Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക ക്രിക്കറ്റിനെ നാണംകെടുത്തി ഓസ്ട്രേലിയ

bancroft

‌കേപ്ടൗൺ (ദക്ഷിണാഫ്രിക്ക )∙ ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് മൽസരത്തിനിടെ പന്തിൽ കൃത്രിമം കാട്ടി ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തി‍ൽ കൃത്രിമം കാട്ടിയതു വിവാദമായതോടെ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും സ്ഥാനം രാജിവച്ചു. 

ശനിയാഴ്ച ഫീൽഡിങ്ങിനിടെ ഓസ്ട്രേലിയൻ താരം കാമറൺ ബാൻക്രോഫ്റ്റാണു പോക്കറ്റിൽ കരുതിയ മഞ്ഞനിറത്തിലുള്ള ടേപ് ഉപയോഗിച്ചു പന്തിന്റെ മിനുസം നഷ്ടപ്പെടുത്തിയത്. ടിവി ചാനലുകളിൽ ദൃശ്യം വന്നതോടെ ക്രിക്കറ്റ് ലോകം പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഓസ്ട്രേലിയ സർക്കാർ രാജി ആവശ്യപ്പെടുകയായിരുന്നു. വിക്കറ്റ് കീപ്പർ ടിം പെയ്ൻ തുടർന്നുള്ള മൽസരങ്ങളിൽ ടീമിനെ നയിക്കും. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ആസൂത്രിതമായി ഇത്തരമൊരു നീക്കം നടക്കുന്നത്. 

മൽസരശേഷം ബാൻക്രോഫ്റ്റുമൊന്നിച്ച് പത്രസമ്മേളനത്തിനെത്തിയ സ്മിത്ത് തെറ്റു സംഭവിച്ചുവെന്നും മൽസരം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ നടത്തിയ ‘അറ്റകൈ’ പ്രയോഗമായിരുന്നു അതെന്നും തുറന്നു സമ്മതിച്ചു. സീനിയർ താരങ്ങളുടെ അറിവോടെയാണ് ഇതു നടത്തിയതെന്നുകൂടി വെളിപ്പെടുത്തിയതോടെ ഓസ്ട്രേലിയൻ ടീമിനെതിരെ പ്രതിഷേധം ശക്തമായി. 

രാജിവയ്ക്കില്ലെന്നാണു സ്മിത്ത് ആദ്യമറിയിച്ചത്. എന്നാൽ പ്രധാനമന്ത്രി മാൽകം ടേൺബുള്ളും സ്പോർട്സ് കമ്മിഷൻ മേധാവി കെയ്റ്റ് പാൽമറും വിമർശനവുമായി എത്തിയതോടെ ക്രിക്കറ്റ് ഓസ്ട്രേലിയ ഇരുവരുടെയും രാജി ആവശ്യപ്പെട്ടു. ഐസിസി സ്റ്റീവ് സ്മിത്തിന് ഒരു മൽസരത്തിൽ വിലക്കും മാച്ച് ഫീസിന്റെ 100% പിഴയും ഏർപ്പെടുത്തി. ബാൻക്രോഫ്റ്റ് മാച്ച് ഫീയുടെ 75% പിഴയടയ്ക്കണം. ഇത്രയൊക്കെ ചെയ്തിട്ടും നാലാം ദിനം 107 റൺസിനു പുറത്തായ ഓസ്ട്രേലിയ 322 റൺസിനു തോറ്റു.

related stories