ത്രിരാഷ്ട്ര ട്വന്റി20യിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്കെതിരെ; ആശങ്കയായി രോഹിതിന്റെ ഫോം

യുസ്‌വന്ദ്ര ചാഹൽ പരിശീലനത്തിനിടെ

കൊളംബോ ∙ ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിലെ ആദ്യ മൽസരത്തിലെ തോൽവിക്കു ശ്രീലങ്കയോടു പകരം വീട്ടാൻ ഇന്ന് ഇന്ത്യ തയാറെടുക്കുമ്പോൾ ഏറ്റവും വലിയ ആശങ്ക നായകൻ രോഹിത് ശർമയുടെ ഫോം തന്നെ. ഇന്ത്യയുടെ സ്ഥിരം നായകൻ വിരാട് കോഹ്‌ലി കഴിഞ്ഞാൽ വെള്ളപ്പന്തിൽ റൺസ് കൊയ്ത്തിനു മികവുള്ള താൽക്കാലിക നായകൻ പക്ഷേ, ദക്ഷിണാഫ്രിക്കൻ പരമ്പര മുതൽ ഫോം മങ്ങിയ നിലയിലാണ്. ബംഗ്ലദേശിനെതിരെ രണ്ടാം മൽസരത്തിൽ ജയിച്ച ശേഷം വീണ്ടും ലങ്കയ്ക്കെതിരെ കളത്തിലിറങ്ങുന്ന ഇന്ത്യയുടെ ജയത്തിനൊപ്പം തന്റെ മടങ്ങിവരവു കൂടിയാവും രോഹിത് ലക്ഷ്യമിടുന്നത്. 

പ്രതീക്ഷിച്ച മികവു കൈവരിക്കാത്ത മറ്റൊരു താരം ഋഷഭ് പന്ത് ആണ്. മഹേന്ദ്ര സിങ് ധോണിക്കു പിൻഗാമിയായെത്തുന്ന പ്രതിഭാ സമ്പന്നൻ എന്ന വിശേഷണത്തോടെയാണ് ആഭ്യന്തര ക്രിക്കറ്റിൽ പന്ത് തിളങ്ങുന്നതെങ്കിലും രാജ്യാന്തര ക്രിക്കറ്റിന്റെ പിച്ചിൽ കാലിടറുന്നു. കെ.എൽ.രാഹുലിനെപ്പോലൊരു താരം ടീമിലുള്ളപ്പോൾ പന്തിനു ഫോമിലെത്താൻ വീണ്ടുമൊരു അവസരം ലഭിക്കുമോയെന്ന കാര്യത്തിൽപ്പോലും സംശയമുണ്ട്. രാഹുലിനെ ഓപ്പണറാക്കി രോഹിത്തിനു നാലാം സ്ഥാനത്തു കളിക്കാനുള്ള അവസരവുമുണ്ട്. 

ടൂർണമെന്റിൽ ഇന്ത്യയുടെ രണ്ടാംനിരയുടെ തുടക്കം ഒട്ടും നന്നായില്ല. ലങ്കയ്ക്കെതിരെ അഞ്ചു വിക്കറ്റിനു തോറ്റ ഇന്ത്യ രണ്ടാം മൽസരത്തിൽ ബംഗ്ലദേശിനെതിരെ ആറു വിക്കറ്റ് വിജയത്തോടെ തിരിച്ചെത്തി. പിഴവുകൾക്കു പരിഹാരം കണ്ടു വിജയവഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാവും ടീം ഇന്ത്യ. മൂന്നു ടീമുകളും തുല്യനിലയിലാണിപ്പോൾ. രണ്ടു മൽസരങ്ങളിൽ നിന്ന് മൂന്നു ടീമുകൾക്കും ഓരോ ജയം. എന്നാൽ നെറ്റ് റൺറേറ്റിൽ ശ്രീലങ്കയാണു മുന്നിൽ. ഇന്നു ജയിക്കാനായാൽ ഇന്ത്യയ്ക്കു പോയിന്റ് പട്ടികയിൽ മുന്നിലെത്താം. 

ശിഖർ ധവാന്റെ സൂപ്പർ ഫോം ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നു. ശ്രീലങ്കയ്ക്കെതിരെ 49 പന്തുകളിൽ 90 റൺസടിച്ച ധവാൻ ബംഗ്ലദേശിനെതിരെ 43 പന്തുകളിൽ 55 റൺസെടുത്തു. 

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിൽ മോശം ഫോമിലായിരുന്ന ധവാൻ പിന്നീട് താളം കണ്ടെത്തി. കഴിഞ്ഞ അഞ്ച് ട്വന്റി20 മൽസരങ്ങളിൽ ധവാന്റെ സ്കോർ ഇങ്ങനെ: 55, 90, 47, 24, 72. കഴിഞ്ഞ അഞ്ചു മൽസരങ്ങളിൽ രോഹിത് ശർമയുടെ സ്കോർ ഫോമില്ലായ്മയുടെ തെളിവുമാണ്–17, 0, 11, 0, 21. 

ബംഗ്ലദേശിനെതിരെ ആദ്യം ബാറ്റു ചെയ്ത് 214 റൺസിന്റെ വമ്പൻ സ്കോർ നേടിയിട്ടും തോൽവി നേരിടേണ്ടി വന്നതു ശ്രീലങ്കയെ നിരാശപ്പെടുത്തുന്നുണ്ടാവും. മുഷ്ഫിഖ്വർ റഹിം 35 പന്തുകളിൽ നേടിയ 72 റൺസിന്റെ കരുത്തിലായിരുന്നു 19.4 ഓവറിൽ അഞ്ച് വിക്കറ്റിന് ബംഗ്ലദേശിന്റെ വീരവിജയം.