Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസീസിന് 402 റൺസ് ലീഡ്

cricket-ball-and-stumps

ഡർബൻ ∙ കളിതീരാൻ രണ്ടുദിവസം ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസ് പിടിമുറുക്കി. രണ്ടാം ഇന്നിങ്സിൽ ഒൻപതു വിക്കറ്റു നഷ്ടത്തിൽ 213 റൺസ് നേടിയ സന്ദർശകർക്ക് 402 റൺസിന്റെ രണ്ടാം ഇന്നിങ്സ് ലീഡായി. വെളിച്ചക്കുറവുമൂലം നേരത്തെ കളിനിർത്തുമ്പോ‍ൾ പാറ്റ് കമ്മിൻസും (17) ജോഷ് ഹേയ്സൽവുഡുമാണ്(4) ക്രീസിൽ. 

ഒന്നാം ഇന്നിങ്സിൽ 351 റൺസ് നേടിയ ഓസീസിന് മൂന്നാംദിവസം ബാറ്റിങ് സുഗമമായിരുന്നില്ല. കാമറൂൺ ബാൻക്രോഫ്റ്റും (53) ഡേവിഡ് വാർണറും ചേർന്നു നൽകിയ തുടക്കം മുതലാക്കാൻ തുടർന്നു വന്നവർക്കായില്ല. മൂന്നിന് 108 എന്ന നിലയിൽ നിന്നശേഷമാണ് ബാറ്റിങ് തകർന്നത്. സ്റ്റീവ് സ്മിത്തും(38) ഷോൺ മാർഷും (33) പിടിച്ചുനിന്നെങ്കിലും പിന്തുണ നൽകാൻ ആളുണ്ടായില്ല. മൂന്നു വിക്കറ്റുവീതം നേടിയ മോൺ മോർക്കലും കേശവ് മഹാരാജുമാണ് സന്ദർശകരെ വലച്ചത്. പക്ഷേ ലീഡ് 400നു മുകളിലെത്തിയതോടെ ഓസീസിന് വിജയപ്രതീക്ഷയായി. ദിവസങ്ങൾ കഴിയുന്തോറും സ്പിന്നർമാരോടു കൂടുതൽ കൂറു കാട്ടുന്ന പിച്ച് ഓസീസ് താരം നേഥൻ ലയണിനെ കൂടുതൽ അപകടകാരിയാക്കിയേക്കും.