Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്തും ഇന്ത്യ പാസായി; ഇനി കയ്യടിക്കാം, ഈ കോഹ്‍ലിപ്പടയ്ക്ക്!

team-india ഇന്ത്യൻ ടീം ട്വന്റി20 പരമ്പര കിരീടവുമായി

കേപ്‍ടൗൺ ∙ ‘‘ഞങ്ങൾ 80 ശതമാനം മികവിലേക്കുയർന്നു കഴിഞ്ഞു’’– ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ട്വന്റി20യും വിജയിച്ച് പരമ്പര സ്വന്തമാക്കിയതിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വാക്കുകൾ. എപ്പോഴും പോരാ പോരാ എന്നു പറഞ്ഞു കൊണ്ടിരിക്കുന്ന കോഹ്‌ലിയെപ്പോലൊരു ക്യാപ്റ്റൻ 80 ശതമാനം എന്നു പറഞ്ഞാൽ അതു നൂറുമേനി തന്നെയാണ്.

അത്രയധികം സംതൃപ്തരായിട്ടാകും ഇന്ത്യൻ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിൽ നിന്നു മടങ്ങുന്നത്. കേപ്ടൗണിലെ നിർണായകമായ മൂന്നാം ട്വന്റി20യിൽ ആറു റൺസിനു ജയിച്ചതോടെ ട്വന്റി20 പരമ്പര 2–1ന് ആണ് ഇന്ത്യ സ്വന്തമാക്കിയത്. ശിഖർ ധവാന്റെയും (47) രോഹിത് ശർമയുടെയും (43) മികവിൽ ഇന്ത്യ കുറിച്ച 172 റൺസിനു മുന്നിൽ അവസാന പന്തുവരെ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും 165 റൺസിൽ ഒതുങ്ങി. ക്യാപ്റ്റൻ ജെ.പി. ഡുമിനിയും (55) ക്രിസ്റ്റ്യൻ ജോങ്കറുമാണ് (49) ദക്ഷിണാഫ്രിക്കയ്ക്കു പ്രതീക്ഷ നൽകിയത്. ടീം ഇന്ത്യയിലേക്കു തിരിച്ചെത്തിയ റെയ്നയാണ് മാൻ ഓഫ് ദ് മാച്ച്. മൂന്നു കളികളിൽ ഏഴു വിക്കറ്റ് വീഴ്ത്തി ഏകദിന പരമ്പരയിലെ ഫോം തുടർന്ന ഭുവനേശ്വർ മാൻ ഓഫ് ദ് സിരീസും.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ മുന്നൊരുക്കം കുറവായതു കൊണ്ടു മാത്രം ടെസ്റ്റ് പരമ്പര കൈവിട്ടതാകും ഇന്ത്യയുടെ ആകെയുള്ള ദുഃഖം. ടെസ്റ്റ് പരമ്പര കഴിഞ്ഞതോടെ ഇന്ത്യയ്ക്കു സാഹചര്യങ്ങൾ പരിചിതമായി. ദക്ഷിണാഫ്രിക്കൻ ടീമിലെ പ്രധാനതാരങ്ങൾക്കു പരുക്കേൽക്കുകയും ചെയ്തതോടെ ഏകദിന പരമ്പര കുട്ടിക്കളിയായി. ആറു കളികളിൽ അഞ്ചിലും ജയം. രണ്ടാം ട്വന്റി20യിൽ ക്ലാസന്റെ ക്ലാസിനു മുന്നിൽ വീണെങ്കിലും കേപ്ടൗണിൽ ജയിച്ചതോടെ ലിമിറ്റഡ് ഓവറിലെ രണ്ടു ഫോർമാറ്റിലും ഇന്ത്യ ജേതാക്കൾ. ടെസ്റ്റ് പരമ്പരയുടെ ദുഃഖം മറക്കാൻ ഐസിസിയുടെ ടെസ്റ്റ് ചാംപ്യൻഷിപ് ട്രോഫി തുടരെ രണ്ടാം തവണയും ഇന്ത്യയുടെ കയ്യിൽ ഭദ്രമായി.

അധികമധുരമായുള്ള വനിതകളുടെ പരമ്പര ജയവും എടുത്തു പറയണം. വനിതാ ക്രിക്കറ്റിന്റെ വർധിച്ചുവരുന്ന ജനപ്രീതിയെ സാധൂകരിക്കുന്ന പ്രകടനമാണ് അവർ പുറത്തെടുത്തത്. ഏകദിന പരമ്പര 2–1നു ജയിച്ച ഇന്ത്യൻ വനിതകൾ ട്വന്റി20 പരമ്പര 3–1നും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയിൽ ഒരു പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ടീമെന്ന ചരിത്രനേട്ടവും പുരുഷ ടീമിനു മുൻപേ അവർ കൈവരിച്ചു. 

Indian Women Cricket Team ഇന്ത്യൻ വനിത ടീം ട്വന്റി20 പരമ്പര കിരീടവുമായി