Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്കറ്റ് വീഴ്ത്തൂ, സിക്സുകൾ അടിക്കൂ: ഓസീസ് ‘സഹ നായകൻ’ ആർച്ചി ഇതാ ഗ്രൗണ്ടിൽ

archie-schiller ബോക്സിങ് ഡേ ടെസ്റ്റിനിടെ ആർച്ചി ഷില്ലെർ

മെൽബൺ∙ ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ താരമായി ഏഴു വയസ്സുകാരന്‍ സഹ നായകൻ ആർച്ചി ഷില്ലെർ. ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഓസീസ് നായകൻ ടിം പെയ്നൊപ്പം സഹ നായകനായി ആർച്ചിയും ടോസിടാൻ ഗ്രൗണ്ടിലെത്തി. ഓസ്ട്രേലിയൻ ടീം സമ്മാനിച്ച ബാഗി ഗ്രീൻ തൊപ്പിയും ധരിച്ചായിരുന്നു സഹ നായകന്റെ ഗ്രൗണ്ടിലേക്കുള്ള വരവ്. ഗാലറിയിൽ ആർച്ചിക്കായി നിറഞ്ഞ കയ്യടികളും മുഴങ്ങിക്കേട്ടു.

സിക്സറുകൾ അടിക്കാനും വിക്കറ്റുകൾ വീഴ്ത്താനുമാണ് ആർച്ചി സഹതാരങ്ങളോടു നിർദേശിച്ചത്. നായകൻ ടിം പെയ്നിനൊപ്പം സഹനായക സ്ഥാനത്തോടെയാണ് ആർച്ചിയെ മൂന്നാം ടെസ്റ്റിനുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയത്. ഗുരുതര രോഗവസ്ഥയിലുള്ള കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിനായി പ്രവർത്തിക്കുന്ന ‘മേക്ക് എ വിഷ് ഫൗണ്ടേഷൻ’ എന്ന സംഘടനയുടെ ശ്രമഫലമായാണ് കടുത്ത ക്രിക്കറ്റ് ആരാധകനായ ആർച്ചി ദേശീയ ടീമിലെത്തുന്നത്.

മൂന്നു മാസം പ്രായമുള്ളപ്പോഴാണ് ആർച്ചിയുടെ ഹൃദയത്തിലെ തകരാർ ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. തുടർന്നു 3 വട്ടം ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 6 വയസിനിടെയുള്ള ഭൂരിഭാഗം സമയവും ആർച്ചി ആശുപത്രിയിലായിരുന്നു. ഒക്ടോബറിൽ പാക്കിസ്ഥാനെതിരെയുള്ള ഓസ്ട്രേലിയയുടെ ടെസ്റ്റ് പര്യടനത്തിനിടെയാണ് ടീമിലെടുത്ത വിവരം ആർച്ചിയെ അറിയിക്കുന്നത്.

അർച്ചിയുടെ അമ്മ സാറയുടെ ഫോണിലേക്ക് ഓസ്ട്രേലിയയുടെ പരിശീലകൻ ജസ്റ്റിൻ ലാംഗർ തന്നെ നേരിട്ടു വിളിച്ചാണു മകനെ ‘ടീമിലെടുത്ത’ വിവരം അറിയിച്ചത്. അഡലെയ്ഡ് ടെസ്റ്റിനു മുൻപ് ഓസീസ് ടീം അംഗങ്ങൾക്കൊപ്പം പരിശീലനം തുടങ്ങിയ ആർച്ചി ഓസീസ് നായകൻ ടിം പെയ്നൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തതിനു ശേഷമാണു മടങ്ങിയത്. ഓസീസ് ഓഫ് സ്പിന്നർ നേഥൻ ലയണിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് ആർച്ചി.

related stories