വിരാട് കോഹ്‌ലി, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവർക്കൊപ്പം ആധുനിക ക്രിക്കറ്റിന്റെ അതിരുകാക്കുന്നവരിലൊരാളായി ന്യൂസീലൻഡ് ക്രിക്കറ്റ് ഇതിഹാസം മാർട്ടിൻ ക്രോ വാഴ്ത്തിയവരിലൊരാൾ– ബാറ്റിങ്ങിൽ സ്റ്റീവ് സ്മിത്തിന്റെ മികവിനെക്കുറിച്ച് ആർക്കും സംശയമുണ്ടാകില്ല. പക്ഷേ അലൻ ബോർഡർ, മാർക് ടെയ്‌ലർ, സ്റ്റീവ് വോ തുടങ്ങിയ മഹാരഥർ ഇരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു സ്റ്റീവ് സ്മിത്ത് എന്ന ഇരുപത്തെട്ടുകാരന്റെ ഇരിപ്പ് ഒരിക്കലും ഉറച്ചതായിരുന്നില്ല. സ്മിത്തിന്റെ ഈ ചഞ്ചല മനസ്സ് തെളിയിക്കുന്ന ഒടുവിലത്തെ അധ്യായമാകുന്നു ഇപ്പോഴത്തെ വിവാദവും.
മൈക്കൽ ക്ലാർക്കിനു പകരക്കാരനായി 2014ൽ സ്മിത്ത് ഇടക്കാല ക്യാപ്റ്റനായപ്പോൾത്തന്നെ ഓസ്ട്രേലിയൻ ക്രിക്കറ്റിൽ പ്രതിഭാദാരിദ്ര്യമാണോ എന്നു നെറ്റിചുളിച്ചിരുന്നു പലരും. ഫീൽഡിങ്ങിൽ മാത്രമേ സ്മിത്തിനെ ക്യാപ്റ്റനാക്കാൻ കൊള്ളൂ എന്ന് ഒരു അഭിപ്രായം. എന്നാൽ ഇന്ത്യയ്ക്കെതിരെയുള്ള ആ പരമ്പര സ്മിത്തിന്റെ തലവര മാറ്റി.
തുടർച്ചയായ നാലു ടെസ്റ്റുകളിൽ സെഞ്ചുറി നേടി ഡോൺ ബ്രാഡ്മാനു പിന്നിൽ രണ്ടാമൻമാരിലൊരാളായി. ഇന്ത്യയ്ക്കെതിരെ അടുത്ത പരമ്പരയിൽ 769 റൺസ് സ്കോർ ചെയ്ത് ബ്രാഡ്മാന്റെ മറ്റൊരു റെക്കോർഡ് മറികടന്നു. സ്മിത്ത് കൊള്ളാം എന്നു ക്രിക്കറ്റ് ലോകത്തിനു തോന്നിത്തുടങ്ങി. 2015 ആഷസ് പരമ്പര സ്മിത്തിന്റെ പട്ടാഭിഷേകമായിരുന്നു. ലോർഡ്സിലെ രണ്ടാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറി. ഏറ്റവും കൂടുതൽ റൺസ്. പരമ്പരയ്ക്കുശേഷം ക്ലാർക്ക് വിരമിച്ചതോടെ ലോകത്തെ ഒന്നാം നമ്പർ ടീമിന്റെ സ്ഥിരം ക്യാപ്റ്റൻ.
ബാറ്റിങ് മികവിൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തിയെങ്കിലും അതിനുശേഷം വിവാദങ്ങൾ ഇടയ്ക്കിടെ സ്മിത്തിനു കൂട്ടായെത്തി. കഴിഞ്ഞവർഷം ഇന്ത്യയ്ക്കെതിരെ പരമ്പരയിലായിരുന്നു അതിലേറ്റവും വാർത്താ പ്രാധാന്യം നേടിയത്. ഔട്ടായതിനുശേഷം ഡിആർഎസ് ആവശ്യപ്പെടണോ എന്നറിയുന്നതിനായി സ്മിത്ത് പ്ലെയേഴ്സ് ബാൽക്കണിയിലേക്കു നോക്കിയതു വൻവിവാദമായി.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും സ്മിത്തും പരസ്യമായി ഇടഞ്ഞ സംഭവംകൂടിയായിരുന്നു അത്. അതിനു മുൻപും ശേഷവും പിച്ചിൽ എതിർകളിക്കാരുമായി ഉരസിയ സംഭവങ്ങൾ പലതുണ്ട് സ്മിത്തിന്റെപേരിൽ. മുൻപ് ഇംഗ്ലണ്ട് ബോളർ ജയിംസ് ആൻഡേഴ്സണുമായും ഇപ്പോൾ നടക്കുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ ബോളർ കാഗിസോ റബാദയുമായും തോളുരസിയിരുന്നു സ്മിത്ത്. 2016ൽ ന്യൂസീലൻഡിനെതിരെ ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ അംപയർമാരുടെ തീരുമാനത്തിൽ പ്രതിഷേധിച്ചതിനു പിഴയും ലഭിച്ചു.
ഓസ്ട്രേലിയൻ ടീമിനുനേരെ കൂക്കുവിളി
കേപ്ടൗൺ ∙ ടിം പെയ്നിന്റെ നേതൃത്വത്തിൽ നാലാംദിനം കളത്തിലിറങ്ങിയ ഓസ്ട്രേലിയൻ ടീമിനെ ദക്ഷിണാഫ്രിക്കൻ കാണികൾ വരവേറ്റത് കൂക്കുവിളികളോടെ.
ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നെങ്കിലും കാണികളുടെ എണ്ണത്തിലും വൻകുറവുണ്ടായി. ഓസ്ട്രേലിയക്കാരാണ് കൂടുതലും കളി ബഹിഷ്ക്കരിച്ചത്. വാർണറുടെയും സ്മിത്തിന്റെയും ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞപ്പോഴെല്ലാം കാണികൾ പ്രതിഷേധമുയർത്തി.