Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്തു ചുരണ്ടി വിവാദത്തിലേക്ക്; ഓസ്ട്രേലിയയെ നാണം കെടുത്തിയ സംഭവം ഇങ്ങനെ - വിഡിയോ

Bancroft-Smith ബാൻക്രോഫ്റ്റും സ്മിത്തും വാർത്താ സമ്മേളനത്തിനിടെ. (ഐസിസി ട്വിറ്റർ)

കേപ്ടൗൺ∙ ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഉയർന്ന പന്ത് ചുരണ്ടല്‍ വിവാദം ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുകയാണ്. പന്തിൽ തിരിമറി നടത്തിയതായി ഓപ്പണിങ് ബാറ്റ്സ്മാൻ കൂടിയായ കാമറൂൺ ബാൻക്രോഫ്റ്റും, ഇതിന് തന്റെയും ടീമിലെ മുതിർന്ന താരങ്ങളുടെയും സമ്മതമുണ്ടായിരുന്നെന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും നടത്തിയ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ആരാധകർ കേട്ടത്. സ്മിത്ത് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടീം രാജ്യത്തെ ചതിച്ചെന്ന വികാരമാണ് ആരാധകർ പങ്കുവയ്ക്കുന്നത്.

പന്തിൽ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട സംഭവം ഇങ്ങനെ:

നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കായാണ് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയിലെത്തിയത്. ആദ്യ രണ്ടു ടെസ്റ്റുകളിൽ ഇരു ടീമുകളും ജയിച്ചതോടെ മൂന്നാം ടെസ്റ്റ് വിജയിച്ച് ലീഡ് നേടാനുള്ള ശ്രമത്തിലാണ് ടീമുകൾ. ഒന്നാം ഇന്നിങ്സിൽ 311 റൺസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് 255 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 56 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.

രണ്ടാം ഇന്നിങ്സിൽ സ്കോർ 28ൽ നിൽക്കെ ഡീൻ എൽഗർ പുറത്തായെങ്കിലും ഹാഷിം അംലയുടെയും എയ്ഡൻ മർക്രത്തിന്റെയും നേതൃത്വത്തിൽ ആതിഥേയർ തിരിച്ചടിച്ചു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിലായിരുന്നു ആതിഥേയർ. മർക്രം 36 റൺസോടെയും അംല 15 റൺസോടെയും ക്രീസിൽ. ദക്ഷിണാഫ്രിക്കയുടെ ലീഡാകട്ടെ 121 റൺസും.

പിച്ചിൽനിന്നോ പന്തിൽനിന്നോ കാര്യമായ പിന്തുണയൊന്നും ലഭിക്കാതായതോടെയാണ് ഓസ്ട്രേലിയൻ ടീം പന്തിൽ തിരിമറി കാട്ടാൻ തീരുമാനിച്ചത്. ക്യാപ്റ്റനെന്ന നിലയിൽ സ്റ്റീവ് സ്മിത്തും അദ്ദേഹത്തിന്റെ ഭാഷയിൽ ടീമിലെ ‘ലീഡർഷിപ് ഗ്രൂപ്പും’ ചേർന്നാണ് കൃത്രിമം കാട്ടാമെന്ന് തീരുമാനിച്ചത്. ടീമിലെ മുതിർന്ന താരങ്ങൾ ഉൾപ്പെട്ട ‘ലീഡർഷിപ് ഗ്രൂപ്പ്’ എന്നല്ലാതെ ആരൊക്കെയാണ് അതിലെ അംഗങ്ങൾ എന്ന് സ്മിത്ത് വെളിപ്പെടുത്തിയില്ല. പന്തു ചുരണ്ടി റിവേഴ്സ് സ്വിങ് കണ്ടെത്താനായിരുന്നു ശ്രമം. ഇതേക്കുറിച്ച് പരിശീലക സംഘത്തിലെ ആർക്കും അറിവുണ്ടായിരുന്നില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടാനായിരുന്നു തീരുമാനം. ഇതിനു നിയോഗിച്ചത് ടീമിലെ ഓപ്പണിങ് ബാറ്റ്സ്മാൻ കൂടിയായ കാമറൂൺ ബാൻക്രോഫ്റ്റിനെ. എട്ടാമത്തെ മാത്രം രാജ്യാന്തരര ടെസ്റ്റ് കളിക്കുന്ന ബാൻക്രോഫ്റ്റ് സാൻഡ് പേപ്പർ വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചാണ് ‘പദ്ധതി നടപ്പാക്കിയത്’. ഓസ്ട്രേലിയൻ ടീമിലെ അത്ര ശ്രദ്ധിക്കപ്പെടുന്ന താരമല്ലാത്തതിനാൽ മാധ്യമ ശ്രദ്ധയോ ക്യാമറയോ ബാൻക്രോഫ്റ്റിനു നേരെ തിരിയില്ലെന്ന ധാരണയിലാണ് അദ്ദേഹത്തെ ദൗത്യം ഏൽപ്പിച്ചത്.

പന്തു കയ്യിൽ കിട്ടിയപ്പോഴൊക്കെ സാൻഡ് പേപ്പർ ഉപയോഗിച്ച് ചുരണ്ടാൻ ശ്രമിച്ച ബാൻക്രോഫ്റ്റ് ഒടുവിൽ ക്യാമറക്കണ്ണുകളിൽ െപടുകയായിരുന്നു. അസാധാരണമായ രീതിയിൽ ബാൻക്രോഫ്റ്റ് ‘എന്തോ’ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ടിവി ക്യാമറാമാൻമാർ ഈ ദൃശ്യം മൊത്തം പകർത്തി. പിന്നീട് സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ ഇതു വ്യക്തമായി പ്രദർശിപ്പിച്ചു. പന്തു ചുരണ്ടാൻ ഉപയോഗിച്ച സാൻഡ് പേപ്പർ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ബാന്‍ക്രോഫ്റ്റും സ്ക്രീനിൽ തെളിഞ്ഞു. ബാൻക്രോഫ്റ്റ് പന്തു ചുരണ്ടുന്നതിന്റെ വിദൂര ദൃശ്യവും ക്ലോസ് അപ്പും സ്ക്രീനിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടതോടെ സംഭവം അംപയർമാരുടെ ശ്രദ്ധയിലുമെത്തി.

പന്തു ചുരണ്ടുന്ന വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മൽസരശേഷമുള്ള ന്യൂസ് കോൺഫറൻസിൽ പന്തിൽ കൃത്രിമം കാട്ടിയ കാര്യം ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് സമ്മതിച്ചു. പന്തിൽ കൃത്രിമം കാട്ടിയ കാര്യം അംപയർമാർക്കു മുന്നിലും സമ്മതിച്ചിരുന്നതായി കാമറൂൺ ബാൻക്രോഫ്റ്റും സമ്മതിച്ചു. ഈ മൽസരം വളരെയേറെ പ്രാധാന്യമുള്ളതായതിനലാണ് ‘എന്തെങ്കിലും ഗുണം ലഭിക്കുമെന്ന’ പ്രതീക്ഷയിൽ പന്തു ചുരണ്ടിയതെന്നും സ്മിത്ത് ഏറ്റു പറഞ്ഞു.

എന്നാൽ, സംഭവത്തിനെതിരെ കടുത്ത വിമർശനവുമായി ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയതോടെ ഓസീസ് ടീം പ്രതിരോധത്തിലായി. ഓസ്ട്രേലിയൻ ടീം രാജ്യത്തെ ചതിച്ചുവെന്ന വികാരമാണ് ആരാധകരും മുൻ താരങ്ങളും പങ്കുവച്ചത്. പ്രശ്നത്തിൽ ഇടപെട്ട ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യുട്ടിവ് ജയിംസ് സൂതൽലാൻഡ് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയെങ്കിലും സ്മിത്തനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ വിസമ്മതിച്ചു.

ഇതിനു പിന്നാലെ രാജ്യത്തിനു നാണക്കേടുണ്ടാക്കിയ സംഭവത്തെക്കുറിച്ച് പ്രതികരണവുമായി ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുൾ രംഗത്തെത്തിയതോടെ വിവാദം കനത്തു. പന്തു ചുരണ്ടൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഓസ്ട്രേലിയൻ സർക്കാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും പുറത്താക്കണമെന്നും ഓസ്ട്രേലിയൻ സ്പോർട്സ് കമ്മിഷൻ (എഎസ്‌സി) ചെയർമാൻ ജോൺ വിലീ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അടുത്ത നടപടിയെന്താകുമെന്ന ആകാംക്ഷയിലാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികൾ.

related stories