ്രിക്കൻ ബോളർമാരെ അവരുടെ നാട്ടിൽ അനായാസം നേരിട്ട കോഹ്‍ലി, ഏകദിന മൽസരം കളിച്ച ഒൻപതു രാജ്യങ്ങളിലും സെഞ്ചുറി നേടുന്ന താരമായി. രണ്ടാം ഏകദിനത്തിലും താരം മോശമാക്കിയില്ല. ദക്ഷിണാഫ്രിക്ക തീരെച്ചെറിയ സ്കോറിൽ ഒതുങ്ങിയതു കൊണ്ട് ഇത്തവണ അർധസെഞ്ചുറി നേട്ടം കോഹ്‍ലിക്കു കയ്യെത്തുംദൂരത്തു നഷ്ടമായി. കോഹ്‍ലി 46 റൺസെടുത്തപ്പോഴേക്കും മൽസരം തീർന്നിരുന്നു.
മൂന്നാം ഏകദിനത്തിൽ കോഹ്‍ലി വീണ്ടും ചരിത്രമെഴുതുന്ന കാഴ്ചയാണു കേപ്ടൗണിൽ കണ്ടത്. ശിഖർ ധവാന്റെ ഒറ്റപ്പെട്ട പിന്തുണയുണ്ടായിരുന്നെങ്കിലും കോഹ്‍ലിയുടെ ഒറ്റയാൾ പ്രകടനമാണു കണ്ടത്. ദക്ഷിണാഫ്രിക്കൻ ബോളർമാരെ നിഷ്പ്രയാസം നേരിട്ട കോഹ്‍ലി ഏകദിന കരിയറിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ കുറിച്ചാണ് തിരിച്ചുകയറിയത്. 159 പന്തിൽ 12 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 160 റൺസായിരുന്നു സമ്പാദ്യം.
2012ൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 183 റൺസിനുശേഷം കരിയറിലെ ഉയർന്ന സ്കോർ. ഇതിനുപുറമെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ഇന്ത്യൻ താരം കുറിക്കുന്ന ഉയർന്ന സ്കോർ കൂടിയാണിത്. 2001ൽ സൗരവ് ഗാംഗുലി നേടിയ 127 റൺസിന്റെ റെക്കോർഡാണു കോഹ്‍ലി പഴങ്കഥയാക്കിയത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ ബാറ്റ്സ്മാന്റെ ഉയർന്ന സ്കോറും കോഹ്‍ലി തിരുത്തിക്കുറിച്ചു. ഇക്കുറി വഴിമാറിയത് 2003ൽ നമീബിയയ്ക്കെതിരെ സച്ചിൻ നേടിയ 152 റൺസ്.
ഇതിനെല്ലാം പുറമെ, ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായും അദ്ദേഹം മാറി. 12–ാം സെഞ്ചുറി കുറിച്ച ‘ക്യാപ്റ്റൻ കോഹ്‍ലി’ മറികടന്നത് 11 സെഞ്ചുറി നേടിയ ഗാംഗുലിയെ. 142 ഇന്നിങ്സുകളിൽനിന്നു ഗാംഗുലി സ്വന്തമാക്കിയ നേട്ടം മറികടക്കാൻ കോഹ്‍ലിക്കു വേണ്ടിവന്നത് 43 ഇന്നിങ്സു മാത്രം.
നാല് ഏകദിനങ്ങളിൽനിന്ന് ഇതുവരെ 393 റൺസ് നേടിയ കോഹ്‍ലി, ദക്ഷിണാഫ്രിക്കയിലെ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിദേശതാരവുമായി. 2001–02 സീസണിൽ 283 റൺസ് നേടിയ റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡാണു മറികടന്നത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ഇന്നിങ്സിൽ 150നു മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ സന്ദർശക ക്യാപ്റ്റനുമായി. 2006ൽ ജൊഹാനസ്ബർഗിൽ സെഞ്ചുറി നേടിയ പോണ്ടിങ്ങാണ് ഒന്നാമൻ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോഹ്‍ലി ഏകദിനത്തിൽ 1000 റൺസ് പിന്നിടുന്നതിന് മൂന്നാം ഏകദിനം സാക്ഷ്യം വഹിച്ചിരുന്നു.